|    Sep 21 Thu, 2017 1:44 am

അമര്‍ത്യ സെന്‍ പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രവശങ്ങളെ അവഗണിച്ചു: മാര്‍ക്ക് ലിന്‍ഡ്‌ലി

Published : 12th November 2016 | Posted By: SMR

തിരൂര്‍: നോബല്‍ സമ്മാനജേതാവായ അമര്‍ത്യസെന്‍ തന്റെ വികസന സിദ്ധാന്തങ്ങളില്‍ പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രവശങ്ങളെ അവഗണിച്ചതായി ഗാന്ധിയന്‍ സാമ്പത്തിക സിദ്ധാന്തങ്ങളുടെ പ്രണേതാവും സ്‌പെയിനിലെ സര്‍ഗോസാ യൂനിവേഴ്‌സിറ്റി പ്രൊഫസറുമായ മാര്‍ക്ക് ലിന്‍ഡ്‌ലി.മനുഷ്യരുടെ ക്ഷേമം മുന്‍നിര്‍ത്തി തന്റെ സാമ്പത്തിക സിദ്ധാന്തം പടുത്തുയര്‍ത്തിയ സെന്‍ ആഗോളതാപനം,ജീവികളുടെ വംശനാശം ജലദൗര്‍ലഭ്യം തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ലെന്നും മലയാളസര്‍വകലാശാലയില്‍ ‘അമര്‍ത്യസെന്നും പാരിസ്ഥിതിക ധനശാസ്ത്രവും’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കവെ ലിന്‍ഡ്‌ലി വ്യക്തമാക്കി.മനുഷ്യ വിഭവത്തില്‍ ശ്രദ്ധ ഊന്നിക്കൊണ്ടാണ് അമര്‍ത്യസെന്നന്‍ തന്റെ സിദ്ധാന്തം രൂപപ്പെടുത്തിയത്.സാമ്പത്തിക വളര്‍ച്ചയെന്നത് അദ്ദേഹത്തിന് മനുഷ്യവിഭവശേഷിയുടെ വളര്‍ച്ച മാത്രമായിരുന്നു.സുസ്ഥിരവികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പ്പം ഒരര്‍ഥത്തില്‍ അവ്യക്തമാണെന്നും ലിന്‍ഡ്‌ലി ചൂണ്ടിക്കാട്ടി. സുസ്ഥിര വികസനത്തെക്കുറിച്ചുള്ള അമര്‍ത്യയുടെ സങ്കല്‍പത്തില്‍ പ്രകൃതി വിഭവ വികസനവും ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് ലിന്‍ഡ്‌ലിയുടെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ പ്രൊഫ. എം ശ്രീനാഥന്‍, ഡോ.കെ എം. ഭരതന്‍, പ്രൊഫ. മധു ഇറവങ്കര, അസി. പ്രൊഫസര്‍മാരായ ഡോ.എ പി ശ്രീരാജ്, ഡോ. ആര്‍ ധന്യ  സംസാരിച്ചു. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന പരിസ്ഥിതി സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനായ ലിന്‍ഡ്‌ലി ഹാര്‍വാര്‍ഡ്, കൊളംബിയ, ലണ്ടന്‍, ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റികളിലും ന്യൂയോര്‍ക്കിലെ സിറ്റി യൂനിവേഴ്‌സിറ്റിയിലും അധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക