|    Nov 13 Tue, 2018 10:20 pm
FLASH NEWS

അമ്പലപ്പുഴയില്‍ ആരോഗ്യവകുപ്പ് പരിശോധന; ഹോട്ടലുകള്‍ അടപ്പിച്ചു

Published : 4th August 2018 | Posted By: kasim kzm

അമ്പലപ്പുഴ: മേഖലയില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന. വൃത്തിഹീനമായി പ്രവര്‍ത്തിച്ച രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചു. ക്യാന്റീന് നോട്ടീസും നല്‍കി. വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിക്ക് വടക്ക് ഭാഗം പ്രവര്‍ത്തിക്കുന്ന മഡോണ, സഫ എന്നി രണ്ട് ഹോട്ടലുകളാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷിബു സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അടപ്പിച്ചത്. ആശുപത്രി വളപ്പില്‍ വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച ക്യാന്റീന്‍ അഞ്ചുദിവസം കൊണ്ട് വൃത്തിയാക്കാനായി നോട്ടീസും നല്‍കി.
നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഇന്നലെ ആരോഗ്യ വകുപ്പ് ഹോട്ടലുകളിലും ക്യാന്റീനിലും പരിശോധന നടത്തിയത്. ഇവയുടെ പരിസരമാകെ മലിനജലം കെട്ടിക്കിടക്കുകയായിരുന്നു. പകര്‍ച്ചവ്യാധി പടരാനുള്ള എല്ലാ സാധ്യതയും ആശുപത്രിക്കു സമീപമുള്ള ഈ സ്ഥാപനങ്ങളുടെ പരിസരത്തുണ്ടായിരുന്നു. അടുക്കളയും ഭക്ഷണം സൂക്ഷിച്ചുവെക്കുന്ന സ്ഥലവും മാലിന്യം നിറഞ്ഞിരുന്നു. കൂടാതെ നിരോധിത പ്ലാസ്റ്റിക്കിലായിരുന്നു ഭക്ഷണങ്ങള്‍ നല്‍കി വന്നിരുന്നതും.
ഹോട്ടലുകളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യവും മലിനജലവും പ്രത്യേകം സ്ഥാപിച്ച പൈപ്പിലൂടെ കാപ്പിത്തോട്ടിലേക്ക് ഒഴുക്കുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റും പഞ്ചായത്തിന്റെ ലൈസന്‍സുമില്ലാതെയാണ് ഈ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.നേരത്തെ രണ്ടുതവണ ഈ ഹോട്ടലുകളിലും ക്യാന്റീനിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു. ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഹോട്ടലുടമകള്‍ ചെയ്തിരിക്കുന്നതെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷിബു സുകുമാരന്‍ അറിയിച്ചു. പോരായ്മകള്‍ പരിഹരിച്ചശേഷം മാത്രമേ ഇവ തുറക്കാന്‍ അനുവദിക്കൂവെന്നും മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്, ട്വിങ്കിള്‍, മായ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ആരിഫ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss