|    Feb 22 Wed, 2017 5:37 am
FLASH NEWS

അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട്

Published : 4th November 2016 | Posted By: SMR

കെപിഡി

അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. നവംബര്‍ എട്ടിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്ന കാര്യം ഇപ്പോള്‍ പ്രവചനാതീതമായ അവസ്ഥയിലാണ്. അഭിപ്രായസര്‍വേകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റനായിരുന്നു മുമ്പില്‍ നിന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ആദ്യമായി വാഷിങ്ടണ്‍ പോസ്റ്റും എബിസി ടെലിവിഷന്‍ ചാനലും നടത്തിയ അഭിപ്രായസര്‍വേയില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് നേരിയ മുന്‍തൂക്കം നേടിയതായി സൂചനയുണ്ട്. എന്നാല്‍, ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള പത്രങ്ങള്‍ നടത്തുന്ന സര്‍വേകളില്‍ ഇപ്പോഴും ഹിലരിക്കു തന്നെയാണ് മുന്‍തൂക്കം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ഹിലരി ക്ലിന്റന് ജനപിന്തുണയില്‍ കാര്യമായ ഇടിവു സംഭവിച്ചതായി പൊതുവില്‍ എല്ലാ സര്‍വേകളും അംഗീകരിക്കുന്നുണ്ട്. വിജയസാധ്യത സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ സ്ഥിരം സൂചികയില്‍ ഒരാഴ്ച മുമ്പ് 93 ശതമാനം വരെ മുന്‍തൂക്കം ഹിലരി ക്ലിന്റനുണ്ടായിരുന്നു. പക്ഷേ, അത് ഇപ്പോള്‍ 87 ശതമാനം വരെയായി കുറഞ്ഞിരിക്കുന്നു.
സമീപകാലത്ത് ഉണ്ടായതില്‍ വച്ച് ഏറ്റവും കടുത്ത മല്‍സരമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അനുഭവപ്പെടുന്നത് എന്ന്  രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാസങ്ങള്‍ക്കു മുമ്പ് പ്രൈമറികളില്‍ അതത് പാര്‍ട്ടികളുടെ പിന്തുണ തേടി രണ്ടു കക്ഷികളുടെയും വിവിധ സ്ഥാനാര്‍ഥികള്‍ മല്‍സരം തുടങ്ങിയപ്പോള്‍ ഇന്നത്തേതില്‍നിന്നു വളരെ വ്യത്യസ്തമായിരുന്നു സ്ഥിതിഗതികള്‍. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപ് മുന്നേറുമെന്ന സൂചനപോലും ആ അവസരത്തില്‍ ഉണ്ടായിരുന്നില്ല.
വളരെ നിഷേധാത്മകമായ പ്രചാരവേലയാണ് ട്രംപ് തുടക്കം മുതലേ നടത്തിയത്. അമേരിക്കക്കാരന്റെ, പ്രത്യേകിച്ച് വെള്ളക്കാരായ അമേരിക്കന്‍ വോട്ടര്‍മാരുടെ പലതരത്തിലുള്ള ഭീതികളും ഉല്‍ക്കണ്ഠകളും പരാതികളും പര്‍വതീകരിച്ച് അതിനു താന്‍ പരിഹാരമുണ്ടാക്കും എന്ന് പ്രഖ്യാപിച്ചാണ് ട്രംപ് ജനപിന്തുണ നേടിയത്. അയല്‍നാട്ടുകാരായ മെക്‌സിക്കോക്കാര്‍ അമേരിക്കയില്‍ വന്ന് തൊഴിലുകള്‍ തട്ടിയെടുക്കുകയാണെന്നും അവരെ തടയാന്‍ അതിര്‍ത്തിയില്‍ മതിലു പണിയുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അതേപോലെ ലോകമെങ്ങും മുസ്‌ലിംകള്‍ ഭീകരപ്രവര്‍ത്തനം നടത്തുകയാണെന്നും മുസ്‌ലിം വേഷക്കാരനായ ഒരാളെയും അമേരിക്കയില്‍ കാലുകുത്താന്‍ അനുവദിക്കുകയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇത്തരം വംശീയവും വിഭാഗീയവുമായ പ്രചാരവേലയ്ക്ക് വലിയതോതില്‍ പിന്തുണ ലഭിക്കുകയും ചെയ്തു.
അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റന് ശക്തമായ പ്രതിരോധം ഉയര്‍ത്തിയത് പ്രഫ. ബര്‍നീ സാന്‍ഡേഴ്‌സ് എന്ന ഒരു അധ്യാപകനായിരുന്നു. സാന്‍ഡേഴ്‌സ് ഇന്ന് അമേരിക്കയിലും ലോകമെങ്ങും അനുഭവപ്പെടുന്ന അസമത്വത്തിന്റെയും സാമ്പത്തിക ധ്രുവീകരണത്തിന്റെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് പ്രചാരണം നടത്തിയത്. ജനസംഖ്യയില്‍ വെറും ഒരു ശതമാനം വരുന്ന വരേണ്യര്‍ ലോകത്തെ ധനമെല്ലാം തങ്ങളുടെ കൈയില്‍ കുന്നുകൂട്ടിയിരിക്കുകയാണ്. മുഖ്യധാരാ പാര്‍ട്ടികളും രാഷ്ട്രീയനേതാക്കളും അവര്‍ക്ക് പിന്തുണ നല്‍കുകയാണ്. ഹിലരി ക്ലിന്റന്‍ ഇത്തരത്തിലുള്ള ഒരു വരേണ്യവിഭാഗത്തിന്റെ പ്രതിനിധിയാണ് എന്ന് സാന്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടി. യുവജനങ്ങളുടെ ശക്തമായ പിന്തുണ സാന്‍ഡേഴ്‌സ് നേടിയെങ്കിലും അന്തിമമായി ഹിലരി തന്നെയാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി വന്നത്. രണ്ടു പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞതോടെ മല്‍സരം കടുത്തതായി. കഴിഞ്ഞ മാസം നടന്ന മൂന്നു പ്രധാന ഡിബേറ്റുകളിലും ഹിലരിയാണ് മേല്‍ക്കൈ നേടിയത്.
ഡിബേറ്റുകളില്‍ നേടിയ മേല്‍ക്കൈയും ട്രംപിന്റെ സ്ത്രീകളുടെ നേരെയുള്ള കടന്നാക്രമണങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകളും ഇറാഖില്‍ രക്തസാക്ഷിയായ ഒരു അമേരിക്കന്‍ മുസ്‌ലിം സൈനികന്റെ കുടുംബത്തെ ട്രംപ് അപമാനിച്ചതും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നികുതി അടയ്ക്കാതെയാണ് അദ്ദേഹം കഴിയുന്നതെന്ന മാധ്യമ വെളിപ്പെടുത്തലും ഒക്കെ ട്രംപിന് വലിയ തിരിച്ചടി നല്‍കിയ കാര്യങ്ങളാണ്.
ഈ അന്തരീക്ഷത്തിലാണ് ഹിലരി ക്ലിന്റന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന കാലത്ത് സ്വകാര്യ ഇ-മെയില്‍ സെര്‍വര്‍ ഉപയോഗിച്ചതു സംബന്ധിച്ച അന്വേഷണം പുനരാരംഭിക്കുമെന്ന് ഫെഡറല്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഡയറക്ടര്‍ ജെയിംസ് കോമി പ്രഖ്യാപിച്ചത്. തീര്‍ത്തും അസാധാരണവും അപ്രതീക്ഷിതവുമായ നടപടിയാണ് എഫ്ബിഐ തലവന്റെ ഭാഗത്തുനിന്നു വന്നത്. കാരണം, ഇ-മെയില്‍ സംബന്ധിച്ച് നേരത്തേ ഒരുതവണ അന്വേഷണം നടത്തിയതാണ്. ഹിലരിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായെങ്കിലും അതിന്റെ പേരില്‍ ശിക്ഷാനടപടികള്‍ക്കോ മറ്റ് അന്വേഷണങ്ങള്‍ക്കോ സാധ്യതയില്ല എന്ന് നേരത്തേ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തില്‍ പുതിയ ചില വിവരങ്ങള്‍ ലഭിച്ചു എന്ന പേരില്‍ എഫ്ബിഐ നടത്തിയ പുനരന്വേഷണപ്രഖ്യാപനം ഹിലരിക്ക് വലിയ തിരിച്ചടിതന്നെയായി.
ഇപ്പോള്‍ വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. നവംബര്‍ എട്ടിനാണ് വോട്ടെടുപ്പെങ്കിലും വോട്ടര്‍മാരില്‍ ഒരു വലിയ പങ്ക് ഇതിനകം തന്നെ തപാല്‍ വഴി സമ്മതിദാനം നിര്‍വഹിച്ചുകഴിഞ്ഞിട്ടുണ്ട്. യുവാക്കളും സ്ത്രീകളും ഹിലരിക്ക് അനുകൂലമായി ശക്തമായി രംഗത്തിറങ്ങിയാല്‍ ആദ്യമായി ഒരു സ്ത്രീ അമേരിക്കന്‍ പ്രസിഡന്റാവും. മറിച്ചാണെങ്കില്‍ സ്വന്തം വാചകമടിയുടെ മാത്രം ബലത്തില്‍ പ്രസിഡന്റാവുന്ന ആദ്യത്തെ ആള്‍ എന്ന ഖ്യാതി ട്രംപിനുള്ളതാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക