|    Jul 21 Fri, 2017 4:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മാറ്റി ; ഭിന്നതയെന്നു സൂചന

Published : 14th July 2017 | Posted By: fsq

 

കൊച്ചി: താരസംഘടനയായ അമ്മയുടെ ഇന്നു ചേരാനിരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം മാറ്റിവച്ചു. പ്രസിഡന്റ് ഇന്നസെന്റ് ഇപ്പോഴും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ അമ്മയില്‍ നിന്നു കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.  അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്നായിരുന്നു തീരുമാനമെടുത്തത്. പ്രസിഡന്റ് ഇന്നസെന്റ് അടക്കം  പല അംഗങ്ങളും അന്ന് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് യോഗം ചേര്‍ന്ന് വിഷയം വിശദമായി ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചത്.  അതേസമയം, ദിലീപിനെ പുറത്താക്കിയ നടപടിക്കെതിരേ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ടെന്നാണ് വിവരം. കോടതിവിധി വരും വരെ ദിലീപിനെ സംഘടനയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും കോടതി ശിക്ഷിച്ചാല്‍ മാത്രം പുറത്താക്കല്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കുകയുമായിരുന്നു വേണ്ടതെന്നാണ് ഇവര്‍ വാദിക്കുന്നത്. ഇതിനിടയില്‍ ദിലീപ് വഹിച്ചിരുന്ന ഖജാഞ്ചി സ്ഥാനത്തേക്ക് ആരെ നിയോഗിക്കണമെന്നതു സംബന്ധിച്ചും അമ്മയില്‍ തര്‍ക്കമുണ്ടെന്നാണ് അറിയുന്നത്. ദിലീപിനു പകരം സിദ്ദീഖിനെ തല്‍സ്ഥാനത്ത് കൊണ്ടുവരണമെന്നാണ് ഒരുവിഭാഗം താല്‍പ്പര്യപ്പെടുന്നത്. ഇക്കാര്യങ്ങളിലെല്ലാം ധാരണയിലെത്തിയശേഷമേ യോഗത്തിന് സാധ്യതയുള്ളൂവെന്നും സൂചനയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക