|    Mar 27 Mon, 2017 11:59 pm
FLASH NEWS

അമൃതാനന്ദമയി മഠം ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ്: സിബിഐക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Published : 14th July 2016 | Posted By: SMR

കൊച്ചി: അമൃതാനന്ദമയി മഠത്തിലെ സ്വാമി പ്രകാശ് കോടികള്‍ വിലമതിക്കുന്ന ഭൂമി ബാങ്കുദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തില്‍ അലംഭാവം കാട്ടിയതിന് സിബിഐക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇടപാടില്‍ ഗൂഢാലോചന നടന്നതായി ദ്രുതാന്വേഷണത്തില്‍ വ്യക്തമായിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നിയമോപദേശം ലഭിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്ത സിബിഐ നടപടിയില്‍ ജസ്റ്റിസ് ബി കെമാല്‍പാഷ അതൃപ്തി രേഖപ്പെടുത്തി.
അങ്കമാലി മഞ്ഞപ്രയിലെ സന്ദീപനി സ്മാര്‍ട്ട് വില്ലേജ് പദ്ധതിക്കായി കണ്ടെത്തിയ എട്ടുകോടി വിലവരുന്ന ഭൂമി കുറഞ്ഞ വിലയ്ക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി പ്രകാശ്, സിന്‍ഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മഞ്ഞപ്ര സ്വദേശി എ ടി രഘുനാഥ് നല്‍കിയ ഹരജിയാണു കോടതി പരിഗണിച്ചത്. രഘുനാഥിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സന്ദീപനി സ്മാര്‍ട്ട് വില്ലേജ് പദ്ധതി നടപ്പാക്കാന്‍ സിന്‍ഡിക്കേറ്റ് ബാങ്ക് അങ്കമാലി ശാഖയില്‍നിന്നു ഹരജിക്കാരന്‍ വായ്പയെടുത്തിരുന്നു. സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നോട്ടീസ് അയച്ചു. ഇതോടെ ഈടായി നല്‍കിയ നിര്‍ദിഷ്ട പദ്ധതിസ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് സ്വാമി പ്രകാശ് രഘുനാഥിനെ സമീപിച്ചതുംഇവര്‍ തമ്മില്‍ ഭൂമികൈമാറ്റത്തിനു കരാറായതും.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം വായ്പ അവസാനിപ്പിക്കാനുള്ള അവസരം ബാങ്ക് അനുവദിച്ചു. 1.35 കോടിയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് പദ്ധതിയുടെ പേരില്‍ പ്രകാശ് കൈമാറി. സ്വാമിയുടെ നിര്‍ദേശപ്രകാരം ഈ ഡിഡി സസ്‌പെന്‍സ് അക്കൗണ്ടിലാണു രഘുനാഥ് നിക്ഷേപിച്ചത്. ഇതിനിടെ, സ്ഥലവില വീണ്ടും കുറച്ചുനല്‍കാന്‍ മുതിര്‍ന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹരജിക്കാരനുമായി ഇടപാട് അവസാനിപ്പിച്ചെന്ന രീതിയില്‍ ഡിഡി തിരികെനല്‍കാന്‍ പ്രകാശ് ആവശ്യപ്പെട്ടു.
രഘുനാഥിന്റെ അനുമതിയില്ലാതെ ബാങ്കധികൃതര്‍ ഇതു പ്രകാശിന് കൈമാറി. പിന്നീട് കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള സര്‍ഫാസി നിയമം ചുമത്തി ഹരജിക്കാരന്റെ സ്ഥലം ലേലത്തിനുവച്ചു.
1.65 കോടി രൂപയ്ക്ക് സ്ഥലം പ്രകാശ് തന്നെ ലേലത്തില്‍ പിടിച്ചു. രണ്ടരക്കോടിക്ക് ഹരജിക്കാരനുമായി വില്‍പനക്കരാറിലേര്‍പ്പെട്ട സ്ഥലമാണ് ബാങ്കുദ്യോഗസ്ഥരുടെ സഹായത്തോടെ കുറഞ്ഞ തുകയ്ക്ക് സ്വാമി കൈക്കലാക്കിയതെന്ന് ഹരജിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ ഞെട്ടലുണ്ടായെന്ന് കോടതി വ്യക്തമാക്കി. ദ്രുതാന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ കുറ്റകൃത്യം വെളിപ്പെടുത്തുന്ന തരത്തിലുള്ള റിപോര്‍ട്ടാണ് നല്‍കിയത്.
നിയമോപദേശവും അടിയന്തരമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു. എന്നാല്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ലെന്നും ബാങ്കിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയാല്‍ മതിയെന്നുമായിരുന്നു സിബിഐയുടെ ചെന്നൈ റീജ്യനല്‍ ഓഫിസില്‍നിന്നുള്ള തീരുമാനം.
പൊതുപണത്തിന്റെ സാന്നിധ്യമുള്ള ഏറെ ഗൗരവമുള്ള കേസാണിതെന്നും അതിനാല്‍ ബാങ്കിന്റെ വിജിലന്‍സ് അന്വേഷണത്തിനു വിടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day