|    Dec 19 Wed, 2018 8:10 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അമ്പായത്തോട് മിച്ചഭൂമി: കോടതിവിധി സര്‍ക്കാരിനെ വെട്ടിലാക്കുമെന്ന് ആശങ്ക

Published : 27th November 2018 | Posted By: kasim kzm

താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമി കോടതി വിധി സര്‍ക്കാരിനെ വെട്ടിലാക്കുമെന്ന് ആശങ്ക. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ നിലപാടാണ് ഇപ്പോള്‍ അമ്പായത്തോട് മിച്ചഭൂമി പ്രശ്‌നത്തിലും ഏറെ ചര്‍ച്ചയാവുന്നത്. സിപിഎമ്മിന്റെ പാര്‍ട്ടിഗ്രാമം എന്ന നിലയിലുള്ള അമ്പായത്തോട് മിച്ചഭൂമി നിവാസികളെ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന നിലപാടിലാണു പാര്‍ട്ടി നേതൃത്വം. എന്നാല്‍ ശബരിമല വിധി നടപ്പാക്കാന്‍ കാണിക്കുന്ന നിലപാട് ഇവിടെയും കാണിക്കുമോ എന്നതാണു ചര്‍ച്ചയാവുന്നത്. ഏറെക്കാലത്തെ നീണ്ട സമരത്തിനൊടുവില്‍ നേടിയെടുത്ത മിച്ചഭൂമി, ഇപ്പോഴത്തെ ഉടമകള്‍ അവര്‍ക്ക് അനുകൂലമായ വിധി നേടിയെടുക്കുകയായിരുന്നു.
മുന്‍ ഉടമ ജോളി തോമസ് മരണപ്പെട്ടതോടെ മക്കളാണ് പിന്തുടര്‍ച്ചാവകാശികള്‍. ശബരിമല വിഷയത്തോടൊപ്പം തന്നെ കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയാവുന്ന പ്രശ്‌നമാണ് അമ്പായത്തോട് മിച്ചഭൂമിയില്‍ ഇപ്പോഴുണ്ടായ വിധി. കഴിഞ്ഞദിവസം ഭൂമി ഒഴിയാനുള്ള നോട്ടീസ് പതിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ കൈവശക്കാര്‍ തിരിച്ചയച്ചിരുന്നു. രാരോത്ത് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു നോട്ടീസ് നല്‍കാന്‍ എത്തിയത്. ഇവരെ കോളനി കവാടത്തില്‍ തന്നെ പ്രാദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു.
ആദ്യകാല ജന്‍മിയായിരുന്ന ജോളി തോമസിന്റെ ഉടമസ്ഥതയില്‍ അമ്പായത്തോട്ടിലുണ്ടായിരുന്ന 126.015 ഏക്കര്‍ ഭൂമിയില്‍ വര്‍ഷങ്ങളോളം നടന്ന കുടില്‍ കെട്ടി സമരത്തിനൊടുവിലാണു ഭൂമി വി എസ് സര്‍ക്കാരിന്റെ കാലത്ത് പിടിച്ചെടുത്തു കുടിയേറ്റക്കാര്‍ക്കു പതിച്ചുനല്‍കിയത്. 510 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇതില്‍ 394 പേര്‍ക്കു താല്‍ക്കാലിക പട്ടയം അനുവദിച്ചു. ഭൂവുടമകള്‍ക്ക് അനുകൂലമായുണ്ടായ ഹൈക്കോടതി വിധിക്കെതിരേ വി എസ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചാണ് താല്‍ക്കാലിക പട്ടയം നല്‍കിയത്. ബാക്കിയുള്ള 116 കുടുംബങ്ങള്‍ക്കു പട്ടയം ലഭ്യമാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണു കൈവശം ഒഴിപ്പിക്കണമെന്ന ജോളി തോമസിന്റെ മക്കളുടെ വാദം സുപ്രിംകോടതി അംഗീകരിച്ചത്.
126 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കാനാണ് ഉത്തരവെങ്കിലും നേരത്തെ താല്‍ക്കാലിക പട്ടയം നല്‍കിയ ഭൂമിക്ക് ഉത്തരവ് ബാധകമാവില്ലെന്നാണു സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ഏക്കറോളം ഭൂമിയിലെ താമസക്കാര്‍ക്കു മാത്രമാണ് റവന്യൂവകുപ്പ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണു വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ നോട്ടീസ് നല്‍കാന്‍ പോയതെന്ന് താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് പറഞ്ഞു. നാട്ടുകാരുടെ പ്രതിരോധം സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്നും കലക്ടറുടെ നിര്‍ദേശ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ അമ്പായത്തോട് മിച്ചഭൂമി സമരം സുപ്രിംകോടതിയുടെ പുതിയ ഉത്തരവോടെ വീണ്ടും ചര്‍ച്ചയാവുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss