|    Sep 24 Mon, 2018 11:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ഡോണള്‍ഡ് ജെ ട്രംപ് സത്യപ്രതിജ്ഞ ചെയ്തു

Published : 21st January 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 45ാമത് പ്രസിഡന്റായി ഡോണള്‍ഡ് ജെ ട്രംപ് അധികാരമേറ്റു. പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളില്‍ ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 10.30നാണ് സത്യപ്രതിജ്ഞ നടന്നത്. യുഎസ് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു ട്രംപിന്റെ പ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്കു ശേഷം ക്യാപിറ്റോളിലെ പെന്‍സില്‍വാനിയ അവന്യൂവിലൂടെ 2.4 കിലോമീറ്റര്‍ അകലെയുള്ള വൈറ്റ്ഹൗസിലേക്ക് ട്രംപിന്റെ വാഹനവ്യൂഹം എത്തിച്ചേര്‍ന്നു. വാഷിങ്ടണ്‍ നാഷനല്‍ കത്തീഡ്രലില്‍ രാവിലെത്തന്നെ സത്യപ്രതിജ്ഞയോടനുബന്ധിച്ചുള്ള പ്രാര്‍ഥനാ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയാണ് 70കാരനായ ട്രംപ്. യുഎസ് പ്രസിഡന്റുമാരില്‍ ഏറ്റവും ധനികനുമാണ് അദ്ദേഹം. അധികാരമേല്‍ക്കുന്ന ഏറ്റവും ജനപ്രീതി കുറഞ്ഞ പ്രസിഡന്റുമാണ്. 40 ശതമാനം പേരുടെ പിന്തുണയാണ് അദ്ദേഹത്തിനു ലഭിച്ചത്. 2009ല്‍ അധികാരമേറ്റ ബറാക് ഒബാമയ്ക്ക് ലഭിച്ച ജനപ്രീതി 84 ശതമാനമായിരുന്നു. ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ അമേരിക്കയില്‍ ഉടനീളം അദ്ദേഹത്തിനെതിരേ വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുവെന്നതും പ്രത്യേകതയാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 8നാണ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു മാസത്തിനു ശേഷമാണ് അദ്ദേഹം അധികാരമേറ്റത്. 147 വര്‍ഷം മുമ്പ് എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിളും അമ്മ കൈമാറിയ കുടുംബ ബൈബിളും കൈവശം വച്ചുകൊണ്ടാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. രാജ്യത്തെ ഒന്നിപ്പിക്കുമെന്നും അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കി മാറ്റുമെന്നും സത്യപ്രതിജ്ഞയ്ക്കു മുമ്പേ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പ്രസ്താവിച്ചു. ഭാര്യയും മകളും അടക്കമുള്ള കുടുംബാംഗങ്ങളോടൊത്താണ് അദ്ദേഹം റാലിയില്‍ എത്തിയത്. തന്റെ നേതൃത്വത്തില്‍ മെച്ചപ്പെട്ട രാഷ്ട്രമായി അമേരിക്കയെ മാറ്റിയെടുക്കുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും സൈന്യത്തെയും രാജ്യത്തിന്റെ അതിര്‍ത്തിയെയും ശക്തിപ്പെടുത്തുമെന്നുള്ള വാഗ്ദാനം പാലിക്കുമെന്നും ട്രംപ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss