|    Nov 17 Sat, 2018 10:39 am
FLASH NEWS
Home   >  Kerala   >  

അഭിമന്യു വധം : സിപിഎമ്മിന്റെത് അതിശയോക്തി നിറഞ്ഞ കുപ്രചരണം- എസ്ഡിപിഐ, 20 മുതല്‍ സംസ്ഥാനതല കാംപയിന്‍

Published : 12th July 2018 | Posted By: G.A.G

കോഴിക്കോട്: മഹാരാജ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ)ക്കെതിരേ സിപിഎം നടത്തുന്നത് അതിശയോക്തി നിറഞ്ഞ കുപ്രചരണമാണെന്ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. എസ്ഡിപിഐ കേഡര്‍മാരില്‍ ആരെയും ഇതുവരെ കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടില്ല. മഹാരാജാസ് സംഭവം മുന്‍നിര്‍ത്തി സിപിഎം നടത്തുന്ന വാസ്തവവിരുദ്ധമായ പ്രചരണങ്ങള്‍ അവര്‍ എസ്ഡിപിഐ ശക്തരായ രാഷ്ട്രീയ പ്രതിയോഗികളായി കാണുന്നതിന്റെ തെളിവാണെന്നും ഫൈസി കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അഭിമന്യു വധത്തിന്റെ മറപിടിച്ച് എസ്ഡിപിഐയെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വധത്തിന് പിന്നില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നുണ്ട്. കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തി നിയമത്തിന് മുന്നില്‍ ഹാജരാക്കുകയാണ് വേണ്ടത്. അതിന് ശ്രമിക്കാതെ കിട്ടിയ അവസരം മുതലെടുത്ത് എസ്ഡിപിഐയെ ‘ഫിനിഷ്’ ചെയ്ത് കളയാനാണ് സിപിഎം നേതാക്കളും മന്ത്രിമാരും ശ്രമിക്കുന്നത്. മഹാരാജാസ് സംഭവത്തില്‍ എസ്ഡിപിഐയെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം മലപ്പുറത്ത് പറഞ്ഞത്. പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യത്തില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിരിക്കുന്ന മന്ത്രിമാരില്‍ നിന്നും സിപിഎം നേതാക്കളില്‍ നിന്നും ഇത്തരം പ്രസ്താവനകളുണ്ടാകുന്നത് ഖേദകരമാണ്. ഇത്തരം പ്രസ്താവനകള്‍ എസ്ഡിപിഐയുടെ ബഹുജന്‍ രാഷ്ട്രീയത്തെ സിപിഎം ഭയക്കുന്നത് കൊണ്ടാണ്.
സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുസ്‌ലിം വിദ്യാര്‍ഥികളുടെ ‘മുസ്‌ലിം പുഞ്ചിരി’യുമായി ബന്ധപ്പെടുത്തി  വന്ന വാര്‍ത്ത വര്‍ഗീയതക്ക് വളം വെക്കുന്നതാണ്. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഇരുട്ടിന്റെ മറവില്‍ അജ്ഞാതര്‍ കടന്നു കയറി നാശനഷ്ടമുണ്ടാക്കിയ സംഭവത്തില്‍ എസ്ഡിപിഐയാണെന്നാണ് യാതൊരു തെളിവുമില്ലാതെ ഇടതു സംഘടനകള്‍ ആരോപിക്കുന്നത്. സിപിഎം പുലര്‍ത്തുന്ന ഉത്തരവാദിത്ത രഹിതമായ ഇത്തരം നിലപാടുകള്‍ കേരളത്തില്‍ വര്‍ഗീയത വളര്‍ത്താനും സമാധാനം തകര്‍ക്കാനും മാത്രമെ ഉപകരിക്കൂ. എസ്ഡിപിഐയെ വര്‍ഗീയതയും തീവ്രവാദവും കെട്ടിവച്ച് ‘വെടിവെക്കാനാണ് ‘  നീക്കം നടക്കുന്നത്. എസ്ഡിപി ഐ ക്കെതിരേ നടക്കുന്ന കുപ്രചരണങ്ങളുടെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ 20 മുതല്‍ ആഗസ്റ്റ് 20 വരെ ‘ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന പേരില്‍ സംസ്ഥാന വ്യാപകമായി കാംപയിന്‍ നടത്തും. ഇതിന്റെ ഭാഗമായി പോസ്റ്റര്‍ പ്രചരണം, ലഘുലേഖ വിതരണം, ബഹുജന സമ്പര്‍ക്ക സദസുകള്‍, വാഹന ജാഥ, സോഷ്യല്‍ മീഡിയ കാംപയിനുകള്‍ എന്നിവ സംഘടിപ്പിക്കുമെന്നും മജീദ് ഫൈസി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, പി അബ്ദുല്‍ ഹമീദ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss