|    Mar 24 Fri, 2017 3:50 pm
FLASH NEWS

അഭിഭാഷകനെ നിയമിച്ചത് യുഡിഎഫ്; സര്‍ക്കാര്‍ കേസ് നടത്തിപ്പില്‍ വീഴ്ച പറ്റിയില്ലെന്ന് നിയമമന്ത്രി

Published : 16th September 2016 | Posted By: SMR

തിരുവനന്തപുരം: സൗമ്യ വധക്കേസ് നടത്തിപ്പില്‍ സര്‍ക്കാരിനോ പ്രോസിക്യൂഷനോ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് സെഷന്‍സ് കോടതിയും ഹൈക്കോടതിയും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍, സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് സുപ്രിംകോടതി വധശിക്ഷ റദ്ദാക്കിയത്.
സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും ഉന്നയിച്ച വാദങ്ങള്‍ തന്നെയാണ് സുപ്രിംകോടതിയിലും ഉന്നയിച്ചത്. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിട്ടതിനു ദൃക്‌സാക്ഷികളുണ്ടോ എന്നായിരുന്നു സുപ്രിംകോടതിയുടെ ഒരു പ്രധാന ചോദ്യം. എന്നാല്‍, അത് തെളിയിക്കാന്‍ ദൃക്‌സാക്ഷിയുണ്ടായിരുന്നില്ല. കേസിലെ രണ്ടു ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയത് സൗമ്യ ട്രെയിനില്‍നിന്ന് വീഴുന്നതുകണ്ടു എന്നായിരുന്നു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കുമെന്നും മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ തോമസ് പി ജോസഫിനെ ചുമതലപ്പെടുത്തിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ്. അദ്ദേഹത്തെ മാറ്റാന്‍ പ്രതിപക്ഷനേതാവോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ ആവശ്യപ്പെട്ടിട്ടുമില്ല. മാറ്റിയിരുന്നെങ്കില്‍ അതുകൊണ്ടാണ് ഈ വിധിയുണ്ടായതെന്ന ആരോപണമുയരുമായിരുന്നു. തോമസ് ജോസഫ് കേസ് നന്നായി വാദിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന് ഒരു പിഴവും പറ്റിയിട്ടില്ല. അദ്ദേഹത്തെ സഹായിക്കാന്‍ സെഷന്‍സ് കോടതിയില്‍ ഈ കേസ് വാദിച്ച അഡ്വ. എ സുരേശനെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമെന്ന നിലയില്‍ ചില അസൗകര്യങ്ങളുണ്ടെന്നു പറഞ്ഞ് സുരേശന്‍ അതിനു തയ്യാറായില്ല. കേസില്‍ പുനപ്പരിശോധനാ ഹരജി നല്‍കാവുന്നതാണെന്നാണ് അഡ്വക്കറ്റ് ജനറലില്‍നിന്ന് ലഭിച്ച നിയമോപദേശം. അതനുസരിച്ച് ഹരജി നല്‍കും. തോമസ് ജോസഫ് തന്നെ ഈ ഹരജിയിലും സുപ്രിംകോടതിയില്‍ ഹാജരാവും.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക