|    Mar 30 Thu, 2017 2:34 am
FLASH NEWS

അമ്പലമുകള്‍ വ്യവസായ മേഖലയില്‍ വാതകച്ചോര്‍ച്ച; 30 വിദ്യാര്‍ഥികള്‍ക്കും അഞ്ച് അധ്യാപകര്‍ക്കും ദേഹാസ്വാസ്ഥ്യം

Published : 30th September 2016 | Posted By: SMR

തൃപ്പൂണിത്തുറ: ഫാക്ടും റിഫൈനറിയും ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന അമ്പലമുകള്‍ വ്യവസായമേഖലയില്‍ വാതകച്ചോര്‍ച്ച. കുഴഞ്ഞുവീഴുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്ത ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 30 വിദ്യാര്‍ഥികളെയും അഞ്ച് അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട രണ്ടു വിദ്യാര്‍ഥികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ഇന്നലെ രാവിലെ 9 മണിയോടെയാണ് സ്‌കൂളില്‍ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഈ സമയം സ്‌കൂളിലും പരിസരത്തും രൂക്ഷമായ ഗന്ധമുണ്ടായതായി അധ്യാപകര്‍ പറഞ്ഞു. കുട്ടികളുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വരുകയും തലകറക്കം അനുഭവപ്പെടുകയുമായിരുന്നു.
പ്രധാനാധ്യാപിക റിഫൈനറിയിലും പോലിസിലും വിവരം അറിയിച്ചു. പോലിസ് എത്തുമ്പോഴേക്ക് കുട്ടികളില്‍ പലരും കുഴഞ്ഞുവീണിരുന്നു. കുട്ടികളെ പോലിസ് വാഹനത്തിലും റിഫൈനറിയുടെ ആംബുലന്‍സിലുമാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
തൃപ്പൂണിത്തുറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിദീന, രശ്മി എന്നീ വിദ്യാര്‍ഥികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് കുട്ടികളുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടികളെ വീടുകളിലേക്ക് തിരികെ അയച്ചു.
ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല സ്ഥലത്തെത്തി സ്‌കൂള്‍ അധികൃതരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തി. തുടര്‍ന്ന് സ്‌കൂളിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് സ്‌കൂള്‍ താല്‍ക്കാലികമായി ഫാക്ടിലെ സ്‌കൂളിലേക്കു മാറ്റാന്‍ നിര്‍ദേശം നല്‍കി. വാതകച്ചോര്‍ച്ച സംബന്ധിച്ച് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുമെന്നും ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day