|    Jan 21 Sat, 2017 1:44 am
FLASH NEWS

അമേരിക്കന്‍ തിരഞ്ഞെടുപ്പ്

Published : 4th February 2016 | Posted By: SMR

അമേരിക്കയില്‍ ഈ വര്‍ഷം അവസാനം പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കുകയാണ്. രണ്ടു തവണ വൈറ്റ്ഹൗസില്‍ അധികാരമേറ്റ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ബറാക് ഒബാമ ചുമതലകള്‍ പൂര്‍ത്തിയാക്കി ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കു നടക്കുമ്പോള്‍ ഇനിയാര് എന്ന ചോദ്യം പ്രസക്തമാണ്. അമേരിക്കയുടെ നേതാവാര് എന്ന ചോദ്യം അന്നാട്ടുകാര്‍ക്കു മാത്രം താല്‍പര്യമുള്ള വിഷയമല്ല, ലോകത്തെ ഏറ്റവും ശക്തമായ രാജ്യം എന്ന നിലയില്‍ അന്താരാഷ്ട്ര സമൂഹത്തിനും അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ താല്‍പര്യമുണ്ട്.
വളരെ ദീര്‍ഘമായ ഒരു തിരഞ്ഞെടുപ്പു പ്രക്രിയയാണ് അമേരിക്കയില്‍ പ്രസിഡന്റ് പദവിലേക്കുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ രണ്ടു മുഖ്യ പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ കണ്ടെത്തും. പ്രൈമറികള്‍ എന്നറിയപ്പെടുന്ന ഈ സംസ്ഥാനതല ആഭ്യന്തര മല്‍സരത്തില്‍ വിജയികളാവുന്ന സ്ഥാനാര്‍ഥികളാണ് നവംബറില്‍ നടക്കുന്ന യഥാര്‍ഥ വോട്ടെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടുന്നത്.
പതിവുപോലെ ഇത്തവണയും ഈ പ്രക്രിയ ആരംഭിച്ചിരിക്കുന്നത് അയോവ പ്രൈമറിയിലാണ്. ഡെമോക്രാറ്റിക് കക്ഷിയില്‍ രണ്ടു പ്രധാന നേതാക്കളാണു മല്‍സരരംഗത്തുള്ളത്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലരി ക്ലിന്റന്‍, വെര്‍മോണ്ട് സെനറ്റര്‍ ബെര്‍നീ സാന്‍ഡേഴ്‌സ്. രണ്ടു പേരും ഏതാണ്ട് തുല്യശക്തികളായാണ് അയോവയില്‍ മല്‍സരവേദി വിട്ടത്. അടുത്തയാഴ്ച ന്യൂ ഹാംപ്ഷയറില്‍ അവര്‍ വീണ്ടും മല്‍സരിക്കും.
എന്നാല്‍, കൂടുതല്‍ സങ്കീര്‍ണമാണ് യാഥാസ്ഥിതിക കക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ സ്ഥിതിവിശേഷം. അഭിപ്രായ വോട്ടെടുപ്പുകളില്‍ മുന്നില്‍ നിന്നത് തീവ്ര വലതുപക്ഷക്കാരനായ വന്‍ കോടീശ്വരന്‍ ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു. അമേരിക്കക്കാര്‍ക്കിടയില്‍ വ്യാപകമായ ഇസ്‌ലാംഭീതി ചൂഷണം ചെയ്തു നേട്ടം കൊയ്യാനാണ് ട്രംപ് ശ്രമം നടത്തിയത്. താന്‍ പ്രസിഡന്റായാല്‍ ഒറ്റ മുസ്‌ലിമിനെ പോലും അമേരിക്കയില്‍ കാലുകുത്താന്‍ അനുവദിക്കുകയില്ല എന്നുവരെ പ്രഖ്യാപിച്ചുകളഞ്ഞു ഈ മനുഷ്യന്‍. അമേരിക്കയില്‍ തന്നെ ധാരാളം മുസ്‌ലിംകളുണ്ടെന്നതോ അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍ പലതും മുസ്‌ലിം രാജ്യങ്ങളാണെന്നതോ ഒന്നും ഇദ്ദേഹത്തിന്റെ തലയില്‍ കയറുകയുണ്ടായില്ല. പരമത വിദ്വേഷവും ഭീതിയും പരത്തി വോട്ടു നേടുന്ന വിദ്യയില്‍ ഇന്ത്യയിലെ സംഘപരിവാരത്തിന്റെ പോലും ഗുരുവായി വരും ഡൊണാള്‍ഡ് ട്രംപ്.
പക്ഷേ, അയോവയില്‍ ട്രംപിനു തിരിച്ചടി ഏറ്റിരിക്കുകയാണ്. ടെഡ് ക്രൂസ് എന്ന ടെക്‌സാസ് സെനറ്ററാണ് അവിടെ മുന്നിലെത്തിയത്. ട്രംപിന് രണ്ടാം സ്ഥാനമുണ്ടെങ്കിലും വരാനിരിക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ യാഥാസ്ഥിതിക വോട്ടര്‍മാര്‍ ഒന്നുകില്‍ ക്രൂസിനെയോ അല്ലെങ്കില്‍ അയോവയില്‍ മൂന്നാം സ്ഥാനത്തെത്തിയ മാര്‍കോ റൂബിയോയെയോ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. ട്രംപ് പുറത്താവുന്നതോടെ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ മുഖ്യമല്‍സരം ഈ രണ്ടു സ്ഥാനാര്‍ഥികള്‍ തമ്മിലാവാനാണു സാധ്യത. ഇതില്‍ ആരു ജയിച്ചാലും അമേരിക്ക ലോകരംഗത്ത് എടുക്കുന്ന പിന്തിരിപ്പന്‍ നയങ്ങള്‍ തുടരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, മുഴു ഭ്രാന്തന്മാര്‍ ഒരു ആണവ മഹാശക്തിയുടെ തലപ്പത്തു വരുന്നത് ആര്‍ക്കായാലും സന്തോഷം തരുന്ന കാര്യമല്ലല്ലോ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 381 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക