|    Jan 19 Thu, 2017 10:40 pm
FLASH NEWS

അമ്മയുടെ കാത്തിരിപ്പ് ഇനിയും നീളും; ശര്‍മിളയുടെ പോരാട്ടം പുതിയ വഴിയില്‍

Published : 11th August 2016 | Posted By: SMR

ഇംഫാല്‍: ഇറോം ശര്‍മിളയുടെ നിരാഹാരം അവസാനിച്ചു. എന്നാല്‍, അവരുടെ 84കാരിയായ അമ്മ ഷാഖിയുടെ കാത്തിരിപ്പ് അവസാനിക്കുന്നില്ല. നിരാഹാരം അവസാനിപ്പിച്ച് മടങ്ങിവരാനല്ല ഷാഖി മകളെ ഉപദേശിച്ചിട്ടുള്ളത്. മറിച്ച്, സമര ലക്ഷ്യം പൂര്‍ത്തീകരിച്ച് തിരിച്ചുവരാനാണ്. വിജയിച്ച് തിരിച്ചുവരുന്ന അന്ന് വീട്ടില്‍ തനിക്കുള്ള ഭക്ഷണം മകളുടെ കൈകൊണ്ട് പാകം ചെയ്തു കഴിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു.
ഒരിക്കല്‍ ആസ്ത്മയെ തുടര്‍ന്ന് അബോധാവസ്ഥയിലായി ജവര്‍ഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശാഖിയെ കാണാന്‍, നിരാഹാര സമരത്തിനിടെ ആരോഗ്യസ്ഥിതി വഷളായതിനെതുടര്‍ന്ന് അതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇറോം ശര്‍മിള രാത്രിയുടെ മറവിലെത്തിയപ്പോള്‍ ഷാഖി മകളോട് നിര്‍ദേശിച്ചത് ഇങ്ങനെയായിരുന്നു. ‘വിജയം നേടിയതിനു ശേഷം എന്നെ കണ്ടാല്‍ മതി. അതിനു ശേഷം നീ വീട്ടില്‍വന്ന് എനിക്കു ഭക്ഷണം തയ്യാറാക്കി നല്‍കുന്നതും കാത്ത് ഞാനിവിടെത്തന്നെയുണ്ടാവും.’
ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടം അവസാനിപ്പിച്ച് സമരത്തിന്റെയും ജീവിതത്തിന്റെയും പുതിയ വഴികളിലേക്ക് മുന്നേറാന്‍ ഇറോം ശര്‍മിള തയ്യാറെടുക്കുമ്പോള്‍ അമ്മയ്ക്കു കൊടുത്ത വാക്ക് പാലിക്കണമെങ്കില്‍ അവര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.
2000 നവംബര്‍ രണ്ടിന് നിരാഹാരം തുടങ്ങിയ ശേഷം നഖങ്ങള്‍ മുറിക്കുകയോ തലമുടി ചീകുകയോ ചെയ്തിട്ടില്ല ഇറോം ശര്‍മിള. ശര്‍മിളയുടെ സമരം നടന്നുവന്ന ഇംഫാല്‍ നഗരത്തിന്റെ അതിര്‍ത്തിയിലെ കോങ്പാന്‍ കോങ്ഖം ലെയ്ക്കായിലെ വസതിയില്‍ ആണ് അമ്മ കഴിഞ്ഞിരുന്നതെങ്കിലും ആ ആശുപത്രി കാഴ്ചയ്ക്കു ശേഷം അമ്മയും മകളും ഇന്നുവരെ നേരിട്ടു കണ്ടിട്ടില്ല.
അഫ്‌സ്പ പിന്‍വലിക്കുന്നതുവരെ വീട്ടില്‍ പോവില്ലെന്നു ശര്‍മിള കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാവാം ഇനി ആശ്രമത്തില്‍ കഴിയുമെന്ന് അവര്‍ പറഞ്ഞത്. ഇറോം ശര്‍മിളയുടെ നിരാഹാരസമരത്തിന്റെ വിജയം കാത്തിരിക്കുകയാണ് അമ്മയെന്ന് മൂത്ത സഹോദരന്‍ സിംഗാജിത്ത് പറഞ്ഞു.
നിരവധി സന്തോഷ അവസരങ്ങള്‍ ത്യജിക്കാന്‍ ശര്‍മിള തയ്യാറായിരുന്നു. മനശ്ശക്തിയും യോഗയുമാണ് ആഹാരമില്ലാതെ 16 വര്‍ഷം അതിജീവിക്കാന്‍ ശര്‍മിളയ്ക്ക് ശക്തി നല്‍കിയതെന്ന് അദ്ദേം പറഞ്ഞു. നിരാഹാരം തുടങ്ങുന്നതിനു രണ്ടുവര്‍ഷം മുമ്പ് മുതല്‍ അവര്‍ യോഗപരിശീലനം ആരംഭിച്ചിരുന്നു.
യോഗ ഫുട്‌ബോള്‍ പോലെയല്ലെന്നും അത് ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് നൂറുവര്‍ഷം വരെ ജീവിക്കാന്‍ കഴിയുമെന്നുമാണ് അവര്‍ തന്റെ ജീവചരിത്രം എഴുതിയ ദീപ്തി പ്രിയ മെഹ്‌റോത്രയോട് പറഞ്ഞത്. ‘ബേണിങ് ബ്രൈറ്റ്’ എന്ന പേരിലാണ് ഇറോം ശര്‍മിളയുടെ ജീവചരിത്രം പുറത്തിറങ്ങിയത്.പിന്തുണച്ചവര്‍  ഉപേക്ഷിച്ചു സുരക്ഷിത താമസസൗകര്യമില്ലാതെ ഉരുക്കുവനിത
ന്യൂഡല്‍ഹി: 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതോടെ സുരക്ഷിതമായ താമസസൗകര്യമില്ലാതെ മണിപ്പൂരി കവയിത്രി ഇറോം ശര്‍മിള. കഴിഞ്ഞ 16 വര്‍ഷം ആശുപത്രിയിലും പോലിസ് കസ്റ്റഡിയിലും മറ്റുമായി കഴിഞ്ഞ ശര്‍മിളയ്ക്ക് സമരം അവസാനിപ്പിച്ചതോടെ സുരക്ഷിതമായി ജീവിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്.
കഴിഞ്ഞ കാലങ്ങളില്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പോലും ഇറോം ശര്‍മിളയ്ക്ക് സുരക്ഷിതമായ താമസ സൗകര്യം നല്‍കാന്‍ തയ്യാറായില്ല. ഇത്രയും കാലം ശര്‍മിളയെ പിന്തുണച്ചിരുന്ന മണിപ്പൂരി സംഘടനകള്‍ നിരാഹാര സമരം പിന്‍വലിക്കുന്നതിനെ എതിര്‍ത്തതും ഇതിനൊരു കാരണമായിട്ടുണ്ട്. ഇംഫാല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിരാഹാര സമരം അവസാനിപ്പിച്ച ശര്‍മിളയ്ക്ക് പിന്നീട് പോകാന്‍ ഇടമില്ലായിരുന്നു. രണ്ടു സ്ഥലത്തേക്ക് അവര്‍ പോയെങ്കിലും അവിടെയൊന്നും താമസസൗകര്യം ലഭിച്ചില്ല. തുടര്‍ന്ന്, പോലിസ് അവരെ ഇംഫാല്‍ സിറ്റി പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
അതിനിടെ, ഇറോം ശര്‍മിളയെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ചു. ദ്രവരൂപത്തിലുള്ള ആഹാരം നല്‍കാനാണു നിര്‍ദേശം. ശര്‍മിള ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. വര്‍ഷങ്ങളായി നിരാഹാരമനുഷ്ടിച്ചതിനാല്‍ ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാന്‍ ഇപ്പോള്‍ സാധിക്കില്ല. ആരോഗ്യം വീണ്ടെടുക്കുന്നതു വരെ ആശുപത്രിയില്‍ തുടരേണ്ടിവരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 149 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക