|    Jul 23 Mon, 2018 11:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഭിഭാഷകരും പോലിസും ഏറ്റുമുട്ടി

Published : 23rd September 2017 | Posted By: fsq

 

പാലാ: കോടതി വരാന്തയില്‍ നിന്നും പ്രതിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത മഫ്തി പോലിസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി. യൂനിഫോമിലല്ലാതിരുന്നതാണ് പോലിസിന് വിനയായത്. നിരവധി കേസുകളിലെ പ്രതി വൈക്കം സ്വദേശി ലംബോയെന്നു വിളിക്കുന്ന അഖിലി(23) നെയാണ് മഫ്തിയിലെത്തിയ പോലിസ് സംഘം പിടികൂടിയത്. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ഇയാളുടെ കേസ് വിളിച്ച കോടതി സാക്ഷി വിസ്താരത്തിനായി ഇന്നലെ തന്നെ വീണ്ടും വിളിക്കാന്‍ മാറ്റിവച്ചപ്പോള്‍ പുറത്തേക്ക് ഇറങ്ങിയതായിരുന്നു പ്രതി. കോടതി വരാന്തയില്‍ നിന്നും പ്രതിയെ ഒരു സംഘം തൂക്കിയെടുത്ത് വാഹനം ലക്ഷ്യമാക്കി ഓടുകയായിരുന്നു. പോലിസ് വാഹനത്തിനു പകരം സ്വകാര്യവാഹനത്തിലാണ് സംഘം എത്തിയത്. തട്ടിക്കൊണ്ടുപോകല്‍ ശ്രദ്ധയില്‍പെട്ട അഭിഭാഷകര്‍ പിന്നാലെയെത്തി. ഇതോടെ ഡ്രൈവര്‍ വാഹനവുമായി പാഞ്ഞു. എന്നാല്‍, ഒരു പോലിസുകാരന് വാഹനത്തില്‍ കയറാന്‍ സാധിച്ചില്ല. ഇയാളെ അഭിഭാഷക സംഘം പിടികൂടി. പോലിസുകാരനാണെന്നു തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചപ്പോഴാണ് വിട്ടത്.കോടതിയിലെത്തിയ ആളെ ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോവാന്‍ ശ്രമിച്ചവരെ തടയുകയെന്നതായിരുന്നു ഉദ്ദേശ്യമെന്നും അല്ലാതെ പോലിസിനെ ആക്രമിച്ചില്ലെന്നും അഭിഭാഷകര്‍ പറയുന്നു. പോലിസിനെ മര്‍ദ്ദിച്ചതിന് കേസാക്കുമെന്നായിരുന്നു ആദ്യ നിലപാടെങ്കിലും സംഭവം ഇരുകൂട്ടര്‍ക്കും തലവേദനയാവുമെന്ന സ്ഥിതിയിലായതോടെ ഒത്തുതീര്‍പ്പിലാവുകയായിരുന്നു. എന്നാല്‍, പോലിസിനെതിരേ കോടതി സ്വമേധയാ കേസെടുത്തതായി പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു. പ്രതിയുടെ കേസ് കോടതി വിളിച്ച കാര്യം അറിയാത്തതാണ് പ്രശ്‌നത്തിനു കാരണമെന്നും കോടതി മുറിയില്‍ നിന്നും അകലെ വച്ചാണ് പ്രതിയെ പിടികൂടിയതെന്നും പോലിസ് പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss