|    Jun 23 Sat, 2018 9:54 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അമൃതാനന്ദമയി മഠത്തിന് നികുതി ഇളവ് ഉത്തരവ് വിവാദത്തില്‍

Published : 9th January 2017 | Posted By: fsq

amrithananthamayi

കൊല്ലം: അമൃതാനന്ദമയി മഠത്തിനു നികുതി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് വിവാദത്തില്‍. മഠത്തിനു ലഭിക്കുന്ന എല്ലാ തരം വരുമാനങ്ങള്‍ക്കും നികുതിയിളവു നല്‍കിക്കൊണ്ട് 2010 മാര്‍ച്ച് 25ന് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പുറത്തിറക്കിയ ഉത്തരവ് നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടരവര്‍ഷം തികയ്ക്കുന്ന ഈ അവസരത്തിലും നിലനില്‍ക്കുന്നു.മാതാ അമൃതാനന്ദമയി മഠത്തിന് എല്ലാ തരം വരുമാനങ്ങളില്‍നിന്നും നികുതിയിളവ് നല്‍കിക്കൊണ്ടുള്ള കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഈ അസാധാരണ ഉത്തരവുപ്രകാരം മഠത്തിന് കിട്ടുന്ന പലിശയും ലാഭവിഹിതവുമടക്കമുള്ള ഒരു വരുമാനത്തിനും അനന്തകാലത്തേക്ക് ടിഡിഎസ് നല്‍കേണ്ടതില്ല. മാതാ അമൃതാനന്ദമയി മഠത്തിന് വിവിധ ബാങ്കുകളിലുള്ള നിക്ഷേപത്തിന് 60,73,84,995 രൂപയാണ് പലിശ. ഇത്രയും തുകയ്ക്ക് 6.73 കോടി രൂപ ടിഡിഎസ് ഇനത്തില്‍ സര്‍ക്കാരിലേക്ക് ഒടുക്കണം എന്നാണു ചട്ടം. ചാരിറ്റി ട്രസ്റ്റുകള്‍ക്ക് പിന്നീട് ആദായനികുതി വകുപ്പിന്റെ പ്രാദേശിക ഓഫിസില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് തുക തിരികെ കൈപ്പറ്റാം. എന്നാല്‍, ഇതു മറികടക്കാന്‍ അമൃതാനന്ദമയി മഠം നേരത്തേ തന്നെ വഴി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമാണ് ധനമന്ത്രാലയത്തിന്റെ ഈ അസാധാരണ ഉത്തരവ്. പ്രത്യക്ഷനികുതി ബോര്‍ഡ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവനുസരിച്ച് മഠത്തിന്റെ നിക്ഷേപങ്ങളില്‍നിന്നോ നഷ്ടപരിഹാരങ്ങളില്‍നിന്നോ വരുമാനസ്രോതസ്സില്‍ നിന്നോ നികുതി ഈടാക്കാന്‍ പാടില്ല. ബാങ്ക് പലിശ മാത്രമല്ല മ്യൂച്വല്‍ ഫണ്ടടക്കമുള്ള എല്ലാ വരുമാനങ്ങള്‍ക്കും ഈ ഉത്തരവ് ഇന്‍കംടാക്‌സ് ആക്ടിലെ 10 23 സി ചട്ടം നിലനില്‍ക്കുന്ന കാലംവരെ നിലനില്‍ക്കും. അതേസമയം, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് നികുതിയിളവ് കൊടുക്കുന്നത് സെക്ഷന്‍ 11, 12, 13 പ്രകാരമാണെന്നും ആ സെക്ഷന്‍ പ്രകാരം മഠത്തിന് ഒരു നികുതിയിളവുമില്ലെന്നുമാണ് മഠം അധികൃതരുടെ പക്ഷം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss