|    Oct 18 Thu, 2018 10:19 am
FLASH NEWS
Home   >  Editpage  >  Lead Article  >  

അമിത് ഷാ എന്ന വിവാദ പുരുഷന്‍

Published : 14th September 2017 | Posted By: fsq

കൊലപാതകം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോവല്‍, വിദ്വേഷപ്രസംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ മുന്‍നിര വിവാദപുരുഷനാണ് ബിജെപി അധ്യക്ഷനായ അമിത് ഷാ. 2010 ജൂലൈ 25ന് സുഹ്‌റബുദ്ദീന്‍ കേസില്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെടുകയും തുടര്‍ന്ന് ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് ഷായ്ക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുളസീറാം പ്രജാപതിയുടെ കൊലപാതകക്കേസിലും ഷാ കുറ്റാരോപിതനാണ്. എന്നാല്‍ 2014 ആഗസ്ത് 9ന് ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റതോടെ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറ്റവും സ്വാധീനമുള്ള നേതാവായി മാറുകയായിരുന്നു ഷാ. പാര്‍ട്ടി അധ്യക്ഷനായി മൂന്നു വര്‍ഷം പൂര്‍ത്തീകരിച്ച വേളയില്‍ തന്നെയാണ് ഗുജറാത്തില്‍നിന്നുള്ള ഷായുടെ രാജ്യസഭാ പ്രവേശനവും. കുശഭാവു താക്കറേക്ക് (1998-2000) ശേഷം ആദ്യമായാണ് ബിജെപിക്ക് ഒരു ആര്‍എസ്എസ് പ്രചാരകനായ അധ്യക്ഷനെ കിട്ടുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഷായുടെ പ്രകൃതം സംഘപരിവാരത്തിനുള്ളില്‍ അദ്ദേഹത്തെ സ്വീകാര്യനാക്കി. ഷായുടെ വരവ് ഉപരിസഭയില്‍ പാര്‍ട്ടിക്ക് പുതിയ കരുത്ത് പകരുമെന്നാണ് കരുതുന്നത്. ബിജെപിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ പാര്‍ലമെന്റേറിയന്‍ കൂടിയാവുന്നത് ഒരു കീഴ്‌വഴക്കമല്ല. മാത്രമല്ല, ഒരാള്‍ക്ക് ഒരു ഉത്തരവാദിത്തം എന്ന പ്രഖ്യാപിത പാര്‍ട്ടിനയത്തിന് എതിരുമാണത്. ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍ ഷായുടെ ലക്ഷ്യം ബിജെപിയെ ഒരു കോടിയിലധികം അംഗങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി വളര്‍ത്തുകയെന്നതായിരുന്നു.ഒരു സമ്പന്ന ബനിയ കുടുംബത്തില്‍ പിറന്ന അമിത് ഷായ്ക്ക് അമ്മയുടെ ഗാന്ധിയന്‍ ആശയങ്ങളേക്കാള്‍ ബിസിനസിനോടും ഹിന്ദുത്വ ആശയങ്ങളോടുമായിരുന്നു ചെറുപ്പം മുതലേ താല്‍പര്യം. ശാഖയിലും അച്ഛന്റെ പിവിസി പൈപ്പ് ബിസിനസിലുമായാണ് ഷാ വളര്‍ന്നത്. അച്ഛന്റെ കൂടെ ബിസിനസില്‍ നില്‍ക്കുമ്പോഴും കോ-ഓപറേറ്റീവ് ബാങ്കില്‍ സ്റ്റോക്ക് ബ്രോക്കറായി ഷാ പ്രവര്‍ത്തിച്ചു. ബാങ്കുമായി ബന്ധപ്പെട്ട ഈ തൊഴിലായിരിക്കണം ഷായെ കൂടുതല്‍ സ്വാധീനിച്ചത്. 90കളില്‍ തന്നെ ഗുജറാത്ത് സ്‌റ്റേറ്റ് ഫൈനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഷാ അടിച്ചെടുത്തിരുന്നു. 1999ല്‍ ഷാ അഹ്മദാബാദ് ഡിസ്ട്രിക്റ്റ് കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റായി. തുടര്‍ന്ന് ഗുജറാത്ത് സ്റ്റേറ്റ് ചെസ് അസോസിയേഷന്‍ പ്രസിഡന്റായും സോമനാഥ് ക്ഷേത്ര ട്രസ്റ്റിയായും തിരഞ്ഞെടുക്കപ്പെട്ടു. 2009ല്‍ സമ്പന്നമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും (പ്രസിഡന്റ് മോദി) പിന്നീട് പ്രസിഡന്റായും (മോദി പ്രധാനമന്ത്രിയായപ്പോള്‍) പ്രവര്‍ത്തിച്ചു. തിരഞ്ഞെടുപ്പുവേളയില്‍ ഷാ പുറത്തുവിട്ട ആസ്തിയുടെ വിവരം അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടൊപ്പം വളര്‍ന്ന സമ്പന്നതയെക്കുറിച്ച് നമുക്കൊരു ചിത്രം നല്‍കും. 2012ലെ 1.91 കോടിയില്‍ നിന്ന് 2017 ആവുമ്പോഴേക്കും 19.01 കോടിയായാണ് ഷായുടെ ആസ്തി വളര്‍ന്നത്. അവസാനത്തെ അഞ്ചുവര്‍ഷം കൊണ്ട് ആസ്തിയില്‍ 300 ശതമാനം വളര്‍ച്ചയാണുണ്ടായത്.  നരേന്ദ്രമോദി സംഘത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിക്കുന്ന കാലത്താണ് ഷാ ആര്‍എസ്എസിലേക്ക് വരുന്നത്. അഹ്മദാബാദില്‍ വച്ച് ഒരു മെന്ററായി നരേന്ദ്രമോദിയെ ഷാ കണ്ടുമുട്ടുമ്പോള്‍ രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ആഘാതമുളവാക്കുന്ന കൂട്ടുകെട്ടായി അത് വളരുമെന്ന് ആരും നിനച്ചിരിക്കില്ല. ഇടക്കാലത്ത് ഭരണത്തില്‍ അനാവശ്യമായി ഇടപെടുന്നുവെന്ന പരാതി പാര്‍ട്ടിയില്‍ ഉയര്‍ന്നപ്പോള്‍ മോദിയെ ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റിയപ്പോഴും ഗുജറാത്തിലെ മോദിയുടെ ഇന്‍ഫോര്‍മറായി ഷാ പ്രവര്‍ത്തിച്ചു. തുടക്കം മുതലേ  ബൂത്ത് ലെവലില്‍ പ്രവര്‍ത്തിക്കുന്ന നേതാവായിരുന്നു ഷാ. മോദി ഗുജറാത്തിലെ സംഘടനാ സെക്രട്ടറിയായിരുന്ന കാലത്ത് ബിജെപിക്കാരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഉത്തരവാദിത്തം ഷായ്ക്കായിരുന്നു. ഷായുടെ ശാഖാപ്രവര്‍ത്തനം തുടക്കം മുതലേ രാഷ്ട്രീയപ്രവര്‍ത്തനവുമായി സംയോജിച്ചാണ് വികസിച്ചത്. ഡല്‍ഹിയിലേക്കുള്ള വഴി ലഖ്‌നോയിലൂടെയാണെന്നു പറഞ്ഞത് വാജ്‌പേയിയാണ്. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ യുപി തന്നെയാണ് ഷായെ ബിജെപിക്കുള്ളില്‍ കരുത്തുറ്റ നേതാവാക്കി വളര്‍ത്തിയത്. പശുബെല്‍റ്റിലെ രാഷ്ട്രീയം ഷായ്ക്ക് നന്നായറിയാം. യുപിയില്‍ മറ്റു ജാതികളുമായി ഒരു വിശാല രാഷ്ട്രീയ ഐക്യം ഉണ്ടാക്കിയെടുക്കുന്നതില്‍ ഷാ വിജയിച്ചു. ലോക്‌സഭയിലേക്കുള്ള 80ല്‍ 73 സീറ്റും കരസ്ഥമാക്കിയത് ഷായുടെ സംഘാടന മികവായാണ് കണക്കാക്കുന്നത്. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഏതൊരു രാഷ്ട്രീയപ്പാര്‍ട്ടിക്കും നേടാന്‍ കഴിയാത്തത്ര വലിയ വിജയമാണ് യുപിയില്‍ ബിജെപി ഷായിലൂടെ നേടിയത്. 2012ല്‍ വിധാന്‍ സഭയില്‍ വെറും 47 സീറ്റുണ്ടായിരുന്ന ബിജെപിയാണ് 403ല്‍ 325 സീറ്റും കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പില്‍ വാരിക്കൂട്ടിയത്. ഷാ ബിജെപി അധ്യക്ഷനായി ചുമതലയേറ്റശേഷം വലിയ മുന്നേറ്റമാണ് പാര്‍ട്ടി ദേശീയതലത്തില്‍ ഉണ്ടാക്കിയെടുത്തിട്ടുള്ളത്. 2014 മെയ് മുതല്‍ നടന്നിട്ടുള്ള 16 അസംബ്ലി തിരഞ്ഞെടുപ്പുകളിലായി പത്ത് സംസ്ഥാനങ്ങളെയാണ് ബിജെപി അതിന്റെ പാളയത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഇപ്പോള്‍ അവര്‍ 18 സംസ്ഥാനങ്ങള്‍ ഭരിക്കുന്നു. ഹരിയാനയില്‍ ബിജെപിക്ക് ആദ്യത്തെ മുഖ്യമന്ത്രിയുണ്ടായി. മഹാരാഷ്ട്രയിലും പാര്‍ട്ടി ആദ്യ മുഖ്യമന്ത്രിക്കു ജന്മം നല്‍കി. ജമ്മു കശ്മീര്‍, അസം, മണിപ്പൂര്‍ എന്നിവിടങ്ങളിലും ബിജെപി ആദ്യമായി അധികാരം രുചിച്ചു. ഗോവയിലാണെങ്കില്‍ പാര്‍ട്ടി രണ്ടാംസ്ഥാനത്താണെങ്കിലും അധികാരത്തിലുണ്ട്. അരുണാചല്‍പ്രദേശില്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍പ്രദേശിന്റെ ആകെയുള്ള 43 എംഎല്‍എമാരില്‍ 33 പേരെയും മറിച്ചാണ് അവര്‍ പുതിയ സര്‍ക്കാരിന് രൂപം നല്‍കിയത്. അമിത് ഷാ ബിജെപിയെ ബ്രാഹ്മണ-ബനിയ പാര്‍ട്ടിയില്‍ നിന്ന് പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ കൂടി വോട്ട് ലഭിക്കുന്ന പാര്‍ട്ടിയാക്കി മാറ്റിയെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പുവേളയില്‍ വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന രീതിയിലുള്ള വിദ്വേഷ പ്രസംഗങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ് ഷാ ഇത് സാധ്യമാക്കുന്നത്. പ്രകോപനപരമായ പ്രസംഗം ഷായുടെ ശൈലിയാണ്. ഇന്ത്യക്കകത്തും പുറത്തും സമാദരണീയനായ ഗാന്ധിയെ കുശാഗ്രബുദ്ധിക്കാരനായ ബനിയയെന്നാണ് ഷാ ഒരു പ്രസംഗത്തിനിടെ വിശേഷിപ്പിച്ചത്. യുപി ഇലക്ഷന്‍ സമയത്ത് ജാട്ടുകളോട് മുസ്‌ലിംകള്‍ക്കെതിരേ കലാപാഹ്വാനം നടത്തിയതിന് ഷായ്‌ക്കെതിരേ കേസുണ്ടായിരുന്നു. ഷാ സന്ദര്‍ശനം നടത്തിയ പ്രദേശങ്ങളിലൊക്കെ സമുദായ സ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള ഇടപെടലുകളും പ്രസംഗങ്ങളുമാണ് നടത്തിയിട്ടുള്ളത്. പരമാവധി വോട്ട് ധ്രുവീകരിക്കുകയും മറുപക്ഷത്ത് ഭിന്നിപ്പുണ്ടാക്കുകയുമാണ് ഷായുടെ എവിടത്തെയും തന്ത്രം. ഇന്ത്യയെ മതേതരമായ ജീവിതശൈലിയില്‍ നിന്നു ഫാഷിസ്റ്റ് ക്രമത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതില്‍ ഷായ്ക്കുള്ള പങ്ക് ചെറുതല്ല. പരമതവിദ്വേഷം ഇത്രമേല്‍ ശക്തമായ ഒരു കാലം ഇന്ത്യയില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ഷായുടെ കീഴില്‍ രാജ്യത്ത് ബിജെപിയേക്കാള്‍ കൂടുതല്‍ വളര്‍ന്നത് മനുഷ്യവിദ്വേഷമാണ്; പിന്നെ ഭയവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss