|    Jun 19 Tue, 2018 6:20 pm
FLASH NEWS

അമീബകളുടെ ലോകം

Published : 29th February 2016 | Posted By: swapna en

ameeba
റഫീഖ് കുറ്റിക്കാട്ടൂര്‍

ഭയത്തിന്റെയും വേദനയുടെയും നിസ്സഹായതയുടെയും സ്വപ്‌നങ്ങളുടെയും കഥയാണ് ‘അമീബ’. കാസര്‍കോടിന്റെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നടക്കുന്ന കഥ. എന്‍ഡോസള്‍ഫാന്‍ രോഗബാധിതരെക്കുറിച്ച് ഡോക്യുമെന്ററികളും ഹ്രസ്വസിനിമകളും കഥകളും നോവലുകളും മറ്റും നിരവധിയുണ്ട്. അവരുടെ കുഴിമൂടിപ്പോയ വികാരങ്ങളിലൂടെ അതീവശ്രദ്ധയോടെ സഞ്ചരിക്കാന്‍ കഴിയുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകതയും വിജയവും.
ബംഗളൂരുവിലെ ഐടി കമ്പനിയിലെ അന്തരീക്ഷവും ബദിയടുക്കയിലെ അന്തരീക്ഷവും ഒരേ വികാരത്തിലും താപനിലയിലും സഞ്ചരിക്കുന്ന കാഴ്ചയാണ് സംവിധായകന്‍ മനോജ് കാ
ന ‘അമീബ’യിലൂടെ ഒരുക്കുന്നത്. വായയില്ലാതെ ഭക്ഷണം കഴിക്കുന്ന അമീബയെത്തന്നെ പ്രതീകമാക്കിയത് എന്തുകൊണ്ടും ക്രിയാത്മകമായി. കോശവര്‍ധനയിലൂടെ വളരുന്ന, ഇരയെ ആവാഹിച്ചെടുത്ത് ഭക്ഷണമാക്കുന്ന അമീബയെ ദ്യോതിപ്പിക്കുന്നതാണ് രണ്ടും- ഐടി ലോകവും എന്‍ഡോസള്‍ഫാനും.
എന്‍ജിനീയറിങ് കഴിഞ്ഞ് ഗ്രാമത്തില്‍ തിരിച്ചെത്തുന്ന നിമിഷ(ആത്മിയ)യിലൂടെയാണ് കഥ പറയുന്നത്. രണ്ടു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമുള്ള നാരായണന്റെ (ഇന്ദ്രന്‍സ്) രണ്ടാമത്തെ മകള്‍. രണ്ടു കൈകളുമില്ലാത്ത ആണ്‍കുട്ടിയാണ് നാരായണനുള്ളത്. എന്‍ഡോസള്‍ഫാന്റെ യഥാര്‍ഥ ഇരയായ വൈശാഖാണ് ഈ വേഷം ചെയ്തത്. വിധിയോടു പൊരുതി ഇപ്പോള്‍ ഡിഗ്രിക്കു പഠിക്കുകയാണ്. മൂത്തമകളായ മനീഷയെ(അനുമോള്‍) പെണ്ണുകാണാന്‍ വരുന്നവരില്‍നിന്നു മകനെ ഒളിപ്പിച്ചുവയ്‌ക്കേണ്ടിവരുന്ന കുടുംബമാണ് നാരായണന്റേത്. കുടുംബത്തിലെ അങ്ങേ തലയ്ക്കല്‍ ഒരു രോഗിയുണ്ടെന്ന കാരണത്താലോ ഒരു വഴിതെറ്റിപ്പോയവനുണ്ടെന്ന കാരണത്താലോ ബന്ധങ്ങള്‍ മുടങ്ങിപ്പോവുന്ന നിരവധി കുടുംബങ്ങളുടെ വേദനകളാണ് നാരായണന്‍ അടയാളപ്പെടുത്തുന്നത്.
എന്‍ഡോസള്‍ഫാന്റെ ഇരകളില്ലാത്ത വീടുകള്‍ കാണാന്‍ കഴിയാത്ത ഗ്രാമത്തിന്റെ കഥ പറയുമ്പോള്‍ ഓരോ ഫ്രെയിമിലും അവരുടെ ദൈന്യത വന്നുനിറയുന്നത് സ്വാഭാവികമാണ്. നാരായണന്റെ ഇരുകൈകളുമില്ലാത്ത മകന്‍ കാലുകൊണ്ട് എഴുതുകയും വരയ്ക്കുകയും ചെയ്യുന്നതും കുളിച്ചുകയറി തല തുവര്‍ത്താന്‍ നിന്നുകൊടുക്കുന്നതുമൊക്കെ പ്രേക്ഷകഹൃദയങ്ങളോട് ഒട്ടധികം അര്‍ഥങ്ങളില്‍ സംവദിക്കുന്നുണ്ട്. പറ്റേ കിടന്നുപോയ എന്‍ഡോസള്‍ഫാന്‍ ഇരയായ ഒരു പെണ്‍കുട്ടിയുണ്ട് ചിത്രത്തില്‍. ഇവര്‍ എന്‍ഡോസള്‍ഫാന്റെ യഥാര്‍ഥ ഇര തന്നെ. പേര് സിന്ധു. 35 വയസ്സോളം പ്രായമുണ്ടിവര്‍ക്ക്, രോഗബാധിതയായതിനാല്‍ കുട്ടിയെപ്പോലെ തോന്നിക്കുമെങ്കിലും.
ജീവിതത്തില്‍ സ്വപ്നം കാണാനോ ആഗ്രഹിക്കാനോ എന്തൊക്കെയുണ്ടെന്നുപോലും അറിയാത്ത ജീവിതങ്ങള്‍. നിമിഷയും അനിയനും ആ പെണ്‍കുട്ടിക്ക് കൂട്ടിരിക്കാന്‍ പോവുന്ന സമയങ്ങളാണ് സിനിമയിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങള്‍. ആ വീട്ടില്‍ പെണ്‍കുട്ടിയുടെ കിടക്കയുടെ അറ്റത്തിരുന്ന് കാമുകനോട് ഫോണില്‍ സംസാരിക്കുന്ന നിമിഷയെ, നോക്കുന്ന കുട്ടിയുടെ മുഖം പ്രേക്ഷകരെ വേട്ടയാടും.
പുറംലോകത്തെ കാഴ്ചകള്‍ എന്നോ അവസാനിച്ചുപോയ നിരവധി ജന്മങ്ങളെ പ്രതിനിധീകരിക്കുന്ന ആ കഥാപാത്രത്തിന് ‘ചിത്രം’ എന്ന സിനിമയാണ് കൂട്ടുകാരി ലാപ്‌ടോപ്പില്‍ കാണിച്ചുകൊടുക്കുന്നത്. ‘സിനിമയിലെ അയാളെന്റെ മനസ്സീന് പോണില്ലെ’ന്ന് പറയുന്നതോടൊപ്പം, ‘ഇനീം സിനിമ കണ്ടാല് എന്റെ സങ്കടം കൂടിക്കൂടി വര്വേള്ളൂ’വെന്ന് ആ കുട്ടിയെക്കൊണ്ട് ഉച്ചരിപ്പിക്കാന്‍ അനുഗൃഹീതനായ ഒരെഴുത്തുകാരനു മാത്രമേ സാധിക്കൂ. നിനക്കെന്നെ പ്രേമിച്ചുകൂടെയെന്ന് പെണ്‍കുട്ടി കിടക്കയില്‍ കിടന്ന്                       ചോദിക്കുമ്പോള്‍ എനിക്കീ പെണ്ണുങ്ങളോടൊക്കെ വെറുപ്പാണെന്നു പറയുന്ന ഇരുകൈകളുമില്ലാത്ത കുട്ടിയിലുമുണ്ട് ഈ ദൈന്യതയുടെ വരണ്ട കാഴ്ചകള്‍. പിറവിയെയും മരണത്തെയും ജീവിതത്തെയും ഒരുപോലെ ഭയപ്പെടുന്ന മനീഷ ആ ഗ്രാമത്തെയൊന്നാകെ പ്രതിനിധീകരിക്കുന്നു. തനിക്ക് പിറക്കാന്‍ പോവുന്ന കുഞ്ഞിന്റെ ദൈന്യതയാര്‍ന്ന മുഖത്തെ നേരത്തേ മനസ്സില്‍ വരയ്ക്കുന്ന മനീഷയുടെ പ്രതികരണങ്ങള്‍ അങ്ങേയറ്റത്തെ ആകുലതകളായിത്തന്നെ അടയാളപ്പെടുത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.
നേര് ഫിലിം സൊസൈറ്റിയുടെ ജനകീയ സംരംഭമായി ‘അമീബ’യെ അണിയിച്ചൊരുക്കിയത് 2012ലെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന സിനിമാ അവാര്‍ഡ് നേടിയ മനോജ് കാനയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളെ വില്‍പനച്ചരക്കാക്കാതെ അവരുടെ വേദനകളുടെയും സ്വപ്‌നങ്ങളുടെയും അര്‍ഥാന്തരങ്ങളാണ് ഇവിടെ വിഷയമാവുന്നത്. അതുകൊണ്ടുതന്നെ എന്‍ഡോസള്‍ഫാനെതിരായ ജനകീയസമരങ്ങളും മാധ്യമ പ്രചാരണവും നാട്ടുകാരുടെയും ചെറുസംഘങ്ങളുടെയും പ്രതിരോധങ്ങളുമൊന്നും പറയാതിരുന്നത് നന്നായെന്നു തോന്നുന്നു.
പ്രണയിനിയെത്തേടി വീട്ടിലെത്തുന്ന കാമുകനു മുന്നില്‍ മുടികൊഴിഞ്ഞ തലയും വിളര്‍ത്ത മുഖവുമായി പ്രത്യക്ഷപ്പെടുന്ന നിമിഷയും ആ കത്തുന്ന കാഴ്ചയില്‍നിന്ന് ഓടിമറയാന്‍ കൊതിക്കുന്ന കാമുകനും നാടിന്റെ നിസ്സഹായാവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത്. അവസാന ഷോട്ടിലെ പറന്നുപോവുന്ന ഹെലികോപ്റ്റര്‍ കോശവിഭജനം നടത്തി വളരുന്ന അമീബയെ മറ്റൊരു തലത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. സംവിധായകനും അഭിനേതാക്കളും ഒരുപോലെ പ്രശംസയര്‍ഹിക്കുന്ന സിനിമയെന്നു വേണം ‘അമീബ’യെ പറയാന്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss