|    Aug 20 Mon, 2018 7:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം ഇന്ന്‌

Published : 7th August 2018 | Posted By: kasim kzm

കൊച്ചി: താരസംഘടനയായ അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ രണ്ട് അംഗങ്ങള്‍ ഹരജി നല്‍കിയത് സംഘടനയ്ക്കുള്ളില്‍ തന്നെ വിവാദങ്ങള്‍ക്ക് വഴിവച്ച സാഹചര്യത്തിലാണ് യോഗം ഏറെ നിര്‍ണായകമാവുന്നത്. നേരത്തേ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി കത്ത് നല്‍കിയ നടിമാരായ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ക്കു പുറമേ ഷമ്മി തിലകന്‍, ജോയ് മാത്യു എന്നിവരെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
അതിനിടെ, സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ രാജിക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ അമ്മ നിഷേധിച്ചു. ഇന്ന് ഉച്ചക്ക് 2ന് ഹോട്ടല്‍ അബാദ് പ്ലാസയിലാണ് യോഗം. യോഗത്തിനു മുമ്പാണ് അഞ്ച് അംഗങ്ങളുമായി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച നടത്തുന്നത്. അമ്മയുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്ന് രേവതിയും പാര്‍വതിയും പത്മപ്രിയയും അമ്മയുടെ സെക്രട്ടറിയായ ഇടവേള ബാബുവിന് കത്തെഴുതിയിരുന്നു.
ദിലീപിനെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്നും അമ്മയിലെ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാവണമെന്നുമായിരുന്നു കത്തിലെ ആവശ്യം. നടന്‍ തിലകനെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മകനും നടനുമായ ഷമ്മി തിലകന്‍ സംഘടനയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഷമ്മിയെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.
ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നുണ്ടെന്ന നിലപാടിന് കൂടുതല്‍ വ്യക്തത വരുത്താനാണ് കഴിഞ്ഞ ദിവസം ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ഹണി റോസും രചന നാരായണന്‍കുട്ടിയും ഹരജി നല്‍കിയത്. എന്നാല്‍, ആക്രമിക്കപ്പെട്ട നടി ഇതിനെ എതിര്‍ത്ത് രംഗത്തുവന്നതോടെ സംഘടന സമ്മര്‍ദത്തിലായി. സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും എതിര്‍ത്തതോടെ ഹരജി പിന്‍വലിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇന്നത്തെ ചര്‍ച്ചയ്ക്കു ശേഷമാവും ഹരജിയില്‍ എന്തു നിലപാട് സ്വീകരിക്കണമെന്നു തീരുമാനമെടുക്കുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss