|    Jan 22 Sun, 2017 9:17 am

അഭിഭാഷക കമ്മീഷന് നല്‍കിയ മൊഴിയുടെ വീഡിയോ പുറത്ത്;  എന്നെ അവര്‍ കോടതിയില്‍ നിലത്തിട്ട് നെഞ്ചിനും വയറ്റിനും ചവിട്ടി: കനയ്യ

Published : 28th February 2016 | Posted By: SMR

ന്യൂഡല്‍ഹി: പട്യാല കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകര്‍ അടങ്ങുന്ന സംഘം തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായി ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ നല്‍കിയ മൊഴിയുടെ വീഡിയോ പുറത്തുവന്നു.
സുപ്രിംകോടതി നിയോഗിച്ച അഞ്ചംഗ അഭിഭാഷക കമ്മീഷന് നല്‍കിയ മൊഴിയുടെ ദൃശ്യങ്ങളാണിത്. നേരത്തെ മുദ്രവച്ച കവറില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലെ കനയ്യയുടെ മൊഴിയില്‍ ആക്രമണം തടയുന്നതില്‍ പോലിസ് വീഴ്ചവരുത്തിയതായി വ്യക്തമാക്കുന്നുണ്ട്.
അഭിഭാഷക കമ്മീഷന് കനയ്യ നല്‍കിയ മൊഴിയുടെ പൂര്‍ണരൂപം:

കമ്മീഷന്‍: കനയ്യാ നിങ്ങളുടെ മൊഴി നല്‍കൂ. (ആക്രമണത്തി ല്‍ പരിക്കേറ്റതുകൊണ്ട് എഴുന്നേറ്റു നിന്ന് സംസാരിക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു കനയ്യ, അതുകൊണ്ട് മൊഴിനല്‍കുന്നതിനായി സമീപത്തെ കസേരയിലിരിക്കാന്‍ ആവശ്യപ്പെട്ടു.)

കമ്മീഷന്‍: ആശങ്കപ്പെടേണ്ട, നടന്ന സംഭവങ്ങള്‍ എല്ലാം പറയൂ കനയ്യ കുമാര്‍

കനയ്യകുമാര്‍: പോലിസ് എന്നെ ഇവിടെ എത്തിച്ചു. ഏത് ഗേറ്റിലൂടെയാണെന്ന് അറിയില്ല, ഗേറ്റിനു സമീപം മാധ്യമപ്രവര്‍ത്തകര്‍ എനിക്കു ചുറ്റും കൂടിയിരുന്നു. അവര്‍ക്കിടയിലൂടെ പോലിസ് എന്നെ കൊണ്ടുവരുമ്പോള്‍ ഗേറ്റിനകത്തുവച്ച് അഭിഭാഷകവേഷം ധരിച്ചെത്തിയ ഒരാള്‍ക്കൂട്ടം എന്നെ ആക്രമിച്ചു. ആക്രമണത്തില്‍ ഞാ ന്‍ നിലംപതിച്ചു.

കമ്മീഷന്‍: അപ്പോള്‍ നിങ്ങള്‍ക്കൊപ്പം എത്ര പോലിസുകാരുണ്ടായിരുന്നു? ആരൊക്കെയായിരുന്നു പോലിസുദ്യോഗസ്ഥര്‍? അവരെ തിരിച്ചറിയാനാവുമോ?

കനയ്യകുമാര്‍: പോലിസുകാര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.
കമ്മീഷന്‍: അവരെയും മര്‍ദ്ദിച്ചോ?

കനയ്യകുമാര്‍: സര്‍

കമ്മീഷന്‍: നിങ്ങളെ അപ്പോള്‍ ആരാണു രക്ഷപ്പെടുത്തിയത്?

ഡിസിപി ജതിന്‍ നര്‍വാള്‍: ഒരു പോലിസുകാരന്‍ ബ്ലേഡ്‌കൊണ്ട് ആക്രമിക്കപ്പെട്ടു. സൗത്ത് ഡിസ്ട്രിക്റ്റില്‍ നിന്ന് അകമ്പടിവന്നയാളാണ് ആക്രമിക്കപ്പെട്ടത്.

കമ്മീഷന്‍: പോലിസുകാര്‍ പോലും ആക്രമിക്കപ്പെട്ടുവെങ്കില്‍ പോലിസ് അപ്പോള്‍ എന്തുചെയ്യുകയായിരുന്നു. സംരക്ഷണം തീര്‍ക്കലല്ലേ പോലിസിന്റെ ജോലി. എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല? ഇതൊക്കെ ആരെങ്കിലും റിക്കാര്‍ഡ് ചെയ്തിരുന്നുവോ?
കനയ്യ: ഇല്ല സര്‍.
കമ്മീഷന്‍ പോലിസിനോട്: കനയ്യയുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തമാണ്. അയാക്കുമേല്‍ ഒരു കൈ പതിച്ചാല്‍ ഞങ്ങള്‍ നിങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടും. അതുകൊണ്ട് ഒഴിവുകഴിവുകള്‍ പറയേണ്ട.
ദില്ലിയുടെ ഹൃദയഭാഗത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് പറയുന്നത് അവിശ്വസനീയമാണ്. നിങ്ങള്‍ ഇപ്പോള്‍ സുപ്രിംകോടതി ഉത്തരവിനു കീഴിലാണ്. അല്ലാതെ പോലിസ് കമ്മീഷണര്‍ ബി എസ് ബസ്സിയുടെ കീഴിലല്ല.

കമ്മീഷന്‍: അതിനുശേഷം എന്തു സംഭവിച്ചു?

കനയ്യകുമാര്‍: പോലിസിന്റെ സാന്നിധ്യത്തിലും കോടതിക്കകത്ത് ഞാനെങ്ങനെ മര്‍ദ്ദനത്തിന് ഇരയായെന്ന് പോലിസിനോട് ചോദിച്ചു. അതിനു ശേഷം ഞാന്‍ ജഡ്ജിയോട് പറഞ്ഞു.

കമ്മീഷന്‍: അപ്പോള്‍ ജഡ്ജി എന്തെങ്കിലും ചെയ്തുവോ?
കനയ്യകുമാര്‍: ഞാന്‍ ജഡ്ജിയോട് ഇത്രയുമാണ് പറഞ്ഞത്, സര്‍ ഞാന്‍ ആദ്യം നിങ്ങളുടെ കോടതിയിലേക്കു വന്നപ്പോള്‍ അവിടെ ആകെ നാലു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരും ആക്രമിക്കപ്പെട്ടില്ല. സാധാരണ നിലയിലാണ് എന്നെ ഹാജരാക്കിയത്.
അന്ന് എനിക്ക് അഭിഭാഷകനില്ലായിരുന്നു. അക്കാര്യം ഓര്‍മിച്ചെടുക്കാന്‍ അഭ്യര്‍ഥിച്ചു. ഈ രാജ്യത്തെ ഒരു യുവാവാണ് താനെന്ന് അന്നു ഞാന്‍ ജഡ്ജിയോടു പറഞ്ഞിരുന്നു. ഞാന്‍ ജെഎന്‍യുവിലാണു പഠിക്കുന്നത്. (കനയ്യ പൊട്ടിക്കരയുന്നു,…കമ്മീഷന്‍ കനയ്യയെ ശാന്തനാക്കാന്‍ ശ്രമിക്കുന്നു)

കമ്മീഷന്‍: കോടതിക്കു പുറത്തോ ഗേറ്റിലോ അകത്തോ യാതൊരു സന്നാഹങ്ങളും ഉണ്ടായിരുന്നില്ലെന്നാണു മനസ്സിലാക്കേണ്ടത്.
അതാണ് ഇപ്പോള്‍ തെളിയിക്കപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 174 times, 3 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക