|    Jan 24 Tue, 2017 12:21 am

അമ്മപെങ്ങന്‍മാര്‍ മാനത്തെ ഓര്‍ത്ത് കരയുന്നു!

Published : 4th December 2015 | Posted By: swapna en

slug-madhyamargam

പ്രയാസങ്ങളും പ്രതിസന്ധികളും മറികടന്നു മുന്നേറുന്ന നമ്മുടെ സംസ്ഥാനം വല്ലാത്തൊരു വിഷമത്തിലാണ് അകപ്പെട്ടിരിക്കുന്നത്. പുറമേക്കു കാണാന്‍ കഴിയാത്തവിധം ഉള്ളില്‍ വിഷമം നീറിക്കൊണ്ടിരിക്കുന്നു. ഇവിടെയുള്ള അമ്മപെങ്ങന്‍മാര്‍ ഒന്നടങ്കം സങ്കടംകൊണ്ട് കണ്ണീരൊഴുക്കി കഴിയുന്നു! വിഷയം മാനമാണ്. അളവും തൂക്കവുമില്ലാത്ത ഗൗരവമുള്ള ഒരു വിഷയമാണത്. മാനത്തിന് അന്നും ഇന്നും വില കണക്കാക്കാനും കഴിയില്ല. പുരുഷന്മാര്‍ക്ക് ഇതില്‍ കാര്യമില്ല. വനിതകള്‍ക്കു മാത്രം സംവരണം ചെയ്യപ്പെട്ട വിഷയമാണിത്. ഒരു അമ്മയുടെയോ പെങ്ങളുടെയോ മാനത്തിന്റെ പ്രശ്‌നമല്ലിത്. മൊത്തം മാനം! ആലോചിക്കുമ്പോള്‍ തന്നെ എത്തും പിടിയും കിട്ടുന്നില്ല. ഭാരതത്തിലെ സ്ത്രീകള്‍ക്കാണെങ്കില്‍ മാനം എന്നത് ജീവനേക്കാള്‍ വിലയുള്ളതാണ്. സ്വന്തം നിലയ്ക്ക് മാനം സംരക്ഷിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് കര്‍ശനമായ മുന്‍കരുതലുകളും നിയമനിര്‍മാണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ഒരു പെണ്ണ്, അത് അമ്മയോ പെങ്ങളോ ആവട്ടെ, ഒരു പുരുഷന്‍ എന്റെ മാനം പോക്കി എന്നു വാക്കാല്‍ പറഞ്ഞാല്‍ മതി.

പുരുഷന്‍ ചുരുങ്ങിയത് 14 ദിവസമെങ്കിലും ജയിലില്‍ കിടക്കണം. മാനത്തെ ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്നു തെളിവുകള്‍ സഹിതം സാക്ഷികളെ കൂട്ടുപിടിച്ച് തെളിയിച്ചാല്‍ പുരുഷനു രക്ഷപ്പെടാം. മാനം പോവുന്നതിനു രേഖാപരമായ തെളിവുകള്‍ ലഭിക്കാന്‍ പ്രയാസമായതിനാല്‍ സാഹചര്യത്തെളിവുകളെ പുരുഷന് ആശ്രയിക്കേണ്ടിവരും. ഇത്തരക്കാരുടെ മാനം പോയ പരാതിയില്‍ പുരുഷന്‍മാര്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടിവരും. പ്രായമുള്ള അമ്മപെങ്ങന്‍മാരുടെയും പ്രായം തികയാത്ത പെങ്ങന്‍മാരുടെയും സ്ഥിതി ഇതാണെങ്കില്‍ മൊത്തം മാനംപോയാലുള്ള സ്ഥിതി അമ്പരപ്പിക്കുന്നതാണ്. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന, നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ ബിജു രാധാകൃഷ്ണന്‍ എന്ന ഒരാള്‍ സോളാര്‍ കമ്മീഷന്റെ മുമ്പില്‍ മൊഴിനല്‍കിയതോടെയാണ് ഇവരൊക്കെ കുടുക്കിലായത്.

സോളാറും സരിതയും അവര്‍ക്കൊക്കെ ഇഷ്ടവാര്‍ത്തകളുമായിരുന്നു. കഴിഞ്ഞ കുറേക്കാലമായി സരിതാവിശേഷങ്ങള്‍ കാണാതായപ്പോള്‍ മിക്കവരും ചിരി തന്നെ മറന്നുപോയിട്ടുണ്ട്. പ്രായം ചെന്ന സംസ്ഥാന മുഖ്യമന്ത്രിയെയും മറ്റു ചില മന്ത്രിമാരെയും പറ്റിയുള്ള ‘എ’ കഥകള്‍ കേട്ട് മറന്ന ചിരി പുറത്തെടുത്ത് ചിരിച്ചുചിരിച്ച് മതിമറന്നിരിക്കുകയായിരുന്നു അവരൊക്കെ എന്നതാണു ശരി. പക്ഷേ, ചിരിക്ക് അധികം ആയുസ്സുണ്ടായില്ല. വയസ്സില്‍ മുഖ്യമന്ത്രിയേക്കാളും മൂപ്പുള്ള പ്രതിപക്ഷനേതാവ് രംഗത്തെത്തി അമ്മപെങ്ങന്മാരുടെ മാനത്തെ ഓര്‍മപ്പെടുത്തിയതോടെയാണ് പൊട്ടിച്ചിരികള്‍ പൊട്ടിക്കരച്ചിലായി മാറിയത്. അപ്പോഴാണ് ഓരോ അമ്മയും ഓരോ പെങ്ങളും തങ്ങളുടെ മാനം തപ്പിനോക്കിയതും പോയത് അറിഞ്ഞതും. പ്രതിപക്ഷനേതാവ് ആവുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യവുമില്ല.                           $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക