|    Oct 22 Sun, 2017 5:03 am
Home   >  Todays Paper  >  Page 4  >  

അഭിഭാഷക – മാധ്യമ പ്രവര്‍ത്തക സംഘര്‍ഷം: അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് തീരുമാനം

Published : 24th July 2016 | Posted By: SMR

കൊച്ചി: അത്യന്തം നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഹൈക്കോടതിയിലും തിരുവനന്തപുരം കോടതിയിലും അരങ്ങേറിയതെന്ന് മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ ഇരുകൂട്ടരും അംഗീകരിച്ചു. ഇത് ആവര്‍ത്തിക്കരുതെന്ന കാര്യത്തിലും ഏകാഭിപ്രായക്കാരായിരുന്നു. അഡ്വക്കറ്റ് ജനറല്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയിലെ ജുഡീഷ്യല്‍ അന്വേഷണവും പോലിസ് കേസന്വേഷണവും തുടരട്ടെയെന്നും സമ്മതിച്ചിട്ടുണ്ട്. ശുപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് ജുഡീഷ്യല്‍ അന്വേഷണ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ അഭിഭാഷകരുടെ പൊതുവേദിയായ ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രതിനിധികള്‍, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിനിധികള്‍ എന്നിവരുമായി പ്രത്യേകം നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കങ്ങള്‍ക്കു പരിഹാരമായത്. അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍, അസി. സോളിസിറ്റര്‍ ജനറല്‍ അഡ്വ. എന്‍ നഗരേഷ്, സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍, അഡീഷനല്‍ അഡ്വ. ജനറല്‍മാരായ കെ കെ രവീന്ദ്രനാഥ്, രഞ്ജിത് തമ്പാന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ചര്‍ച്ചയില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് കെ രവികുമാര്‍, സെക്രട്ടറി എസ് ഉണ്ണികൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, നിയമകാര്യ ലേഖകരെ പ്രതിനിധീകരിച്ച് റോസമ്മ ചാക്കോ, ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോസഫ് ജോണ്‍, ഹൈക്കോടതി അഡ്വ. അസോസിയേഷന്‍ പ്രസിഡന്റ് എസ് യു നാസര്‍, സെക്രട്ടറി ജഗന്‍ എബ്രഹാം പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക