|    Dec 14 Fri, 2018 10:51 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അമേരിക്കന്‍ മതപ്രചാരകന്‍ ജോണിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുന്നു

Published : 27th November 2018 | Posted By: kasim kzm

പോര്‍ട്ട് ബ്ലെയര്‍: ആന്തമാന്‍-നിക്കോബാര്‍ ദ്വീപിലെ സെന്റിനല്‍ ഗോത്രവര്‍ഗക്കാര്‍ അമ്പെയ്തു കൊന്ന അമേരിക്കന്‍ മതപ്രചാരകന്‍ ജോണ്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഒരു വിഭാഗം പോലിസ് സംഘം കഴിഞ്ഞ ദിവസം ദ്വീപിനടുത്ത് ബോട്ടില്‍ എത്തിയിരുന്നു.
കടല്‍ത്തീരത്ത് ഗോത്രവര്‍ഗക്കാര്‍ ആയുധങ്ങളുമായി നില്‍ക്കുന്നതു കണ്ടെന്ന് ആന്തമാന്‍-നിക്കോബാര്‍ ദ്വീപ് പോലിസ് മേധാവി ദേവേന്ദ്ര പഥക് എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കടല്‍ത്തീരത്തു നിന്നു 400 മീറ്റര്‍ അകലെ ബോട്ട് നിര്‍ത്തി ബൈനോക്കുലറിലൂടെയാണ് പോലിസ് നിരീക്ഷണം നടത്തിയത്.
അമ്പുകളും കുന്തങ്ങളുമായി കരയില്‍ നില്‍ക്കുകയായിരുന്നു ഗോത്രവര്‍ഗക്കാരെന്ന് പോലിസ് വ്യക്തമാക്കി. ചൗവിന്റെ മൃതദേഹം കുഴിച്ചുമൂടിയത് കണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞ സ്ഥലത്താണ് ഗോത്രവര്‍ഗക്കാരെ കണ്ടതെന്നും പോലിസ് മേധാവി പറഞ്ഞു. ഗോത്രവര്‍ഗക്കാര്‍ പോലിസ് സംഘത്തെയും കണ്ടിരുന്നു. ഒരു ഏറ്റുമുട്ടലിലേക്ക് നീങ്ങാതെ പോലിസ് ഉടന്‍ തന്നെ പിന്‍വാങ്ങുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 17നാണ് ജോണ്‍ കൊല്ലപ്പെട്ടതെന്നും പോലിസ് വ്യക്തമാക്കി. 2006ല്‍ ദ്വീപില്‍ കടന്ന രണ്ട് മത്സ്യത്തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു.
ഗോത്രവര്‍ഗക്കാരുടെ ശ്രദ്ധ തിരിച്ച ശേഷം അവരുടെ കണ്ണില്‍ പെടാതെ മൃതദേഹം വീണ്ടെടുക്കുക മാത്രമാണ് നിലവിലുള്ള മാര്‍ഗം. ഇതിനായി നരവംശ ശാസ്ത്രജ്ഞരുടെയും ആദിവാസി ഗവേഷകരുടെയും അഭിപ്രായം തേടിയിട്ടുണ്ട്. ദ്വീപിലേക്ക് അതിക്രമിച്ചെത്തിയവരെ കൊന്ന ശേഷം സെന്റിനലുകള്‍ തുടരുന്ന ആചാരം പഠിക്കുകയാണ് വിദഗ്ധ സഹായത്തോടെ പോലിസ്.
പുറംലോകത്തു നിന്നുള്ളവരെ കൊലപ്പെടുത്തിയാല്‍ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പായി മൃതദേഹം മുളയില്‍ കൊരുത്ത് തീരത്തു പ്രദര്‍ശിപ്പിക്കാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ദൗത്യത്തിന് പോലിസ് ഒരുങ്ങുന്നത്.
വേഷവിധാനത്തോടെ ദ്വീപിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം അമ്പെയ്തു വീഴ്ത്തുന്ന സാഹചര്യത്തില്‍ നഗ്നരായി ദ്വീപിലേക്ക് എത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കൂടാതെ ഇരുമ്പും തേങ്ങയും ദ്വീപുവാസികള്‍ക്ക് സമ്മാനമായി നല്‍കി അവരെ അനുനയിപ്പിച്ച് മൃതദേഹം വീണ്ടെടുക്കാമെന്ന നിര്‍ദേശവും വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss