|    Mar 23 Fri, 2018 5:08 am

അമ്പലവയലിനെ ചക്ക ഗവേഷണ കേന്ദ്രമാക്കും: മന്ത്രി

Published : 13th August 2017 | Posted By: fsq

 

അമ്പലവയല്‍: കേരള കാര്‍ഷീക സര്‍വകലാശാലയ്ക്ക് കീഴിലുള്ള അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തെ ചക്കയുടെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്നു കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ഇതിനായി കേന്ദ്ര സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര ചക്ക മഹോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുകിട സംരംഭങ്ങള്‍ക്ക് ആവശ്യമായ സാങ്കേതികവിദ്യ, പരിശീലനം, സബ്‌സിഡി തുടങ്ങിയവ നല്‍കി അവയെ ശക്തിപ്പെടുത്തും. തൃശൂര്‍ മാളയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ചക്ക സംസ്‌കരണ ഫാക്ടറി പ്രവര്‍ത്തനസജ്ജമാക്കി കഴിഞ്ഞതായും എല്ലാ ജില്ലകളിലും വിഎഫ്പിസികെയുടെ നേതൃത്വത്തില്‍ ചക്ക സംഭരിച്ച് സംസ്‌കരിക്കുന്നതിനും ഗുണനിലവാരമുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനും ശ്രമങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ഹരിതകേരള മിഷന്റെ ഭാഗമായി 2 കോടി വൃക്ഷത്തൈകള്‍ നടുമ്പോള്‍ കൂടുതലും പ്ലാവ് പോലുളള്ളവയ്ക്ക് പ്രാധാന്യം നല്‍കും. കാര്‍ഷിക സര്‍വകലാശാലയുടെ പഠനം അനുസരിച്ച് 30 കോടി ചക്ക കേരളത്തിലുണ്ട്. അവയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ചാല്‍ 15000 കോടി രൂപയുടെ വരുമാനം ഉണ്ടാവും. എന്നാല്‍, ഇപ്പോള്‍ 10 ശതമാനം പോലും നടപ്പാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാടിനെ പ്രതേ്യക കാര്‍ഷിക മേഖലയാക്കി മാറ്റിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വയനാടിന്റെ തനതായ നെല്ലിനങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് പദ്ധതി ആസൂത്രണം ചെയ്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 3000 ഹെക്റ്റര്‍ സ്ഥലത്ത് ജീരകശാല, ഗന്ധകശാല തുടങ്ങിയവ ഈ വര്‍ഷം കൃഷി ചെയ്യും. നെല്‍വിത്തുകള്‍ ജീന്‍ബാങ്കില്‍ സൂക്ഷിക്കാനുള്ളതല്ലെന്നും പാടത്ത് വിളയിക്കാനുള്ളതാണെന്നും അദ്ദേഹം കര്‍ഷകരെയും ഉദേ്യാഗസ്ഥരെയും ഓര്‍മിപ്പിച്ചു. കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ടിക്കാറാം മീണ മുഖ്യ പ്രഭാഷണം നടത്തി. കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍, ഡോ. മുഹമ്മദ് ദേശ ഹസീം, ഡോ. ശിശിര്‍ മിത്ര, ജനപ്രതിനിധികളായ ലത ശശി, സീത വിജയന്‍, സി കെ സഹദേവന്‍, വി ആര്‍ പ്രവീജ്, കറപ്പന്‍, ബീന വിജയന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss