|    Nov 15 Thu, 2018 7:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഭിമന്യു കേസ്: വിളിച്ചുവരുത്താനും ചോദ്യംചെയ്യാനും ചട്ടങ്ങള്‍ പാലിക്കണം

Published : 18th July 2018 | Posted By: kasim kzm

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പാലിച്ചു മാത്രമേ ആളുകളെ വിളിച്ചുവരുത്താനും ചോദ്യംചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും പാടുള്ളു എന്ന് ഹൈക്കോടതി. സംഭവത്തിനുശേഷം പോലിസ് വേട്ടയാടുകയാണെന്നാരോപിച്ച് മൂന്നു കുടുംബങ്ങള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം. അതേസമയം, അതിക്രമം കാണിച്ച പോലിസുകാര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കണം, നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ഹരജിയിലെ ആവശ്യങ്ങള്‍ കോടതി തള്ളി. ഇത് തെളിവുശേഖരണം അടക്കമുള്ള നടപടികള്‍ക്കു ശേഷമേ സാധ്യമാവൂവെന്നും ഹരജിക്കാര്‍ക്ക് ഉചിതമായ ഫോറത്തെ സമീപിക്കാവുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പാലിച്ചു മാത്രമേ ഹരജിക്കാരെ ഇനി കേസുമായി ബന്ധപ്പെട്ടു വിളിച്ചുവരുത്താവൂ. മുന്‍കൂട്ടി നോട്ടീസ് നല്‍കണം, രാത്രിയില്‍ വീടുകയറി പിടികൂടരുത് തുടങ്ങിയ കാര്യങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആലുവ മുള്ളംകുഴി ചുണങ്ങംവേലി ചാമക്കാലയില്‍ വീട്ടില്‍ ഷഹര്‍ബാന്‍, പള്ളുരുത്തി തെരുവില്‍ വീട്ടില്‍ കെ എം മന്‍സിയ, വി എസ് നദീറ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കൊലപാതകത്തില്‍ പ്രതിയെന്നു പോലിസ് പറയുന്ന ആരിഫ് ബിന്‍ സലീം, ആദില്‍ ബിന്‍ സലീം എന്നിവരുടെ മാതാവാണ് ഷഹര്‍ബാന്‍. പോലിസ് കുടുംബത്തെ നിയമവിരുദ്ധമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് ഷഹര്‍ബാന്‍ ഹരജിയില്‍ വാദിച്ചു. എന്നാല്‍, ഷഹര്‍ബാന്റെ കുടുംബത്തിലെ ആരെയും പോലിസ് നിയമവിരുദ്ധമായി സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തുകപോലും ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അവരുടെ ഒരു മകന്‍ കേസില്‍ പ്രതിയാണ്. മറ്റൊരു മകന്റെ കേസുമായുള്ള ബന്ധം പരിശോധിച്ചുവരുകയാണ്. ഭര്‍ത്താവ് മുഹമ്മദ് സലീമിനെ അറസ്റ്റ് ചെയ്തത് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തി എന്ന കേസിലാണ്. അഭിമന്യു കേസിലെ അന്വേഷണത്തെ തടയാനാണ് ഹരജിയിലൂടെ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു. മന്‍സിയയുടെ ഭര്‍ത്താവ് ഷമീര്‍ കേസിലെ പ്രതിയാണ്. മന്‍സിയയെ പോലിസ് വിളിച്ചുവരുത്തിയിട്ടില്ല. കേസിലെ പ്രതികളെ സ്ഥലത്തുനിന്ന് മാറാന്‍ സഹായിച്ചത് ഷമീറാണ്. ഇയാള്‍ ഭാര്യയുടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതായി സംശയമുണ്ട്. ഈ തലവും കൂടി അന്വേഷിക്കേണ്ടതുണ്ട്. വി എസ് നദീറയുടെ ഭര്‍ത്താവ് മനാഫ് കേസില്‍ പ്രതിയാണെന്നും ഇയാള്‍ക്ക് ഗൂഢാലോചനയില്‍ മുഖ്യ പങ്കുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍, റിട്ട് പെറ്റീഷന്‍ ഹരജി ഫയല്‍ ചെയ്ത ഉടനെ തന്നെ തടങ്കലിലായിരുന്ന ഷഹര്‍ബാന്റെ മകന്‍ അമീറിനെയും മന്‍സിയയുടെ പിതാവ് മജീദിനെയും കഴിഞ്ഞ ദിവസം രാത്രി വിട്ടയച്ച കാര്യം ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. രാജ സിംഹന്‍ ചൂണ്ടിക്കാട്ടി. നാദിറയുടെ ഭര്‍ത്താവ് മനാഫിനെ കൈവെട്ടു കേസില്‍ പ്രതിചേര്‍ത്തെങ്കിലും എന്‍ഐഎ കോടതി യാതൊരു തെളിവുമില്ലെന്നു കണ്ട് വിട്ടയച്ചതാണ്. ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടി, നഷ്ടപരിഹാരം എന്നീ വിഷയങ്ങളില്‍ തീരുമാനമുണ്ടാവണമെന്നും വാദിച്ചു. തെളിവുശേഖരണം അടക്കം ആവശ്യമുള്ളതിനാല്‍ ഈ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി തുടര്‍ന്ന് ഹരജികള്‍ തള്ളി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss