|    Mar 23 Fri, 2018 12:18 pm
FLASH NEWS
Home   >  Editpage  >  Editorial  >  

അമേരിക്കയില്‍ ഇന്നു വോട്ടെടുപ്പ്

Published : 8th November 2016 | Posted By: SMR

നീണ്ട ഒരു മല്‍സരത്തിന്റെ അന്ത്യംകുറിച്ചുകൊണ്ട് അമേരിക്കയിലെ വോട്ടര്‍മാര്‍ ഇന്നു തങ്ങളുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി പോളിങ്ബൂത്തില്‍ എത്തുകയാണ്. സങ്കീര്‍ണവും സംഘര്‍ഷഭരിതവും ഉദ്വേഗജനകവുമായ തിരഞ്ഞെടുപ്പു പ്രക്രിയയാണ് ഇത്തവണ നടന്നത്.
രണ്ടു മുഖ്യധാരാ കക്ഷികള്‍ അധികാരം പങ്കിട്ടെടുക്കുന്ന അമേരിക്കന്‍ വ്യവസ്ഥയില്‍ ആര് ജയിക്കും എന്നതില്‍ സാധാരണനിലയില്‍ ലോകത്തിനു പ്രത്യേകിച്ച് ഔത്സുക്യം ഉണ്ടാവേണ്ട കാര്യമില്ല. കാരണം, റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും നയങ്ങളും പരിപാടികളും ലോകത്തെ സംബന്ധിച്ചിടത്തോളം ഒരേപോലെ നിരാശാജനകവും ആപത്ഭരിതവുമാണ്. എന്നിരുന്നാലും ഇത്തവണ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ലോകസമൂഹത്തിനു സ്വീകാര്യമാവുന്നത് ഡെമോക്രാറ്റിക് കക്ഷിയുടെ ഹിലരി ക്ലിന്റനാണ് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ട്രംപ് റിപബ്ലിക്കന്‍ കക്ഷിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മാറിയത് അപ്രതീക്ഷിതമായ ഒരു അട്ടിമറിയിലൂടെയാണ്. ജനങ്ങള്‍ക്ക് പാര്‍ട്ടിയിലും അതിന്റെ നേതൃത്വത്തിലുമുള്ള വിശ്വാസം എത്രമാത്രം നഷ്ടമായിക്കഴിഞ്ഞു എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു ആ പാര്‍ട്ടിയില്‍ മുന്‍നിര നേതാക്കളെ തൊഴിച്ചുവീഴ്ത്തി ട്രംപ് നടത്തിയ മുന്നേറ്റം.
റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പല നേതാക്കളും ട്രംപുമായി വേദി പങ്കിടാന്‍ പോലും വിസമ്മതിക്കുകയാണ്. പലരും തങ്ങള്‍ അദ്ദേഹത്തിനു വോട്ട് നല്‍കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അതിനു കാരണം ട്രംപ് സാമാന്യമര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് സാധാരണ ജനങ്ങള്‍ക്കു നേരെയും സ്ത്രീകള്‍ക്കു നേരെയും പരസ്യമായി നടത്തിയ കടന്നാക്രമണങ്ങള്‍ തന്നെയാണ്. പാശ്ചാത്യ സംസ്‌കാരത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് പണ്ടു ഗാന്ധിജിയോട് ചോദിച്ചപ്പോള്‍ ‘കേള്‍ക്കാന്‍ സുഖമുള്ള ഒരു ആശയം’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. എന്നിരുന്നാലും പൊതുസമൂഹത്തില്‍ പാലിക്കേണ്ട ചില പരിമിതമായ മര്യാദകള്‍ പാശ്ചാത്യര്‍ക്കും ബാധകമാണല്ലോ. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പരസ്യമായി സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളില്‍ കടന്നുപിടിക്കാമെന്നു വരുന്നത് ഒരു സമൂഹത്തിനും അംഗീകരിക്കാനാവുന്ന കാര്യവുമല്ല.
അതിനാല്‍, തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹം വന്‍തോതില്‍ പിന്നാക്കംപോയിരുന്നു. പക്ഷേ, ഒരാഴ്ച മുമ്പ് എഫ്ബിഐ തലവന്‍ ഹിലരിയുടെ ഇ-മെയില്‍ വിവാദം വീണ്ടും അന്വേഷണവിധേയമാക്കും എന്നു പ്രഖ്യാപിച്ചത് ട്രംപിനു തണലായി മാറിയിരുന്നു. അഭിപ്രായ വോട്ടെടുപ്പുകളില്‍ ഹിലരിയുടെ പിന്തുണയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
അവസാനം തിരഞ്ഞെടുപ്പിനു വെറും 48 മണിക്കൂര്‍ മുമ്പ് എഫ്ബിഐ പറയുന്നു, ഹിലരിക്കെതിരേ പുതുതായി തെളിവൊന്നും ലഭ്യമല്ലെന്ന്. തീര്‍ച്ചയായും അതു വോട്ടെടുപ്പില്‍ പ്രതിഫലിക്കാനാണ് സാധ്യത കാണുന്നത്. സ്ത്രീകളും ന്യൂനപക്ഷ വിഭാഗങ്ങളും പൊതുവില്‍ ഹിലരി ക്ലിന്റന് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളും പൊതുവില്‍ ഹിലരിയെ അനുകൂലിക്കുന്നു. ഒരു വനിത ആദ്യമായി യുഎസ് പ്രസിഡന്റ് സ്ഥാനത്തു വരുന്നത് ഏതായാലും സ്വാഗതാര്‍ഹം തന്നെയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss