|    Aug 21 Tue, 2018 1:37 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അമേരിക്കന്‍ വിലക്കിന് മുമ്പ് ഇറാന് യൂറോപ്പിന്റെ സഹായം

Published : 6th August 2018 | Posted By: kasim kzm

തെഹ്‌റാന്‍: അമേരിക്കന്‍ വിലക്കിന് മുമ്പായി ഇറാന് അഞ്ചു വിമാനങ്ങള്‍ കൈമാറി യൂറോപ്പ്. ഫ്രഞ്ച്-ഇറ്റാലിയന്‍ വിമാന നിര്‍മാതാക്കളായ എടിആറാണ് അഞ്ച് വിമാനങ്ങള്‍ ഇറാനിലെത്തിച്ചത്. ഇതോടെ ഇറാന്‍ എടിആര്‍ കമ്പനിയില്‍ നിന്ന് 2017മുതല്‍ വാങ്ങാന്‍ തീരുമാനിച്ച 20ല്‍ 13 വിമാനങ്ങളും രാജ്യത്തെത്തി.
ആഗോള വിലക്കുകള്‍ കാരണം ലോകത്ത് ഏറ്റവും അധികം വിമാനാപകടങ്ങള്‍ ഉണ്ടാവുന്ന രാജ്യമാണ് ഇറാന്‍. 1952 മുതല്‍ ഇതുവരെ ഇറാനില്‍ 30ല്‍ അധികം വിമാനാപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
ആഗോള വിലക്കുകളാണ് ഇറാനിലെ വിമാനദുരന്തങ്ങള്‍ക്ക് കാരണം. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതും പഴയവയുടെ യന്ത്രഭാഗങ്ങള്‍ മാറ്റുന്നതിനും ഇറാന് വിലക്കുകള്‍ കീറാമുട്ടിയായിരുന്നു.
എന്നാല്‍ 2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പുകളും സമാധാന കരാറുകളും ഇറാന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടം വന്നതോടെ അതും അവസാനിച്ചു. ആഗസ്ത് ആറ് മുതല്‍ 2015ലെ നിരോധനം അമേരിക്ക നിലവില്‍ കൊണ്ടുവരും.
ഇതോടെ ബോയിങ്, എയര്‍ബസ് എന്നീ വിമാനക്കമ്പനികളുമായുണ്ടാക്കിയ കരാറുകള്‍ ഇറാന് റദ്ദാക്കേണ്ടിവരും.
2015ല്‍ അമേരിക്കന്‍ വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ ആയിരുന്നു ഇറാന്‍ പുതിയ 20 വിമാനങ്ങള്‍ വാങ്ങാന്‍ എടിആര്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ ഉപരോധം നിലവില്‍വരുന്നതോടെ ബാക്കിയുള്ള ഏഴു വിമാനങ്ങള്‍ കിട്ടാനുള്ള സാധ്യത കുറവാണ്. ഡോണള്‍ഡ് ട്രംപുമായുള്ള ഇറാന്റെ ബന്ധം വഷളായതാണ് നിലവിലെ അവസ്ഥകള്‍ക്കു കാരണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss