|    Jan 18 Wed, 2017 12:42 am
FLASH NEWS

അമൃത്: പദ്ധതിരേഖ സംസ്ഥാനം പൂര്‍ത്തീകരിച്ചിട്ടില്ല- കേന്ദ്രമന്ത്രി

Published : 19th October 2016 | Posted By: SMR

കൊച്ചി:  അമൃത് പദ്ധതികളുടെ വിശദമായ പദ്ധതിരേഖ സംസ്ഥാനം പൂര്‍ത്തീകരിച്ചിട്ടില്ലെന്നും കൊച്ചി മെട്രോ നിര്‍മാണം 2017 ഏപ്രില്‍ മാസത്തിനകം പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി  വെങ്കയ്യ നായിഡു. വിവിധ നഗരവികസന പദ്ധതികളുടെ സംസ്ഥാനതല അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോ നിര്‍മാണം മുമ്പ് നിശ്ചയിച്ച കാലക്രമത്തിലും വേഗത്തിലുമാണ് മുന്നേറുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രൊജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് (പിഎംസി) രൂപീകരണവും കണ്‍സള്‍ട്ടന്റുമാരുടെ നിയമനവും വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്മാര്‍ട്ട് സിറ്റി, അമൃത് പദ്ധതികളില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തിനുള്ള സാധ്യതകള്‍ ആരായണം. അമൃത് പദ്ധതികളുടെ വിശദമായ പദ്ധതിരേഖ സംസ്ഥാനം പൂര്‍ത്തീകരിച്ചിട്ടില്ലെന്നും അവ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
പദ്ധതി നടത്തിപ്പില്‍ കേരളത്തിന് നല്ല റെക്കോഡാണുള്ളത്. കേരളത്തിന് ധാരാളം പ്രകൃതിവിഭവ സമ്പത്തുണ്ടെന്നും അത് ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. മഴവെള്ളസംഭരണം എല്ലാ വീടുകളിലും നിര്‍ബന്ധമാക്കണം. എല്ലാ മുനിസിപ്പാലിറ്റികളും റവന്യൂ ഉല്‍പാദനത്തെക്കുറിച്ച് ചിന്തിക്കണം. നല്ല സേവനം നല്‍കിയാല്‍ ജനങ്ങള്‍ അതിനുവേണ്ടി പണം മുടക്കാന്‍ തയ്യാറാവും. വിഭവസമാഹരണം നടത്തുന്നതിന് സുതാര്യത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ്മൂലം പദ്ധതിയില്‍ വന്ന മൂന്നുമാസത്തെ കാലതാമസം പരിഹരിക്കാന്‍ സംസ്ഥാനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരളത്തിന്റെ പ്രവര്‍ത്തനത്തില്‍ കേന്ദ്രം സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളിലേക്ക് ചെന്ന് വികസനപദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിച്ച് അവയ്ക്ക് പരിഹാരം കാണാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചത് പ്രകാരമാണ് അവലോകനയോഗം ചേര്‍ന്നതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് രാഷ്ട്രീയ പരിഗണനയ്ക്ക് അതീതമായി എല്ലാ സഹായങ്ങളും ഉണ്ടാവുമെന്നും  വെങ്കയ്യ നായിഡു പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ജലവൈദ്യുതി വിതരണത്തിന് പ്രത്യേക വിഭാഗം രൂപീകരിക്കാന്‍ സംസ്ഥാനം ആഗ്രഹിക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. അടുത്ത ദിവസം തിരുവനന്തപുരത്ത് ഇതുസംബന്ധിച്ച ഉന്നതതല യോഗം നടത്തുമെന്നും മന്ത്രി പറഞ്ഞു. തുറസ്സായ സ്ഥലത്തെ വിസര്‍ജനത്തില്‍ നിന്നും വിമുക്തമായ (ഒഡിഎഫ്) മുനിസിപ്പാലിറ്റി എന്ന നേട്ടം കൈവരിച്ചതിനുള്ള സ്വച്ഛതാ സര്‍ട്ടിഫിക്കറ്റ്  കട്ടപ്പന നഗരസഭയ്ക്കുവേണ്ടി നഗരസഭാധ്യക്ഷന്‍ ജോണി കുളംപിള്ളി കേന്ദ്രമന്ത്രിയില്‍ നിന്നു ഏറ്റുവാങ്ങി. സ്വച്ഛ് ഭാരത് പദ്ധതിക്കുവേണ്ടി 10 കോടി രൂപയുടെ ചെക്കും ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ വാസുകിക്ക് മന്ത്രി കൈമാറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക