|    Oct 22 Sun, 2017 3:48 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അഭിലാഷ് വധം: സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Published : 17th August 2016 | Posted By: SMR

ഇരിങ്ങാലക്കുട: കൊടകര വാസുപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കാട്ടൂര്‍ വീട്ടില്‍ അഭിലാഷ് കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. ഒന്നുമുതല്‍ നാലു വരെ പ്രതികളായ ചെറുപറമ്പില്‍ ഷാന്റോ (24), കിഴക്കേപുരക്കല്‍ ജിത്തു, പൊട്ടക്കാരന്‍ ഡെന്നീസ് (29), ചവറക്കാടന്‍ ശിവദാസ് (24), ഏഴാം പ്രതിയും ഓട്ടോ ഡ്രൈവറുമായ അയിനിക്കാടന്‍ രാജന്‍ (46) എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ ശിക്ഷിച്ചത്. 18 പ്രതികളുണ്ടായിരുന്ന കേസിലെ മറ്റുള്ളവരെ നേരത്തേ വെറുതെ വിട്ടിരുന്നു.
കഴിഞ്ഞ തിരുവോണനാളിലാണ് അഭിലാഷിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്നു അഭിലാഷ്. പിന്നീട് ബിജെപിയില്‍ ചേരുകയും ബിഎംഎസിന്റെ ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്റെ യൂനിറ്റ് ആരംഭിക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം മൂലമാണ് അഭിലാഷിനെ വെട്ടിക്കൊന്നതെന്നാണ് കേസ്.
ഇക്കഴിഞ്ഞ 12നാണ് പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്. പട്ടാപ്പകല്‍ നടന്ന കൊലപാതകമായതിനാല്‍ ധാരാളം പേര്‍ സാക്ഷികളായിരുന്നു. വെള്ളിക്കുളങ്ങര പോലിസാണ് കേസ് അന്വേഷിച്ചത്.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സൗമ്യ വധക്കേസില്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എസ് സുരേശനും പ്രതികള്‍ക്കു വേണ്ടി അഡ്വ. മഞ്ചേരി ശ്രീധരന്‍ നായര്‍, അഡ്വ. കെ ഡി ബാബു എന്നിവരും ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക