|    Jun 24 Sun, 2018 4:45 pm
FLASH NEWS

അമൂല്യങ്ങളായ ഗാനങ്ങളടങ്ങിയ കാസറ്റുകള്‍ സംരക്ഷിക്കാന്‍ കലാഭവന്‍

Published : 30th January 2017 | Posted By: fsq

 

കൊച്ചി: അമൂല്യങ്ങളായ ഒട്ടേറെ ഗാനങ്ങളും സംഗീതപരിപാടികളും സംരക്ഷിക്കുന്നതിനായി കാസറ്റുകള്‍, സിഡികള്‍ എന്നിവ സമാഹരിക്കുന്നതിനും അവയുടെ ഉള്ളടക്കം ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുന്നതിനും ഉള്ള സംരംഭത്തിനു എറണാകുളം കലാഭവന്‍ യൂനിവേഴ്‌സലില്‍ തുടക്കം കുറിച്ചു. ഒരു കാസറ്റും സിഡിയും കലാഭവന്‍ യൂനിവേഴ്‌സല്‍ ചെയര്‍മാന്‍ ഡോ.ടോമി പുത്തനങ്ങാടിയ്ക്കു നല്‍കിക്കൊണ്ട് സണ്ണി മാത്യു ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എഫ്‌ഐആര്‍സി മുംബൈ, കലാഭവന്‍ യൂനിവേഴ്‌സല്‍, ഡിസ്‌ക്‌സ് ആന്റ് മെഷീന്‍സ് പ്ലാശനാല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍, എറണാകുളം കലാഭവന്‍ യൂനിവേഴ്‌സല്‍ മീഡിയ അക്കാദമിയില്‍ നടത്തിയ സെമിനാറിലാണ് ഇതിന്റെ ഉദ്ഘാടനകര്‍മ്മം നടന്നത്. ചരിത്രപരമായ പ്രാധാന്യമുള്ള ഒരു ദൗത്യമാണ് കലാഭവന്‍ യൂനിവേഴ്‌സല്‍ ഏറ്റെടുക്കുന്നതെന്ന് ചെയര്‍മാന്‍ ഡോ.ടോമി പുത്തനങ്ങാടി പറഞ്ഞു. അമൂല്യങ്ങളായ ഒട്ടേറെ ഗാനങ്ങളും സംഗീതപരിപാടികളും കാസറ്റുകളിലും സിഡികളിലും ഫ്‌ളോപ്പികളിലും മറ്റുമായി പുറത്തിറങ്ങിയിട്ടുണ്ട്. സാങ്കേതികവിദ്യയുടെ മാറ്റത്തോടെ അവ ഉപയോഗിക്കപ്പെടാതായി. അതുകൊണ്ട്, അവ സമാഹരിച്ചു പ്രവര്‍ത്തനക്ഷമമാക്കി അതിന്റെ ഉള്ളടക്കം ഡിജിറ്റല്‍ രൂപത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തി സൂക്ഷിക്കുകയും എക്കാലത്തേയും തലമുറകള്‍ക്കായി ലഭ്യമാക്കുകയുമാണ് കലാഭവന്‍ ചെയ്യുന്നത്. സണ്ണി മാത്യുവിന്റെ പാലാ, പ്ലാശനാലിലുള്ള മ്യൂസിയത്തില്‍ ഒരു ലക്ഷത്തിലേറെ ഗ്രാമഫോണ്‍ റെക്കോഡുകളും 250 ലേറെ പ്ലെയറുകളും സമാഹരിക്കപെട്ടിട്ടുണ്ട്. ഇവയുടെ പ്രദര്‍ശനവും കലാഭവനില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് കാസറ്റുകളും സിഡികളും സമാഹരിക്കുന്നതിനുള്ള സംരംഭത്തിനു കലാഭവന്‍ യൂനിവേഴ്‌സല്‍ നേതൃത്വം നല്‍കുന്നത്. സെമിനാറില്‍ ഗ്രാമി അവാര്‍ഡ് നോമിനിയായ ഡോ.റീനര്‍ ലോട്ട്‌സ് (ജര്‍മ്മനി), യുനെസ്‌കോയുടെ ലൈസനര്‍ ഡോ.ജോ പീറ്റര്‍,  ഡോ.സുരേഷ് ചന്ദവന്‍കര്‍ (മുംബൈ), ഗജേന്ദ്ര ഖന്ന (ബാംഗ്ലൂര്‍), അരുണാഭ ഘോഷ് (കൊല്‍ക്കത്ത) എന്നിവരും സണ്ണി മാത്യുവും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കലാഭവന്‍ സ്ഥാപക പ്രസിഡന്റ് ഫാ.ആബേലിന്റെ ചിരകാലാഭിലാഷമായിരുന്ന മീഡിയ അക്കാദമി തുടങ്ങുക, ഇന്റര്‍നാഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ നിറവേറ്റുകയാണ് ഇത്തരം സംരംഭങ്ങളിലൂടെ ചെയ്യുന്നതെന്ന് കലാഭവന്‍ യൂനിവേഴ്‌സല്‍ ചെയര്‍മാന്‍ ഡോ.ടോമി പുത്തനങ്ങാടി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss