|    Jan 17 Tue, 2017 12:52 am
FLASH NEWS

അഭിഭാഷക ഭീകരത തടഞ്ഞേ പറ്റൂ

Published : 28th February 2016 | Posted By: SMR

slug-enikku-thonnunnathuഅഡ്വ. എസ് എ കരീം, തിരുവനന്തപുരം

അഭിഭാഷകവൃത്തി ഒരു അഭിമാനമായ തൊഴിലാണ്. അതിന് ഉന്നത വിദ്യാഭ്യാസം വേണം, അംഗീകൃത നിയമബിരുദം വേണം. എന്നാല്‍, അവര്‍ നീതിപീഠത്തോടും അവരെ തേടിയെത്തുന്ന കക്ഷികളോടും എങ്ങനെ പെരുമാറണമെന്നും തൊഴില്‍പരമായി അവര്‍ പാലിക്കേണ്ട മര്യാദകള്‍ എന്തൊക്കെയെന്നും നിയമംമൂലം നിര്‍വചിച്ചിരിക്കുന്നു. ഒരഭിഭാഷകന്റെ പ്രധാന ജോലി കുറ്റം ആരോപിച്ച് കോടതിയില്‍ കൊണ്ടുവരുന്ന പ്രതി ചെയ്തത് എന്താണെന്ന സത്യം നീതിപീഠത്തെ ബോധ്യപ്പെടുത്തുകയാണ്. ഇത്തരം കാര്യങ്ങളില്‍ കോടതിയെ സഹായിക്കുകയാണ് അഭിഭാഷകന്റെ ജോലി. ഭരണാധികാരികളായി വരുന്നവരില്‍ ഭൂരിഭാഗവും നിയമബിരുദധാരികളാണ്. അതുകൊണ്ടാണ് അഭിഭാഷകവൃത്തി അഭിമാനകരമായ ഒരു തൊഴിലായി മാറുന്നത്.
എന്നാല്‍, ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ മേല്‍ വ്യാജ ദേശദ്രോഹക്കുറ്റം ചുമത്തി പട്യാലഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കറുത്ത കോട്ടിട്ട ബിജെപി അഭിഭാഷകര്‍ കോടതിക്കകത്ത് വച്ചുതന്നെ അടിച്ച് അവശനാക്കി. അരിശം തീരാത്ത അവര്‍ അതേ വേഷത്തില്‍ കോടതി പരിസരത്ത് ജാഥ നടത്തി മുദ്രാവാക്യം വിളിച്ചു.
പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരില്‍ 1969ല്‍ സ്ഥാപിച്ചതാണ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി. ഈ യൂനിവേഴ്‌സിറ്റിക്ക് മറ്റു യൂനിവേഴ്‌സിറ്റികളില്‍നിന്നു വേറിട്ട ഒരു വ്യക്തിത്വമുണ്ട്. മാനുഷികമൂല്യങ്ങള്‍ക്കും സഹിഷ്ണുതയ്ക്കും പുത്തന്‍ ആശയങ്ങള്‍ക്ക് രൂപംകൊടുക്കുന്നതിനും മുന്‍ഗണന കൊടുക്കുന്ന ഒരു കലാശാലയാണിത്.
അഭിഭാഷകരായാലും അല്ലാത്തവരായാലും ബിജെപിക്കാര്‍ മറ്റുള്ളവര്‍ക്കെതിരേ ആരോപിക്കുന്ന കുറ്റം ദേശത്തോട് കൂറില്ലായ്മയാണ്. അതാണ് രാജ്യദ്രോഹം. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് ബോംബ് വച്ചിട്ട് ഈ സംഭവവുമായി പുലബന്ധംപോലും ഇല്ലാത്ത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ പ്രതികളാക്കുന്നത് ബിജെപിക്കാരാണ്. പിശാചുവല്‍ക്കരണ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ജെഎന്‍യുവില്‍ നടന്നത്. ആള്‍ക്കൂട്ടത്തില്‍ ചെന്നുനിന്ന് ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുക, എന്നിട്ട് ഈ മുദ്രാവാക്യവുമായി ബന്ധമില്ലാത്തവരെ ദേശദ്രോഹം ആരോപിച്ച് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുക. നിയമലംഘനത്തിന്റെ ഒന്നാന്തരം ഉദാഹരണമാണത്.
രാജ്യത്ത് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുണ്ട്. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് അവരുടെ ഭരണസ്വാധീനം ഉപയോഗിച്ച് മറ്റു പാര്‍ട്ടികളിലും പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നവരെ ദേശദ്രോഹികളാക്കാന്‍ എളുപ്പത്തില്‍ സാധിക്കും. അങ്ങനെ കോടതിയിലെത്തുന്ന പ്രതികളെ അടിച്ച് അവശരാക്കുന്നതു തന്നെ നിയമം കൈയിലെടുക്കലാണ്. ഇതിനെ കോടതിയിലെ ഫാഷിസം എന്നേ പറയാന്‍ സാധിക്കുകയുള്ളൂ. ഹിന്ദുത്വവാദികളായ അഭിഭാഷകര്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ ഇങ്ങനെ നിയമവാഴ്ചയെ തകര്‍ക്കുന്ന അതിക്രമങ്ങളില്‍ മുഴുകിയിട്ടുണ്ട്. തീവ്രവാദികള്‍, ഭീകരര്‍ എന്നൊക്കെ പോലിസ് ലേബലടിക്കുന്ന നിസ്സഹായരായ പ്രതികള്‍ക്കുവേണ്ടി ഹാജരാവാന്‍ തയ്യാറാവുന്ന അഭിഭാഷകരെ അവര്‍ കൈയേറ്റം ചെയ്യുന്നു. ലഖ്‌നോവിലും അലഹബാദിലും ഹുബ്ലിയിലും നല്ല ധൈര്യമുള്ള വക്കീല്‍മാര്‍ക്കേ ഇത്തരം പ്രതികള്‍ക്കുവേണ്ടി ഹാജരാവാന്‍ പറ്റൂ.
ഇത്തരം പെരുമാറ്റങ്ങള്‍ക്കെതിരേ ജനരോഷവും പൊതുജനാഭിപ്രായവും ഉയരേണ്ടിയിരിക്കുന്നു. നൂറ് കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നതാണ് നമ്മുടെ നീതിപീഠത്തിന്റെ മുദ്രാവാക്യം. അവിടെ ഭരണത്തിന്റെ ഹുങ്കില്‍ സ്വന്തം നീതിന്യായം നടപ്പാക്കാന്‍ ശ്രമിക്കുന്ന അഭിഭാഷകര്‍ തന്നെ നിയമം കൈയിലെടുക്കുമ്പോള്‍ അതിനെ അഭിഭാഷക ഭീകരത എന്നേ പറയാന്‍ കഴിയൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 134 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക