|    Oct 16 Tue, 2018 7:58 am
FLASH NEWS
Home   >  Editpage  >  Article  >  

അമ്പലങ്ങളുടെ നടത്തിപ്പും സര്‍ക്കാരും

Published : 12th November 2017 | Posted By: fsq

ബാബുരാജ്   ബി  എസ്‌

കഴിഞ്ഞ ദിവസം എനിക്കൊരു ഫോണ്‍കോള്‍ വന്നു, ഒരു സുഹൃത്തിന്റെ. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ‘പിടിച്ചെടുത്ത’തിനെതിരേ നടന്ന  പ്രതിഷേധത്തെയും സംഘപരിവാര സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെയും കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. സംഘപരിവാരത്തിന്റെ എതിരാളിയായ തന്റെ മകന്‍പോലും സര്‍ക്കാരിന്റെ നടപടിയില്‍ സംശയാലുവായിരിക്കുന്നുവെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. പറഞ്ഞതു വിശ്വസിക്കാമെങ്കില്‍ തൃശൂരില്‍ പൊതുജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.കാര്യത്തിലേക്ക് കടക്കാം: കേരളത്തിലെ ക്ഷേത്രങ്ങളെ രണ്ടുതരത്തില്‍ തിരിക്കാവുന്നതാണ്. സ്വകാര്യ ക്ഷേത്രങ്ങളും പൊതുക്ഷേത്രങ്ങളും. സ്വകാര്യ വ്യക്തികളുടെയും കുടുംബങ്ങളുടെയും കൈവശമിരിക്കുന്ന ക്ഷേത്രങ്ങളാണ് ആദ്യ വിഭാഗം. നാട്ടുരാജാക്കന്‍മാരുടെ കൈവശത്തിലിരുന്ന ഭൂമിയും വസ്തുവകകളും സ്വാതന്ത്ര്യാനന്തരം ജനകീയ സര്‍ക്കാരിന്റെ കൈയിലെത്തിയപ്പോള്‍ കൂട്ടത്തില്‍ നാനാജാതി മതസ്ഥരുടെ നികുതിപ്പണംകൊണ്ട്് കെട്ടിപ്പടുത്ത ക്ഷേത്രങ്ങളും സര്‍ക്കാരിന്റെ അധീനതയിലായി. ഇത്തരം ക്ഷേത്രങ്ങളാണ് രണ്ടാംവിഭാഗമായ പൊതുക്ഷേത്രങ്ങള്‍.1951ല്‍ നേരത്തേ പറഞ്ഞ രണ്ടുവിഭാഗത്തിനു പുറമേ മൂന്നാമതൊരു വിഭാഗം ക്ഷേത്രം കൂടി രംഗപ്രവേശം ചെയ്തു. കുടുംബങ്ങളുടെ കൈവശമിരുന്ന പല ക്ഷേത്രങ്ങളും മുടിഞ്ഞുപോവുന്ന ഘട്ടത്തില്‍ അവയില്‍ പലതും ഉപേക്ഷിക്കപ്പെടുകയോ ചിലത് നാട്ടുകാര്‍ രൂപീകരിക്കുന്ന കമ്മിറ്റികളുടെയോ ട്രസ്റ്റുകളുടെയോ കൈയില്‍ എത്തിച്ചേരുകയോ ചെയ്തു. ഇത്തരം ക്ഷേത്രങ്ങളില്‍ ഭക്തരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരില്‍ നിക്ഷിപ്തമായി. അതിന്റെ ഭാഗമായി മദിരാശി നിയമസഭ, മദ്രാസ് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്റ്റ് 1951 എന്ന പേരില്‍ ഒരു നിയമം പാസാക്കി. ഇത്തരം ട്രസ്റ്റുകളില്‍ ഉണ്ടാവുന്ന പരാതികളില്‍ നിവൃത്തിയുണ്ടാക്കുക, ആവശ്യമെങ്കില്‍ സഹായം നല്‍കുക എന്നതൊക്കെയാണ് നിയമംകൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന ക്ഷേത്രങ്ങളെയും പൊതുക്ഷേത്രങ്ങളെന്നാണു നിര്‍വചിച്ചിരിക്കുന്നത്. 51ല്‍ മലബാര്‍പ്രദേശം മദിരാശി സംസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ ഈ പ്രദേശത്തെ ഇത്തരം ക്ഷേത്രങ്ങളും ഈ നിയമത്തിന്റെ പരിധിയിലെത്തി. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ഈ മൂന്നാമത്തെ വിഭാഗത്തിലാണു പെടുന്നത്.ആദിശങ്കരന്‍ സ്ഥാപിച്ചെന്നു വിശ്വസിക്കപ്പെടുന്ന പാര്‍ഥസാരഥി ക്ഷേത്രം മല്ലിശ്ശേരി മനയുടെ അധീനതയിലായിരുന്നു. 1923ല്‍ മാരാത്ത് മാധവന്‍ നായര്‍ പാട്ടത്തിനെടുത്തു. 1946ല്‍ കൃഷ്ണന്‍ നായര്‍ പണംകൊടുത്തു വാങ്ങി. ക്ഷേത്രം 1973ല്‍ പാര്‍ഥസാരഥി ക്ഷേത്ര ഭരണസംഘം എന്ന ട്രസ്റ്റിന്റെ അധീനതയിലായി.2010ല്‍ ക്ഷേത്രജോലിക്കാര്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഡെ. കമ്മീഷണര്‍ക്ക് പരാതി കൊടുത്തു. ട്രസ്റ്റികള്‍ സ്വത്തുവകകള്‍ അന്യാധീനപ്പെടുത്തുന്നുവെന്നും പരാതിപ്പെട്ടിരുന്നു. പക്ഷേ, ഡെ. കമ്മീഷണര്‍ പരാതി തള്ളി. ജീവനക്കാര്‍ അപ്പീലുമായി കമ്മീഷണറെ സമീപിച്ചു. കമ്മീഷണര്‍, ഡെ. കമ്മീഷണറുടെ നടപടി റദ്ദ് ചെയ്തു. കൂട്ടത്തില്‍ ഈ ക്ഷേത്രം 51ലെ നിയമത്തിന്റെ പരിധിയില്‍ വരുന്ന പൊതുക്ഷേത്രമാണെന്നും ഭരണം നടത്താന്‍ നിലവിലുള്ള ഭരണസമിതിയുടെ ബൈലോ പരിശോധിച്ച് അവര്‍ കൂടി ഉള്‍പ്പെട്ട ഒരു സംവിധാനം ഉണ്ടാക്കാന്‍ ഡെ. കമ്മീഷണറോട് നിര്‍ദേശിക്കുകയും ചെയ്തു. അതുവരെ ഭരണം ഒരു ഏകാംഗ ട്രസ്റ്റിയുടെ കീഴിലാക്കാനും വിധിയുണ്ടായി.ഇതിനെതിരേ സംഘം ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രം പൊതുക്ഷേത്രമാണെന്ന കാര്യം അംഗീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സംഘത്തിന്റെ ബൈലോ പരിശോധിച്ച് പുതിയ സംവിധാനം ഉണ്ടാക്കാന്‍ ഡെ. കമ്മീഷണറെ ചുമതലപ്പെടുത്തി. അവസാന തീര്‍പ്പ് ഉണ്ടാവും വരെ ഭരണം പഴയ സംഘത്തെ തന്നെ ഏല്‍പ്പിക്കുകയും ചെയ്തു.കോടതി ഉത്തരവിനെ തുടര്‍ന്ന് പുതിയ സംവിധാനം രൂപപ്പെടുത്താന്‍ ഡെ. കമ്മീഷണര്‍ സംഘത്തെ സമീപിച്ചെങ്കിലും അവര്‍ സഹകരിച്ചില്ല. ബൈലോയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി ഇല്ലെന്നായിരുന്നു പറഞ്ഞത്. ആ സാഹചര്യത്തില്‍ കമ്മീഷണര്‍ 2016 നവംബറില്‍ ഡ്രാഫ്റ്റ് സ്‌കീം തയ്യാറാക്കുകയും പ്രതികരണങ്ങള്‍ ക്ഷണിക്കുകയും ചെയ്തു. ആരും പരാതി പറയാത്ത സാഹചര്യത്തില്‍ 2017 ഏപ്രിലില്‍ പുതിയ ഭരണസംവിധാനത്തിന്റെ സ്‌കീം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഓഡിറ്റ് ഇന്‍സ്‌പെക്ടര്‍ ടി സി ബിജുവിനെ എക്‌സിക്യൂട്ടീവ് ഓഫിസറായി നിയമിച്ചു.എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് അധികാരം കൈമാറാന്‍ സംഘം തയ്യാറായില്ല. പകരം അതിനെ രാഷ്ട്രീയമായി നേരിടുകയായിരുന്നു. ആ ഘട്ടത്തില്‍ അവര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി വിധി സംഘത്തിന് എതിരായിരുന്നു. ഇതിനിടയില്‍ 51ലെ നിയമത്തിന്റെ പരിധിയില്‍ ഈ ക്ഷേത്രം വരില്ലെന്നും സ്വകാര്യ ക്ഷേത്രമാണെന്നും ചൂണ്ടിക്കാട്ടി ഭരണസമിതി സിവില്‍ കോടതിയെ സമീപിച്ചിരുന്നു. ആ കേസ് ഇപ്പോഴും നടക്കുകയാണ്. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ചു. ആ കേസിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. ഇതിനിടയില്‍ വിധിക്കെതിരേ സംഘം സുപ്രിംകോടതിയെയും സമീപിച്ചിരുന്നു.ചുരുക്കത്തില്‍ ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണോ അല്ലയോ എന്ന കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. മേല്‍നോട്ടത്തിന്റെ കാര്യത്തിലാണു താല്‍ക്കാലിക വിധി ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഏതുതരം ട്രസ്റ്റുകളും സൊസൈറ്റികളും ഇത്തരത്തില്‍ നിയമത്തിന്റെ മേല്‍നോട്ടത്തിലാണു നടക്കുന്നതെന്ന് സാമാന്യ ധാരണയുള്ള ആര്‍ക്കുമറിയാം. അതുപോലെയൊരു കാര്യമാണ് പാര്‍ഥസാരഥി ക്ഷേത്രത്തിലും സംഭവിച്ചിരിക്കുന്നത്.പ്രശ്‌നത്തെ വര്‍ഗീയവല്‍ക്കരിക്കാതെ 51ലെ നിയമപ്രകാരമുള്ള ട്രസ്റ്റി ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ഒരു പൊതുകൂടിയാലോചന ഉണ്ടാവേണ്ടിയിരിക്കുന്നു; പ്രത്യേകിച്ചും നടത്തിപ്പിന്റെ കാര്യത്തില്‍. സര്‍ക്കാരിന്റെ ഇടപെടലുകള്‍ ആവശ്യമാണ്. അത് എവിടെ വരെ എന്ന കാര്യത്തില്‍ പുനര്‍ചിന്ത ആവശ്യമാണ്. അതേസമയം, നാട്ടുരാജാക്കന്മാരുടെ കൈയില്‍ നിന്ന് കൈമാറിക്കിട്ടിയ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ആ പരിഗണന നല്‍കേണ്ടതുമില്ല. അവ നാനാജാതി മതസ്ഥര്‍ക്ക് അവകാശപ്പെട്ട സ്വത്തുവകകളാണെന്നതു തന്നെ കാരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss