|    Jan 25 Wed, 2017 12:53 am
FLASH NEWS

അമിത വേഗതയില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍

Published : 8th October 2016 | Posted By: Abbasali tf

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ അലയന്‍സ് ജങ്ഷനില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞത് രണ്ട് വിലപ്പെട്ട ജീവനുകള്‍. അമിത വേഗതയിലെത്തിയ ടിപ്പര്‍ലോറി ഹ്യുണ്ടായ് എൈടെന്‍ കാറില്‍ ഇടിക്കുകയായിരുന്നു. തൃപ്പൂണിത്തുറയെ ഞെട്ടിച്ചുകൊണ്ടാണ് ദുരന്ത വാര്‍ത്തയെത്തിയത്. അഞ്ച്‌പേര്‍ സഞ്ചരിച്ച വാഹനം അപകടത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മൂന്നുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭവന്‍സ് സ്‌കൂളില്‍ പഠിക്കുന്ന ഗൗതമിന്റെ പഠിപ്പു പോലും മുടക്കി നവരാത്രി ആഘോഷിക്കുന്നതിനായി തിരുവനന്തപുരത്തു സഹോദരിയുടെ വീട്ടിലേക്കുള്ള യാത്രയാണ് ദുരന്തമായത്.എല്ലാ വര്‍ഷവും പൂജ അവധി ആഘോഷിക്കുന്നതു തിരുവനന്തപുരത്തുള്ള ചേച്ചിയുടെ വീട്ടിലാണ്. മുന്‍ കാലങ്ങളില്‍ ട്രെയിന്‍ മാര്‍ഗമാണു പോയിരുന്നതെങ്കില്‍ ഇപ്രാവശ്യത്തെ യാത്ര കാറിലാക്കുകയായിരുന്നു.കുടുംബത്തിന്റെ നട്ടെല്ലായിരുന്ന രാജേഷിന്റെ മരണം വീട്ടുകാര്‍ക്കു മാത്രമല്ല നാട്ടുകാരേയും തീരാദു:ഖത്തിലാക്കി. സ്വകാര്യ ബസ് സര്‍വീസ് നടത്തി കുടുംബം പോറ്റിയിരുന്ന രാജേഷ് പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു.മരണാശന്യയായി ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിന്റെയും അമ്മയുടേയും വേര്‍പാടില്‍ അവസാനമായി ഒരു നോക്കുപോലും കാണാന്‍ കഴിയാതെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് സുജിത. വാരിയെല്ലു തകര്‍ന്ന നിലയിലാണെങ്കിലും സുജിതയ്ക്ക് ഓര്‍മ്മശക്തിയ്ക്ക് തകരാറില്ല.പുലര്‍ച്ചെയുള്ള ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ ക്രോസ് റോഡുകള്‍ മുറിച്ചു കടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നത്. കൂടാതെ ആര്‍ടിഒയുടെയും ട്രാഫിക് പൊലിസിന്റെയും പ്രത്യേക പരിഷ്‌കാരങ്ങള്‍ കൂടിയായപ്പോള്‍ എസ്എന്‍ കവലയും ക്രോസ് റോഡുകളുടെ ഭാഗങ്ങളും യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. കാല്‍നടക്കാര്‍ക്ക് പോലും യാത്ര ദുരിതമാണ്. ട്രാഫിക് പരിഷ്‌കാരത്തിനെതിരേ വ്യാപകമായ പ്രതിഷേധം ഉണ്ടായിട്ടും ദിനംപ്രതി അപകടങ്ങള്‍ നടന്നിട്ടും വേഗത കുറയ്ക്കാനും അപകട മേഖലയാണെന്നും കാണിക്കുന്ന ഒരു ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. അപകടത്തില്‍ മരിച്ചവര്‍ക്ക് നാട് മുഴുവനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക