|    Nov 20 Tue, 2018 9:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അമ്മയില്‍ സ്ത്രീകളെ കാണുന്നത് അലങ്കാരവസ്തുവായിട്ട്‌

Published : 23rd October 2018 | Posted By: kasim kzm

കൊച്ചി: താരസംഘടനയായ “അമ്മ’യില്‍ സ്ത്രീകളെ അലങ്കാരവസ്തുവായിട്ടാണ് കാണുന്നതെന്നു മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് (ഡബ്ല്യുസിസി) പ്രവര്‍ത്തകര്‍. രാജ്യം മീ ടൂ പോലെയുള്ള തുറന്നുപറച്ചിലുകളെ ശക്തമായി പിന്തുണയ്ക്കുന്ന ഈ സമയത്ത് പരസ്പരവിരുദ്ധമായ പ്രസ്താവനകളും ഉള്‍പ്പോരുകളും സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും അമ്മയുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വിമന്‍ ഇന്‍ സിനിമ കലക റ്റീവ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി .
മലയാള സിനിമാ ലോകത്തു നടക്കുന്ന പലവിധം ലൈംഗികാതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും അത്തരത്തിലുള്ള ചൂഷണങ്ങളെ നിസ്സാരവല്‍ക്കരിക്കാനുമുള്ള മുഴുവന്‍ ശ്രമങ്ങളും പ്രതിഷേധാര്‍ഹമാണ്. കുറ്റാരോപിതനായ ദിലീപ് ഇപ്പോള്‍ താരസംഘടനയായ “അമ്മ’യില്‍ അംഗമല്ല എന്ന പ്രസ്താവനയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖത നിരാശാജനകമാണ്.
സമാനമായ സംഭവങ്ങള്‍ ഉണ്ടായാല്‍ ഭാവിയില്‍ ഒരുദാഹരണം ആയി എടുത്തു കാണിക്കാവുന്ന പ്രവര്‍ത്തനവും തീരുമാനങ്ങളും “അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതായിരുന്നു. അക്രമത്തെ അതിജീവിച്ച തങ്ങളുടെ സഹപ്രവര്‍ത്തകയെയും അവള്‍ക്കൊപ്പം മറ്റു മൂന്നുപേരെയും രാജി വയ്ക്കാന്‍ നിര്‍ബന്ധിതരാക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത അവര്‍ അവഗണിക്കുകയാണ്. തങ്ങളുടെ അംഗം ദേവികയുടെ പ്രസ്താവനയില്‍ നിന്നു സംഘടനയ്ക്കുള്ളില്‍ അതിക്രമങ്ങളെ തുറന്നു പറയുന്നവരോടുള്ള മനോഭാവം വളരെ വ്യക്തമാണ്.
സംഘടനയുടെ അവകാശവാദങ്ങളില്‍ നിന്ന് ഒരുപാട് വൈരുധ്യം അവരുടെ നിലപാടുകള്‍ക്ക് ഉണ്ടെന്നുള്ള സത്യം തികച്ചും ആശങ്കാജനകമാണ്. ഇത് ഒരു സംഘടനയുടെ മാത്രം പ്രശ്‌നമല്ലെന്നും മുഴുവന്‍ സിനിമാ മേഖലയെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും തങ്ങള്‍ അടിവരയിട്ടു വ്യക്തമാക്കുന്നതായും വിമന്‍ ഇന്‍ സിനിമ കലക് റ്റീവ് വ്യക്തമാക്കി. എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സമത്വത്തിനും വേണ്ടി ആണ് പ്രവര്‍ത്തിക്കേണ്ടത്. എക്കാലവും കലക്റ്റീവുകളുടെയും പലതരം യൂനിയനുകളുടെയും രൂപീകരണം തന്നെ എല്ലാ അംഗങ്ങള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളും പരാതികളും പറയാനുള്ള ഒരു ഇടമാണു ലക്ഷ്യമാക്കിയിരുന്നത്.
എങ്കില്‍ മാത്രമേ, ചില വ്യക്തികളിലേക്ക് ഒതുങ്ങാതെ, എല്ലാ അംഗങ്ങളുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സംഘടനകള്‍ക്കാവൂ. തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ്, ദേവിക, അര്‍ച്ചന പത്മിനി, ശ്രുതി ഹരിഹരന്‍ എന്നിവരെ തങ്ങള്‍ പിന്തുണയ്ക്കുകയും അവര്‍ക്കൊപ്പം ഈ ചെറുത്തുനില്‍പ്പില്‍ കൂടെ ഉണ്ടാവുമെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss