|    Sep 26 Wed, 2018 1:15 am
FLASH NEWS
Home   >  Editpage  >  Lead Article  >  

അമ്മാ… തായേ… ഒരു അവാര്‍ഡ് തായോ… !

Published : 25th December 2017 | Posted By: kasim kzm

വെട്ടും തിരുത്തും   – പി എ എം ഹനീഫ്

അവാര്‍ഡുകള്‍, പത്മ ബഹുമതികള്‍ ഒക്കെ സംഘടനകള്‍, വ്യക്തികള്‍, ഭരണകൂടം താന്താങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള ‘ഒരു ജാതി’ സാധനങ്ങളാണ്. നൊബേല്‍ സമ്മാനം തൊട്ട് കോഴിക്കോട്ടെ ഒരു വ്യക്തി നല്‍കുന്ന എസ് കെ പൊറ്റെക്കാട്ട് അവാര്‍ഡ് വരെ ഇതാണു സ്ഥിതി.
ഇന്ത്യയില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എന്നാല്‍ നെഹ്‌റു യുഗം തൊട്ടേ വിവാദങ്ങളിലാണ്. വള്ളത്തോളിന്റെ കെ എം പണിക്കര്‍ കത്തിടപാടുകള്‍ പരിശോധിച്ചാല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന്റെ പൊള്ളത്തരങ്ങള്‍ വ്യക്തമാവും. ചെന്നൈയില്‍ നിന്ന് ഇതിനിടെ നല്ലൊരു വാര്‍ത്ത. തമിഴ് കവി ഇങ്ക്വിലാബിന്റെ (ഷാഹുല്‍ ഹമീദ്) മകള്‍ ഡോക്ടര്‍ ആമിന ഉപ്പയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പ്രഖ്യാപിച്ച അവാര്‍ഡ് നിഷേധിച്ചിരിക്കുന്നു. ആമിനയുടെ നിഷേധത്തിലൂടെ വ്യക്തമാവുന്നത് മര്‍ഹൂം ഷാഹുല്‍ ഹമീദിന്റെ നട്ടെല്ലിന്റെ ബലമാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കവി സച്ചിദാനന്ദന്‍, കഥാകൃത്ത് പി കെ പാറക്കടവ് തുടങ്ങിയവര്‍ കേന്ദ്ര അക്കാദമി എന്നാല്‍ രോമാഞ്ചകഞ്ചുകത്തിനുള്ള വകയല്ലെന്നും സംഘപരിവാര പ്രഭൃതികളുടെ ആസുര ഭരണനാളുകളില്‍ കേന്ദ്ര സാഹിത്യ അക്കാദമി നല്‍കുന്നതെന്തും കേവലം പുല്ലും പിണ്ണാക്കും മാത്രമാണെന്നും ധ്വനിപ്പിച്ച് സ്ഥാനം ത്യജിച്ചു. അഭിമാനം തോന്നിയ കാര്യമായിരുന്നു അത്. ഇങ്ക്വിലാബ് എന്ന ഷാഹുല്‍ ഹമീദിന്റെ മകള്‍ ആമിനയോടും ആദരവു തോന്നുന്നു. ഭരണകൂടം കാളകൂടവിഷം പ്രസരിപ്പിക്കുകയും തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ തല്ലിക്കൊല്ലുകയും ചെയ്യുമ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി പോലുള്ള ദമ്പിടി വിതരണക്കാരെ വര്‍ജിക്കാന്‍ ആണത്തം വേണം.
ഇപ്പോള്‍ കേരളത്തില്‍ ഈ കേന്ദ്ര ബഹുമതിക്ക് എഴുത്തുകാര്‍ നെട്ടോട്ടമാണ്. നാണം കെട്ടും ക്യൂവില്‍ തള്ളിനില്‍ക്കും. ശ്രീധരന്‍ പിള്ള, രമേശ് എന്നീ സംഘി അനുകൂലികളും കേന്ദ്രഭരണ വേതാളങ്ങളും പാര്‍ക്കുന്നിടത്തൊക്കെ ചെന്ന് സാഷ്ടാംഗം നമസ്‌കരിക്കുകയും കേന്ദ്ര സാഹിത്യം ഉറപ്പിക്കുകയും ചെയ്യുന്നത് തികച്ചും നാണംകെട്ട നാലാംകിട ഏര്‍പ്പാടാണ്. കാലുതിരുമ്മി അവാര്‍ഡ് സ്വീകരിച്ചിട്ട് ‘ഈ ആസുരകാലത്ത് അവര്‍ തരുന്നത് വാങ്ങുന്നതിലുമുണ്ട് പ്രതിരോധത്തിന്റെ രാഷ്ട്രീയം’ എന്നൊക്കെ പിച്ചും പേയും പറഞ്ഞ് അതു സ്വീകരിച്ച് ദിനപത്രങ്ങളില്‍ ബോക്‌സ് ഐറ്റം സംഘടിപ്പിക്കുകയും ചെയ്യുന്നത് മിഠായിത്തെരുവുപോലുള്ള നാലാള്‍ കൂടുന്നിടത്തൊക്കെ ‘നാണക്കേട്’ എന്നുതന്നെ വിശേഷിപ്പിക്കപ്പെടുന്നു. കേരള സാഹിത്യ അക്കാദമി തൊട്ട് വയലാര്‍, ദേവരാജന്‍, എസ് കെ പൊറ്റെക്കാട്ട് എന്നിവരുടെയൊക്കെ നാമധേയത്തില്‍ നല്‍കപ്പെടുന്നത് സര്‍ക്കാര്‍വക നായപ്പാത്രങ്ങളിലെ ഉച്ഛിഷ്ടത്തിനു സമാനമായ സാധനങ്ങളാണ്. ബഷീറിനും ഒ വി വിജയനും ലഭിക്കാത്ത ജ്ഞാനപീഠം കൈമലര്‍ത്തി നീട്ടിവാങ്ങുകയും രോമാഞ്ചംകൊള്ളുകയും ചെയ്തവരുടെ നാട്ടില്‍ ഇത്തരം അവാര്‍ഡ് മോഹികളുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകും.
അവാര്‍ഡ് ലഭിച്ചു എന്നവകാശപ്പെടുന്ന ‘പൊത്തകങ്ങള്‍’ സത്യം പറഞ്ഞാല്‍ മൂക്കുപൊത്തിയേ തുറക്കാനാവൂ. സര്‍ഗവൈഭവം എന്നത് അക്ഷരവിരോധികളുടെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ച് അവാര്‍ഡ് വാങ്ങി, കിട്ടി എന്നൊക്കെ അഭിമാനിക്കുന്നവര്‍ കൃത്യമായി പറഞ്ഞാല്‍ ഒരുതരം നാലാംകിട നപുംസകങ്ങളാണ്. ഇന്ത്യയിലെവിടെയുമുണ്ട് ഇത്തരം നപുംസകക്കൂട്ടങ്ങള്‍. കവിതാഗ്രന്ഥം തട്ടിപ്പടച്ചിറക്കിയിട്ട് ഒരു നപുംസകം ഇപ്പോഴേ തുടങ്ങിയിട്ടുണ്ട് അവാര്‍ഡ് തെണ്ടല്‍. നാണക്കേട് എന്നല്ലാതെ ഇതിനെയൊക്കെ വേറെന്തു വിളിക്കാന്‍.                                                       ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss