|    Dec 11 Tue, 2018 9:41 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അമിത്ഷായെ രക്ഷിച്ചത് ബെഹ്‌റ

Published : 2nd December 2018 | Posted By: kasim kzm

വടകര: എന്‍ഐഎ ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലില്‍ ബിജെപി നേതാക്കളെ രക്ഷിച്ചതിനു ലോക്‌നാഥ് ബെഹ്‌റക്ക് ലഭിച്ച പ്രത്യുപകാരമാണ് കേരളത്തിലെ ഡിജിപി നിയമനമെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബെഹ്‌റ നരേന്ദ്ര മോദിക്കും പിണറായി വിജയനുമിടയിലെ പാലമാണെന്നും അദ്ദേഹം ആരോപിച്ചു. വടകരയില്‍ യൂത്ത്‌ലീഗ് യുവജനയാത്ര സമ്മേളനത്തിലാണ് കെപിസിസി പ്രസിഡന്റ് ലോക്‌നാഥ് ബെഹ്‌റക്കെതിരേ ആഞ്ഞടിച്ചത്.
ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത്ഷാ അടക്കമുള്ളവരെ രക്ഷിക്കുന്ന റിപോര്‍ട്ടാണ് ലോക്‌നാഥ് ബെഹ്‌റ തയ്യാറാക്കിയത്. ഇതിന്റെ ഫയലുകള്‍ താന്‍ ആഭ്യന്തര സഹമന്ത്രി ആയിരുന്നപ്പോള്‍ കണ്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ബെഹ്‌റ അന്നു നല്‍കിയ റിപോര്‍ട്ട് ഞങ്ങളെയൊക്കെ വിസ്മയിപ്പിച്ചിരുന്നു. പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ ആദ്യമായി ഒപ്പിട്ട ഫയല്‍ ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയായി നിയമിച്ച ഫയലായിരുന്നു. ഇതിനു പിന്നില്‍ നരേന്ദ്ര മോദിയുടെ താല്‍പര്യമാണ്. പിണറായി വിജയനും നരേന്ദ്ര മോദിക്കും ഇടയിലുള്ള പാലമാണ് ബെഹ്‌റ.
സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇതിന് ഉദാഹരണമാണ് ശബരിമലയില്‍ പോലിസിന്റെ മൈക്ക് ഉപയോഗിച്ച് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി സംസാരിച്ചതിനെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചത്. അക്രമകാരികളായ സംഘപരിവാര ശക്തികള്‍ക്ക് ശബരിമലയില്‍ അഴിഞ്ഞാടാന്‍ എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തത് പിണറായിയാണ്. സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ വര്‍ഷങ്ങളായി നല്ല ബന്ധമാണെന്നു വല്‍സന്‍ തില്ലങ്കേരി പറഞ്ഞിട്ടും അതിനെ എതിര്‍ക്കാന്‍ സിപിഎം തയ്യാറായിട്ടില്ല.
നരേന്ദ്ര മോദിയും പിണറായിയും ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതില്‍ മത്സരിക്കുകയാണ്. മോദിഭരണം ദുരന്തങ്ങളുടെ ഘോഷയാത്രയാണ്. കേന്ദ്രത്തില്‍ മോദി അധികാരത്തില്‍ വന്ന ആദ്യദിനങ്ങളില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കുകയായിരുന്നു. എല്ലാ മേഖലകളിലും തകര്‍ന്ന കേന്ദ്ര സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന മോദി രാജ്യത്തെ കഴിവുകെട്ട പ്രധാനമന്ത്രിയാണ്. ജനങ്ങള്‍ക്കു പറ്റിയ കൈത്തെറ്റാണ് മോദിയും പിണറായിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss