|    Apr 20 Fri, 2018 1:01 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

അമേരിക്ക നിശ്ചയിക്കുന്നു

Published : 6th October 2015 | Posted By: RKN

സ്വവര്‍ഗരതിയുടെ പാശ്ചാത്യ രാഷ്ട്രീയം -2/ഡോ.ടൈറ്റസ് വര്‍ഗീസ്
അതതു കാലങ്ങളിലെ അമേരിക്കന്‍ ഗവണ്‍മെന്റുകളും യൂനിവേഴ്‌സിറ്റികളും ഔഷധനിര്‍മാതാക്കളും തമ്മിലുള്ള ബന്ധമാണ് അതില്‍നിന്നു തെളിയുന്നത്. സ്വവര്‍ഗരതി ഒരു രോഗമല്ല, മുന്‍കാല അനുഭവങ്ങളില്‍നിന്ന് അറിഞ്ഞോ അറിയാതെയോ വന്നുപെടുന്ന ഒരു ശീലമാണ്. തങ്ങള്‍ക്ക് മരുന്നിറക്കി പണമുണ്ടാക്കാന്‍ പറ്റുന്ന പ്രശ്‌നങ്ങളെ രോഗം എന്നും അല്ലാത്തവയെ ജീവിതശൈലി എന്നും പറയുന്നതാണ് പാശ്ചാത്യശാസ്ത്രത്തിന്റെ സ്വഭാവം!ധാര്‍മികത നഷ്ടപ്പെട്ട, കച്ചവടം മാത്രം ലക്ഷ്യമാക്കുന്ന പാശ്ചാത്യ ആധുനിക വൈദ്യശാസ്ത്രം സ്വവര്‍ഗരതിയെ വെറും സാധാരണം എന്ന ലേബലില്‍ ആക്കിയതിന്റെ കാരണവും മേല്‍പ്പറഞ്ഞ വരികള്‍ക്കിടയിലുണ്ട്.

ഈ വലിയ ഭൂഗോളത്തില്‍ അമേരിക്കയ്ക്കു മാത്രമേ മാനസിക പെരുമാറ്റക്രമഭംഗങ്ങളുടെ പേരുകളും ലക്ഷണങ്ങളും നിശ്ചയിക്കാന്‍ അവകാശമുള്ളൂ എന്ന മട്ടിലാണ് കാര്യങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്. അവര്‍ ഡി.എസ്.എം. ക്ലാസിഫിക്കേഷന്‍ (ഡയഗ്‌നോസ്റ്റിക് ആന്റ് സ്റ്റാറ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡര്‍) എന്ന രോഗവിവരപ്പട്ടിക മുഖേന മറ്റു രാജ്യങ്ങളുടെമേല്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കുന്നു. കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന ഈ തടിച്ച പുസ്തകത്തില്‍ രോഗലക്ഷണങ്ങളുടെ കസര്‍ത്തുകളല്ലാതെ ഒരൊറ്റ മാനസികപ്രശ്‌നത്തിന്റെ പോലും അടിസ്ഥാന കാരണം എന്താണെന്നു പറഞ്ഞിട്ടില്ല. പുറമെയുള്ള വെറും ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രോഗങ്ങള്‍ക്ക് പേരിടുന്ന കോമഡി മനശ്ശാസ്ത്രത്തിലല്ലാതെ വേറെ ഒരു ശാസ്ത്രത്തിലും ഒട്ടില്ലതാനും.

സാമാന്യബുദ്ധിക്കുപോലും നിരക്കാത്തവിധത്തിലാണ് ഡി.എസ്.എം. പട്ടികയില്‍നിന്നു സ്വവര്‍ഗരതിയെ അമേരിക്ക ഒഴിവാക്കിയത്. അതു വലിയ ആനക്കാര്യമായി സ്വവര്‍ഗ അനുഭാവികള്‍ കൊട്ടിഘോഷിക്കുമ്പോള്‍ അവര്‍ അവരറിയാതെ പാശ്ചാത്യര്‍ നിര്‍മിക്കുന്ന കൃത്രിമ വിജ്ഞാനീയത്തിന്റെ അടിമയാവുകയാണ്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രഗല്ഭരായ ഡോക്ടര്‍മാര്‍പോലും എങ്ങനെയും അമേരിക്കന്‍ നിലപാടുകളെ അംഗീകരിച്ച് മുഖ്യധാരയുടെ ഭാഗമാവാന്‍ കഷ്ടപ്പെടുന്നു. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം മിക്കവാറും സ്വവര്‍ഗരതിയെ സൂചിപ്പിക്കാന്‍ മറ്റൊരു സാങ്കേതികപദം ഗവേഷണം ഉപജീവനമാക്കിയ മനശ്ശാസ്ത്രജ്ഞര്‍ കണ്ടെത്തിെയന്നിരിക്കും.

പിന്നെ ആ വാക്കായിരിക്കും മണ്ടന്മാരായ നാം ഉപയോഗിക്കുക. സ്വവര്‍ഗപ്രവണതയില്‍ അറിഞ്ഞോ അറിയാതെയോ പെട്ടുപോയ, അതില്‍നിന്നു കരകയറണമെന്നാഗ്രഹിക്കുന്ന ഒരാളെയെങ്കിലും ചികില്‍സിച്ചു ഭേദപ്പെടുത്താനുള്ള വഴികളെപ്പറ്റി ഇവരില്‍ ഒരാള്‍പോലും ചിന്തിക്കുന്നതേയില്ല. പകരം അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ പറയുന്ന സെക്ഷ്വല്‍ ഓറിയന്റേഷന്‍ (സ്വവര്‍ഗരതി) അംഗീകരിക്കേണ്ടതാണ് എന്ന പല്ലവി ഇവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. മനശ്ശാസ്ത്രഗവേഷണം കാര്യമായും അമേരിക്ക കേന്ദ്രീകരിച്ചു നടക്കുന്നതിനാല്‍ ശാരീരികവും അല്ലാത്തതുമായ ലൈംഗിക വ്യതിചലനങ്ങളെ ആ നിലയ്ക്ക് പഠിക്കാനും വിശകലനം ചെയ്യാനുമുള്ള ശ്രമങ്ങള്‍ വേണ്ടത്ര ശുഷ്‌കാന്തിയോടെ നടക്കാറില്ല. ഭൂരിഭാഗം വരുന്ന മനശ്ശാസ്ത്രജ്ഞരും മനോരോഗവിദഗ്ധരും തങ്ങളുടെ ബുദ്ധിയെയും ചിന്തയെയും സിലബസില്‍ മാത്രം തളച്ചിടുന്നവരാണ്. അതാവട്ടെ അമേരിക്കയില്‍ പിന്തുടരുന്ന സിലബസുകളുമായി ചേര്‍ന്നുനില്‍ക്കുന്നവയും. അവയിലൊക്കെയുള്ളത് സ്വവര്‍ഗരതിയെ ന്യായീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന വിവരങ്ങള്‍ തന്നെ.

അപ്പോള്‍ പിന്നെ സ്വാഭാവികമായും ഭൂരിപക്ഷത്തോട് ചേര്‍ന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാരും ആ വഴി പിന്തുടരുന്നു, അത്രമാത്രം. നാളെ ഒരുപക്ഷേ, അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ സ്വവര്‍ഗരതി ചികില്‍സിക്കപ്പെടേണ്ടതാണെന്നു പറഞ്ഞാല്‍ നമ്മുടെ ഭിഷഗ്വരന്മാര്‍ അതുതന്നെ ഏറ്റുപാടും! സ്വവര്‍ഗരതിയും ഭൂരിഭാഗം മാനസിക-ലൈംഗിക പ്രശ്‌നങ്ങളും ഭൂതകാല ജീവിതാനുഭവങ്ങളില്‍നിന്നു ക്രമേണ രൂപപ്പെടുന്നവയാണ്. അത്തരം സംഭവങ്ങളുടെ തീവ്രത ദൂരീകരിക്കുമ്പോള്‍ സ്വാഭാവികമായും ആ പ്രശ്‌നങ്ങളില്‍നിന്നു ശമനം ഉണ്ടാവും. ഇങ്ങനെ പ്രായോഗികതയില്‍ ഊന്നിയ ചികില്‍സാസമ്പ്രദായങ്ങള്‍ നിലവിലുണ്ടുതാനും. എച്ച്.ആര്‍.ടി (ഹോമോസ്റ്റാസിസ് റിയാലിറ്റി തെറാപ്പി) അഥവാ സമനില യാഥാര്‍ഥ്യപാലനം എന്ന സമ്പ്രദായം ഒരുദാഹരണം.കഴിഞ്ഞകാല അനുഭവങ്ങളുടെ ഓര്‍മയല്ല, സ്വാധീനമാണ് ഒരു വ്യക്തിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. മനുഷ്യന്റെ പ്രശ്‌നങ്ങളെ നാലു പ്രമുഖ നെഗറ്റീവ് വികാരങ്ങളുടെ തലക്കെട്ടുകളില്‍ ഒതുക്കാം.

ഭയം, കോപം, നഷ്ടബോധം, കുറ്റബോധം. ഓരോ സംഭവങ്ങളും നമ്മളിലേക്ക് കടന്നുവരുന്നത് ഇന്ദ്രിയാനുഭവങ്ങളി(കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, മണക്കുക, രുചിക്കുക)ലൂടെയാണ്. അവയുടെ സ്വീകരണവും സ്ഥിരീകരണവും പ്രത്യക്ഷത്തില്‍ ബോധതലത്തിലും പരോക്ഷമായി ഉപബോധതലത്തിലും പ്രാവര്‍ത്തികമായാല്‍ അനുബന്ധപ്രശ്‌നങ്ങളുടെ തീവ്രത കുറയും എന്നത് ഒരു ശാസ്ത്രസത്യമാണ്.

ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് എച്ച്.ആര്‍.ടി. ചികില്‍സ. അതായത്, ചെറുപ്പം മുതല്‍ കടന്നുപോയ ദുരനുഭവങ്ങളുടെ സ്വാധീനം (ഓര്‍മയല്ല) ഡീകോഡ് ചെയ്തു മാറ്റുമ്പോള്‍ ഇപ്പോഴുള്ള അവസ്ഥ മാറിപ്പോവുന്നു. സ്വവര്‍ഗരതിക്ക് യഥാര്‍ഥ സ്വാഭാവിക ലൈംഗികതയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് ഏറ്റവും കൗതുകകരം. അരാജകത്വവും സ്വതന്ത്ര ലൈംഗികതയുമാണ് ആധുനികതയും പരിഷ്‌കാരവുമെന്നു വാദിച്ച് മഴവില്‍ സഖ്യത്തിനു രൂപംകൊടുക്കുന്നവര്‍ യഥാര്‍ഥത്തില്‍ രണ്ടിന്റെയും പാശ്ചാത്യ നിര്‍വചനങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുകയാണ്.         (അവസാനിച്ചു)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss