|    Mar 27 Mon, 2017 4:29 pm
FLASH NEWS

അഭിഭാഷക- മാധ്യമപ്രവര്‍ത്തക തര്‍ക്കം; പ്രശ്‌നം വനിതാ കമ്മീഷന്‍ ഫുള്‍ബെഞ്ച് പരിഗണിക്കും

Published : 27th July 2016 | Posted By: SMR

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അഭിഭാഷക-മാധ്യമപ്രവര്‍ത്തക തര്‍ക്കത്തിനിടയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടായ വിഷമങ്ങള്‍ വനിതാ കമ്മീഷന്റെ ഫുള്‍ബെഞ്ചില്‍ പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് കമ്മീഷനംഗം ഡോ. ലിസി ജോസ്. എറണാകൂളം ടിഡി എം ഹാളില്‍ നടന്ന മെഗാ അദാലത്തിനിടയിലാണ് ഡോ. ലിസി ജോസ് ഇക്കാര്യം അറിയിച്ചത്.
വിദ്യാഭ്യാസപരമായി ഉയര്‍ന്നുനില്‍ക്കുന്ന ഇരു വിഭാഗവും യോജിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ്. എന്നാല്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ ചില വിഷമങ്ങള്‍ ഉണ്ടായത് കമ്മീഷന്‍ ചര്‍ച്ച ചെയ്യും. അവര്‍ക്കു സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായെങ്കില്‍ അത് ഖേദകരമാണ്. വേണ്ടിവന്നാല്‍ അവരുടെ മൊഴിയെടുക്കാനും കമ്മീഷന്‍ തയ്യാറാവുമെന്നും ഡോ. ലിസി പറഞ്ഞു. കമ്മീഷനു മുന്നില്‍ വരുന്ന പരാതികളില്‍ സ്ത്രീപീഡനം കൂടുന്നതായാണ് കാണുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം കുറയണമെങ്കില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തണം. നിയമനിര്‍മാണ നിര്‍വഹണ രംഗങ്ങളില്‍ വനിതകള്‍ക്കു കടന്നുവരാന്‍ പാകത്തില്‍ വനിതാ സംവരണനിയമം വരേണ്ടതുണ്ടെന്നും ലിസി ജോസ് പറഞ്ഞു.
നിയമനിര്‍മാണത്തില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട് ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ കൂടാന്‍ കാരണമാവുന്നത്.
വനിതകളെ ഇന്നും രണ്ടാംകിട പൗരന്‍മാരായാണ് കാണുന്നതെന്ന് വിമര്‍ശനമുണ്ട്. കുടുംബങ്ങളില്‍ പോലും ലിംഗസമത്വമില്ലാത്തതാണ് കേസുകള്‍ കൂടാന്‍ കാരണം. ഒരു വര്‍ഷം ശരാശരി 7,000 കേസുകള്‍ തീര്‍പ്പാക്കുന്ന വനിതാ കമ്മീഷന് കുടുതല്‍ അംഗീകാരവും അധികാരവും നല്‍കണമെന്നും ഡോ. ലിസി ജോസ് അഭിപ്രായപ്പെട്ടു.
20 കേസുകള്‍ ഇന്നലെ പരിഗണിച്ചതില്‍ 49 എണ്ണത്തില്‍ തീര്‍പ്പാക്കി. 12 എണ്ണം പോലിസിന്റെ റിപോര്‍ട്ടിനായി അയച്ചു. നാലു കേസുകള്‍ കൗണ്‍സിലിങിനായും ആറ് കേസുകള്‍ ആര്‍ഡിഒ റിപോര്‍ട്ടിനായും മാറ്റി.  എസ്പി സാംക്രിസ്റ്റി ഡാനിയല്‍, കൗണ്‍സലര്‍മാരായ മേഘ ദിനേശ്, ജോണ്‍ എബ്രഹാം, സതീശന്‍, ജോസ് ആയിരംകല്‍, വനിതാ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ഷെര്‍ലറ്റ് മണി, എസ്‌ഐമാരായ എ എസ് ഉഷ, ടി പി ജയശ്രീ  ക്യാംപിന് നേതൃത്വം നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day