|    Aug 20 Sun, 2017 9:00 pm
FLASH NEWS

അയര്‍ക്കുന്നത്ത് ഉറങ്ങിക്കിടന്നവരെ ആക്രമിച്ച് മോഷണ പരമ്പര : മൂന്നു പേര്‍ക്ക് പരിക്ക്; നാലര പവന്‍ കവര്‍ന്നു

Published : 7th June 2017 | Posted By: fsq

 

കോട്ടയം: അയര്‍ക്കുന്നം നീറിക്കാട് മൂന്നു വീടുകളില്‍ മോഷണ പരമ്പര. അടിവസ്ത്രം മാത്രം ധരിച്ച് മാരകായുധങ്ങളുമായി എത്തിയ മോഷ്ടാക്കള്‍ വീടുകളില്‍ അതിക്രമിച്ചു കയറി വീട്ടുകാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മോഷ്ടാക്കള്‍ വീട്ടുകാരെ അടിച്ചുവീഴ്ത്തിയ ശേഷം രണ്ടു വീടുകളില്‍ മോഷണം നടത്തി. രണ്ടു വീട്ടില്‍ നിന്നായി നാലര പവന്റെ സ്വര്‍ണമാലയും സംഘം കവര്‍ന്നു. ആക്രമണത്തിനിടെ വെട്ടേറ്റ വീട്ടമ്മ അടക്കം മൂന്നുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സ തേടി. മോഷണത്തിന് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ആണെന്ന് സംശയിക്കുന്നു.സംഭവത്തില്‍ രണ്ടു തമിഴ്‌നാട് സ്വദേശികളെ അയര്‍ക്കുന്നം പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു. അയര്‍ക്കുന്നം നീറിക്കാട് അയ്യങ്കോവില്‍ മഹാദേവക്ഷേത്രത്തിനു സമീപം തെക്കേച്ചാലയ്ക്കല്‍ അമ്മനത്ത് റോയി (45), ഭാര്യ ഡെയ്‌സി (38), ഇടപ്പള്ളി കുഞ്ഞ് (50), ഭാര്യ ശോഭ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ഡെയ്‌സിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. നീറിക്കാട് ഇലവുങ്കല്‍ മോഹനന്റെ വീടിന്റെ വാതില്‍ തകര്‍ത്തെങ്കിലും ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ രക്ഷപെട്ടു. നീറിക്കാട് അയ്യങ്കോവില്‍ മഹാദേവക്ഷേത്രത്തിന്റെ പരിസരത്തെ 400മീറ്റര്‍ ചുറ്റളവില്‍ ഇന്നലെ രാത്രി 12.30 മുതലായിരുന്നു മോഷണ പരമ്പര അരങ്ങേറിയത്. ആദ്യം തെക്കേച്ചാലയ്ക്കല്‍ അമ്മനത്തു വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. ഈ സമയം വീട്ടുകാര്‍ നല്ല ഉറക്കത്തിലായിരുന്നു. വീടിന്റെ കിടപ്പുമുറിയിലെത്തിയ മോഷ്ടാക്കള്‍ റോയിയുടെ ഭാര്യ ഡെയ്‌സിയുടെ കഴുത്തില്‍ കിടന്ന മൂന്നു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്തു. മാല പൊട്ടിക്കുന്നതറിഞ്ഞ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് മോഷ്ടാക്കളെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഡെയ്‌സിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ മോഷ്ടാക്കള്‍ കൈയില്‍ കിടന്ന വള ഊരിയെടുക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന റോയിയെ സംഘത്തിലെ ഒരാള്‍ തലയ്ക്കടിച്ചു വീഴ്ത്തി. ഇരുമ്പു കമ്പി ഉപയോഗിച്ചു വീണ്ടും തലയില്‍ അടിച്ചെങ്കിലും, കൈ ഉപയോഗിച്ച് അടി തടഞ്ഞതിനാല്‍ കൈയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വള ഊരിയെടുക്കാനുള്ള ശ്രമം പ്രതിരോധിച്ച ഡെയ്‌സിയുടെ മുഖത്ത് ഇടിച്ചു വീഴ്ത്തിയ ശേഷം മോഷ്ടാക്കള്‍ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ ഇരുവരും പോലിസില്‍ വിവരം അറിയിച്ച ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. ഇവര്‍ ആശുപത്രിയിലേയ്ക്കു പോയി അരമണിക്കൂറിനു ശേഷമാണ് ഇടപ്പള്ളി കുഞ്ഞിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. കുഞ്ഞിന്റെ വീടിന്റെ വാതില്‍ പൊളിച്ച് ഉള്ളില്‍ കടന്ന സംഘം കുഞ്ഞിന്റെ ഭാര്യയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞ കുഞ്ഞിനെ അടിച്ചു വീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് നിലത്തു വീണ കുഞ്ഞിനെ നിലത്തിട്ടു ചവിട്ടിയ സംഘം മാലയുമായി രക്ഷപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞിനെ പുലര്‍ച്ചെയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 മിനിറ്റിനു ശേഷം ഇതിനു തൊട്ടടുത്തുള്ള ഇലവുങ്കല്‍ മോഹനന്റെ വീടിന്റെ അടുക്കള വാതില്‍ സംഘം തല്ലിത്തകര്‍ത്തു. മോഹനന്റെ വീടിന്റെ പിന്നിലിരുന്ന അരകല്ലിന്‍ പിള്ള ഉപയോഗിച്ചാണ് സംഘം വാതില്‍ തകര്‍ത്തത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു ലെറ്റിട്ടതോടെ മോഷ്ടാക്കള്‍ ഇവിടെ നിന്നു രക്ഷപ്പെട്ടു. അടിവസ്ത്രം മാത്രം ധരിച്ച് കൈയില്‍ മാരകായുധങ്ങളുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നു ആക്രമണത്തിനിരയായവര്‍ പോലിസിനു മൊഴി നല്‍കി. മൂന്നു വീട്ടിലും കയറിയത് ഒരേ സംഘമായിരുന്നു. സംഘത്തില്‍ മൂന്നു പേരുണ്ടെന്നു സംശയിക്കുന്നതായും പോലിസ് പറഞ്ഞു. ഡിവൈഎസ്പി സക്കറിയ മാത്യു, ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ ചുമതല വഹിക്കുന്ന എഎസ്പി ചൈത്ര തെരേസ ജോണ്‍, ഈസ്റ്റ് സിഐ അനീഷ് വി കോര, എസ്‌ഐ എം ജെ അരുണ്‍, യു ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സൈന്റിഫിക് എക്‌സ് പേര്‍ട്ട് സംഘവും സ്ഥലത്ത പരിശോധന നടത്തി. സംഭവത്തില്‍ അയര്‍ക്കുന്നം പോലിസ് കേസെടുത്തു. റോയിയുടെ നെറ്റിക്കാണ് പരിക്കേറ്റത്. കുഞ്ഞിന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക