|    Jun 18 Mon, 2018 7:30 am
FLASH NEWS

അമ്മയും കുഞ്ഞും ആശുപത്രി അനിശ്ചിതത്വത്തില്‍

Published : 5th August 2017 | Posted By: fsq

 

തലശ്ശേരി: ജനകീയ ഫണ്ട് സമാഹരണം നടത്തിയ തലശ്ശേരിയിലെ അമ്മയും കുഞ്ഞും ആശുപത്രി അനിശ്ചിതത്വത്തില്‍. തീരപരിപാലന നിയമത്തിന്റെ(സിആര്‍ഇസെഡ്) പരിധിയില്‍ ഉള്‍പ്പെടുന്ന സ്ഥലമെന്ന കാരണത്താല്‍ കേന്ദ്രാനുമതി ലഭിക്കാന്‍ വൈകുകയാണ്. തലശ്ശേരി നിയോജക മണ്ഡലത്തില്‍ 2700 സ്‌ക്വാഡുകളെ രംഗത്തിറക്കിയാണ് അമ്മയും കുഞ്ഞും ആശുപത്രിക്കു വേണ്ട സ്ഥലമെടുപ്പിനുള്ള ഫണ്ട് കണ്ടെത്തിയത്. 3,40,00,000 രൂപയാണു ജനകീയ യജ്ഞത്തിലൂടെ പിരിച്ചെടുത്തിരുന്നത്. കക്ഷി രാഷട്രീയം മറന്ന് മുഴുവനാളുകളും കൈകോര്‍ത്താണ് ഇത്രയും സംഖ്യ പിരിച്ചിരുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറാണു തലശ്ശേരിയില്‍ അമ്മയും കുഞ്ഞും ആശുപത്രി അനുവദിച്ചിരുന്നത്. സമാഹരിച്ച പണം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, അന്നത്തെ സ്ഥലം എംഎല്‍എ കോടിയേരി ബാലകൃഷ്ണന്‍, നേരത്തെ നഗരസഭാ ചെയര്‍ പേഴ്‌സണായിരുന്ന ആമിനാ മാളിയേക്കല്‍ എന്നിവരുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലശ്ശേരി ശാഖയില്‍ നിഷേപിച്ചിരിക്കുകയാണ്. തലശ്ശേരി നഗരസഭയിലെ കണ്ടിക്കലില്‍ മൂന്നേക്കര്‍ 55 സെന്റ് ഭൂമി ആശുപത്രിക്കായി അധികൃതര്‍ കണ്ടെത്തിയിരുന്നു. സെന്റിന് 50,000 രൂപ വില നിശ്ചയിക്കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിആര്‍ഇസെഡ്, ഡാറ്റാ ബാങ്ക് എന്നിവിടങ്ങളിലെ അനുമതിയോടെ മാത്രമേ സ്ഥലം വാങ്ങാവൂവെന്ന നിബന്ധനയോടെയാണ് സ്ഥലമേറ്റെടുപ്പിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. തുടര്‍ന്ന് സീനിയര്‍ സയന്റിസ്റ്റ് ഹരിനാരായണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം നേരിട്ടെത്തി പരിശോധിക്കുകയും അനുമതി നല്‍കാനാവില്ലെന്ന് റിപോര്‍ട്ട് നല്‍കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച മൂന്നംഗ സമിതിയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഇക്കാരണത്താല്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി കാത്തിരിക്കുകയാണ് അധികൃതര്‍. കേന്ദ്രം കനിഞ്ഞാല്‍ മാത്രമേ അമ്മയും കുഞ്ഞും ആശുപത്രി ലക്ഷ്യത്തിലെത്തുകയുള്ളൂ. ഇതിനിടെ കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിനു സമീപവും സ്ഥലം കണ്ടെത്താനുള്ള നീക്കം നടത്തുന്നതായാണു വിവരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss