|    May 26 Fri, 2017 12:54 pm
FLASH NEWS

അമ്പെയ്ത്തില്‍ ഇന്ത്യ സംപൂജ്യര്‍

Published : 12th August 2016 | Posted By: G.A.G

റിയോ ഡി ജനയ്‌റോ: അമ്പെയ്ത്തില്‍ ഇന്ത്യക്കു വെറുംകൈയോടെ മടക്കം. മെഡല്‍പ്രതീക്ഷകളായിരുന്ന ദീപിക കുമാരിയും ബൊംബെയ്‌ല ദേവിയും ഇന്നലെ നടന്ന വ്യക്തിഗത വിഭാഗം പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ തോറ്റു പുറത്തായി. അതേസമയം, ബോക്‌സിങ് റിങില്‍ ഇന്ത്യക്കു ജയത്തോടൊപ്പം തോല്‍വിയുടെ കയ്പുനീര്‍ കൂടി രുചിക്കേണ്ടിവന്നു. പുരുഷന്‍മാരുടെ 64 കിഗ്രാം ലൈറ്റ് വെല്‍റ്റര്‍വെയ്റ്റ് ഇനത്തില്‍ മനോജ് കുമാര്‍ ജയത്തോടെ അവസാന 16ലേക്കു മുന്നേറിയപ്പോള്‍ ഉറച്ച മെഡല്‍ പ്രതീക്ഷയിയായിരുന്ന ശിവ് ഥാപ്പ പുരുഷന്‍മാരുടെ 56 കിഗ്രാം ബാ ന്റം ഇനത്തില്‍ തോല്‍വിയോടെ പുറത്തായി.
ദീപികയില്‍ നിന്ന് അമ്പെയ്ത്തില്‍ ഇന്ത്യ ഇ ത്തവണ മെഡല്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തിന് ഇതിനൊത്ത പ്രകടനം കാഴ്ചവയ്ക്കാനായില്ല. പ്രീക്വാ ര്‍ട്ടറില്‍ തായ്‌പേയിയുടെ ടിങ് ടാന്‍ യായോടാണ് ദീപിക പരാജയം സമ്മതിച്ചത്. 27-28, 26-29, 27-30 എന്ന സ്‌കോറിനായിരുന്നു തോല്‍വി.
എന്നാല്‍ മെക്‌സിക്കോയുടെ അലെയാന്‍ഡ്ര വലന്‍സിയക്കു മുന്നിലാണ് ബൊംബെയ്‌ലയ്ക്ക് അടിതെറ്റിയത്. ആവേശകരമായ പ്രീക്വാര്‍ട്ടറില്‍ 102-104 എന്ന സ്‌കോറിനാണ് മെക്‌സിക്കന്‍ താരം ബൊംബെയ്‌ലയെ കീഴടക്കിയത്. സ്‌കോര്‍: 26-28, 23-26, 27-28, 23-25.
ഇടിക്കൂട്ടില്‍ ചിരിയും കണ്ണീരും
മനോജിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഇടിക്കൂട്ടില്‍ ഇന്ത്യക്കു ചിരി സമ്മാനിച്ചപ്പോള്‍ ഥാപ്പയുടെ അപ്രതീക്ഷിത തോല്‍വി ഇന്ത്യയെ കണ്ണീരിലാഴ്ത്തി.
ഇന്നലെ നടന്ന മല്‍സരത്തില്‍ ക്യൂബയുടെ റൊബെയ്‌സി റമിരെസിനോടാണ് ഥാപ്പ 0-3ന് പരാജയപ്പെട്ടത്. മൂന്നു റൗണ്ടുകളിലും നിരാശപ്പെടുത്തിയാണ് ഇന്ത്യന്‍ താരം തോല്‍വിയിലേക്കു വീണത്.
എന്നാല്‍ 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ലിത്വാനിയയുടെ ഇവാല്‍ഡസ് പെട്രൗസ്‌കസിനെ ഞെട്ടിച്ചായിരുന്നു മനോജിന്റെ കുതിപ്പ്. മൂന്നു റൗണ്ടുകളടങ്ങിയ പോരാട്ടത്തില്‍ ഇരുതാരങ്ങളും ഇഞ്ചോടിഞ്ച് പൊരുതി. 29-28, 29-28, 28-29 എന്ന സ്‌കോറിനാണ് മനോജ് വിജയക്കൊടി പാറിച്ചത്.
ഞായറാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്താന്റെ ഫസലുദ്ദീന്‍ ഗെയ്‌സസറോവുമായാണ് മനോജിന്റെ പ്രീക്വാര്‍ട്ടര്‍ മല്‍സരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day