|    Jan 17 Tue, 2017 6:17 am
FLASH NEWS

അമേരിക്കയില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ ഇന്ത്യ

Published : 27th August 2016 | Posted By: SMR

ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ (അമേരിക്ക): ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് അമേരിക്കയില്‍ തുടക്കമാവും. രണ്ടു മല്‍സരങ്ങളടങ്ങിയതാണ് പരമ്പര. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരം നാളെ അരങ്ങേറും.
ടെസ്റ്റ് പരമ്പര കൈക്കലാക്കിയ ഇന്ത്യ ട്വന്റിയിലും വിന്‍ഡീസിനെതിരേ വിജയകുതിപ്പ് തുടരാനുള്ള തയ്യാറെടുപ്പിലാണ്. ക്രിക്കറ്റിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് അമേരിക്കയില്‍ ഇരു ടീമും ട്വന്റി പരമ്പര കളിക്കുന്നത്. ക്രിക്കറ്റ് പ്രചാരണത്തില്‍ അമേരിക്ക ഏറെ പിന്നിലാണ്. ട്വന്റിയില്‍ ലോകത്തെ ഏറ്റവും മികച്ച ടീമുകളാണ് ഇന്ത്യയും വിന്‍ഡീസും. അത് കൊണ്ട് തന്നെ ആവേശകരമായ പോരാട്ടം കാണാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കയിലെ ക്രിക്കറ്റ് ആരാധകര്‍.
വിന്‍ഡീസ് നിലവിലെ ട്വന്റി ലോക ചാംപ്യന്‍മാരും ഇന്ത്യന്‍ മുന്‍ ജേതാക്കളുമാണ്. ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ് ട്വന്റിയിലും ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ്, ഏകദിന മല്‍സരങ്ങളെ അപേക്ഷിച്ച് പ്രവചനാതീതമാണ് ട്വന്റി ക്രിക്കറ്റ്. ടെസ്റ്റില്‍ വിന്‍ഡീസിനെതിരേ വ്യക്തമായ മുന്‍തൂക്കം നേടാനായെങ്കിലും ട്വന്റിയില്‍ ഇന്ത്യക്ക് അമിത ആത്മവിശ്വാസമൊന്നുമില്ല.
കാരണം, ലോകത്തെ ഏറ്റവും അപകടകാരികളായ ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍, കാര്‍ലോസ് ബ്രാത് വെയ്റ്റ്, ഡ്വയ്ന്‍ ബ്രാവോ, കിരോണ്‍ പൊള്ളാര്‍ഡ്, ലെന്‍ഡി സിമോണ്‍സ്, മാര്‍ലോണ്‍ സാമുവല്‍സ് എന്നിവരുള്‍പ്പെടുന്നതാണ് വിന്‍ഡീസ് ടീം. ഇവരില്‍ ഒരു താരം ക്രീസില്‍ നിലയുറച്ചാല്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് റണ്‍നിയന്ത്രിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നുറപ്പ്. കൂടാതെ, സുനില്‍ നരെയ്ന്‍, സാമുവല്‍ ബദ്രീ, ജേസന്‍ ഹോള്‍ഡര്‍ എന്നിവരുള്‍പ്പെടുന്ന മികച്ച ബൗളിങ് നിര കരീബിയന്‍ ടീമില്‍ അണിനിരയ്ക്കുന്നുണ്ട്. ബ്രാത്‌വെയ്റ്റാണ് വിന്‍ഡീസ് ക്യാപ്റ്റന്‍.
അതേസമയം, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ധോണി എന്നിവരിലാണ് ഇന്ത്യ പ്രധാനമായും ബാറ്റിങില്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. ടെസ്റ്റില്‍ നിറംമങ്ങിയ ശിഖറിന് തിരിച്ചുവരാനുള്ള സുവര്‍ണാവസരം കൂടിയാണ് ട്വന്റി പരമ്പര. ഇവര്‍ക്കു പുറമേ അജിന്‍ക്യ രഹാനെ, ലോകേഷ് രാഹുല്‍ എന്നിവരും ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ട് നയിക്കാന്‍ കഴിയുന്നവരാണ്.
വിന്‍ഡീസിനേക്കാള്‍ മികച്ച ബൗളിങ് നിരയാണ് ഇന്ത്യയുടേത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരാണ് ടീമിലുള്‍പ്പെട്ട ബൗളര്‍മാര്‍. ഔദ്യോഗികമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ അമേരിക്കന്‍ പര്യടനം കൂടിയാണിത്. അമേരിക്കയുടെ പ്രിയ കായിക ഇനമായ ബാസ്‌കറ്റ്‌ബോള്‍ കളിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ പലരും പരിശീലനം നടത്തിയത്.
ഇന്ത്യന്‍ ടീമിന്റെ പരിശീലനം കാണാനും താരങ്ങളുടെ ചിത്രം പകര്‍ത്താനും നിരവധി പേര്‍ ഗ്രൗണ്ടിലെത്തിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായ ശേഷം അനില്‍ ക്ലുംബ്ലെയുടെ ആദ്യ ട്വന്റി മല്‍സരം കൂടിയാണ് ഇന്നത്തേത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 81 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക