|    Jan 17 Tue, 2017 12:46 pm
FLASH NEWS

അമിത ചാര്‍ജ് ഈടാക്കുന്നെന്നു പരാതി; മെഡിക്കല്‍ കോളജ് ഗൈനക്കോളജിയിലെ കൂട്ടിരിപ്പുകാരും ഓട്ടോക്കാരും തമ്മില്‍ വാക്കേറ്റം

Published : 5th August 2016 | Posted By: SMR

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ ചികില്‍സയിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാരും മെഡിക്കല്‍ കോളജ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ വാക്കേറ്റം.
ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നെന്ന് ആരോപിച്ചാണ് ഗൈനക്കോളി വിഭാഗത്തില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായത്. ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗൈനക്കോളി വിഭാഗത്തിലേക്ക് മെഡിക്കല്‍ കോളജ് സ്റ്റാന്‍ഡില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം പോലുമില്ല. എന്നാല്‍ സ്റ്റാന്‍ഡില്‍ നിന്ന് ഗൈനക്കിലെത്തുന്നതിന് 20 രൂപയാണ് ഓട്ടോക്കാര്‍ യാത്രക്കാരില്‍ നിന്നു വാങ്ങുന്നത്. എന്നാല്‍ ഗൈനക്ക് പരിസരത്ത് നിന്നു തിരികെ പോരുന്ന ഓട്ടോയില്‍ മെഡിക്കല്‍ കോളജ് സ്റ്റാന്‍ഡിലേക്ക് യാത്രക്കാര്‍ കയറിയാല്‍ 20 രൂപതന്നെ കൊടുക്കണം. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
ഇടുക്കി, പത്തനംതിട്ട, ആലുപ്പുഴ, കോട്ടയം, എറണാകുളം തുടങ്ങിയ വിവിധ ജില്ലകളില്‍ നിന്നുള്ള നിര്‍ധനരും സാധാരണക്കാരുമായ നൂറുകണക്കിന് ഗര്‍ഭിണികളും മറ്റു സ്ത്രീകളുമാണ് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികില്‍സയിലുള്ളത്. ഗൈനക്കോളജി വിഭാഗത്തില്‍ ചികില്‍സയിലുള്ളവര്‍ ഭക്ഷണം വാങ്ങുന്നതിനും മരുന്നു വാങ്ങുന്നതിനുമൊക്കെ മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിലെത്തണം. ഇതിനായി ഗൈനക്കിന്റെ പരിസരത്തേക്ക് വരുന്ന ഓട്ടോയെയാണ് ആശ്രയിക്കുന്നത്. ഇത്തരത്തില്‍ പലതവണ മരുന്നിനും ഭക്ഷണത്തിനുമൊക്കെയായി രോഗികളുടെ കൂട്ടിരിപ്പൂകാര്‍ക്ക് മെഡിക്കല്‍ കോളജ് സ്റ്റാന്‍ഡില്‍ എത്തേണ്ടി വരുന്നുണ്ട്. ഓരോ തവണയും ഇത്തരത്തില്‍ തിരികെ പോകാന്‍ കിടക്കുന്ന ഓട്ടോയില്‍ കയറുന്ന കൂട്ടിരിപ്പൂകാരന് ഓട്ടോ ചാര്‍ജായി 20 രൂപ വീതം നല്‍കേണ്ടി വരുന്നു. ഇതു വലിയ ചൂഷണമാണെന്ന് കൂട്ടിരിപ്പൂകാര്‍ ചൂണ്ടിക്കാട്ടുന്നു.
ഗൈനക്ക് പരിസരത്ത് നിന്നു തിരികെ പോരുന്ന ഓട്ടോക്കാര്‍ മിനിമം അഞ്ചൂ രൂപ വാങ്ങി യാത്രക്കാരെ സ്റ്റാന്‍ഡില്‍ ഇറക്കിയാല്‍ പരാതിക്കിട വരില്ലെന്നാണു കുട്ടിരിപ്പുകാര്‍ പറയുന്നത്. ഇതിനു പുറമേ സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോ വിളിച്ചുകൊണ്ടു പോവുന്ന കൂട്ടിരിപ്പൂകാരനു തിരികെ സ്റ്റാന്‍ഡിലേക്ക് ഇറക്കാന്‍ ഓട്ടോക്കാര്‍ തയ്യാറാവില്ല. ഇയാളുടെ കണ്ണുവെട്ടിച്ച് മറ്റുള്ളവരെ കയറ്റിക്കൊണ്ടു പോരുകയും അവരില്‍ നിന്നും 20രൂപ വാങ്ങുകയും ചെയ്യും.
ഇത്തരത്തില്‍ സാധാരണക്കാര്‍ ചികില്‍സ തേടുന്ന മെഡിക്കല്‍ കോളജ് പരിസരത്ത് നടക്കുന്ന ചൂഷണത്തിനെതിരേ രോഗികളുടെ കൂട്ടിരിപ്പുകാര്‍ സംഘടിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട്, കലക്ടര്‍, ഗാന്ധിനഗര്‍ പോലിസ്, ആര്‍ടിഎ ഓഫിസ് എന്നിവടങ്ങളില്‍ പരാതി നല്‍കുമെന്ന് കൂട്ടിരിപ്പുകാര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക