|    Mar 28 Tue, 2017 5:41 pm
FLASH NEWS

അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; ജുഡീഷ്യല്‍ അന്വേഷണം

Published : 22nd July 2016 | Posted By: SMR

കൊച്ചി: ഹൈക്കോടതി പരിസരത്ത് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തും. ഇതുസംബന്ധിച്ച കേസുകള്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ഡെപ്യൂട്ടി സിറ്റി പോലിസ് കമ്മീഷണര്‍ അരുള്‍ ബി കൃഷ്ണ അന്വേഷിക്കും. അഡ്വക്കറ്റ് ജനറലിന്റെ നേതൃത്വത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിനിധികള്‍, അഭിഭാഷകപ്രതിനിധികള്‍ എന്നിവരുമായി ഇന്നലെ നടന്ന ചര്‍ച്ചയിലാണു തീരുമാനം.
റിട്ട. ഹൈക്കോടതി ജഡ്ജിയായിരിക്കും ജുഡീഷ്യല്‍ അന്വേഷണം നടത്തുക. ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്റെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു ചര്‍ച്ച. ജുഡീഷ്യല്‍ അന്വേഷണത്തിനു ശുപാര്‍ശ ചെയ്യാനുള്ള തീരുമാനമെടുത്തതായി അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് ചര്‍ച്ച തുടങ്ങിയ ഉടന്‍ യോഗത്തെ അറിയിച്ചു. കോടതിക്കു പുറത്തു നടന്ന സംഭവങ്ങളാണ് അന്വേഷണപരിധിയില്‍ വരുന്നതെന്നും എ ജി വ്യക്തമാക്കി. എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, ജില്ലാ പ്രസിഡന്റ് കെ രവികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘം നിലപാടെടുത്തു. കോടതിക്കകത്തു നടന്ന സംഭവങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ വരുത്താനാവില്ലെന്നായിരുന്നു എജി യോഗത്തെ അറിയിച്ചത്. എന്നാല്‍, പുറത്തു സംഘര്‍ഷാവസ്ഥയിലേക്കു നയിച്ച അടിസ്ഥാന കാരണങ്ങളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശം അസി. സോളിസിറ്റര്‍ ജനറല്‍ എന്‍ നഗരേഷ് മുന്നോട്ടുവച്ചു. ചര്‍ച്ചകള്‍ക്കുശേഷം ഈ നിര്‍ദേശം യോഗം അംഗീകരിക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്കായി ഹൈക്കോടതി കെട്ടിടത്തില്‍ അനുവദിച്ചിട്ടുള്ള മീഡിയാ റൂം സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഹൈക്കോടതി അധികൃതര്‍ താല്‍ക്കാലികമായി ഏറ്റെടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിനാണ് തീരുമാനമെടുക്കാനാവുകയെന്ന് അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് എസ് യു നാസര്‍ പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം ചീഫ് ജസ്റ്റിസിന് വിട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്നുമുതല്‍ കോടതിയിലെത്തി വാര്‍ത്ത ശേഖരിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ നടപടിക്കു ശ്രമിക്കാമെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.
ഐജി എസ് ശ്രീജിത്ത്, കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേഷ്, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ സെക്രട്ടറി എസ് ഉണ്ണികൃഷ്ണന്‍, ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍, അഡീഷനല്‍ എജി രഞ്ജിത് തമ്പാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day