|    Aug 18 Fri, 2017 12:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഭിപ്രായ സര്‍വേ തട്ടിപ്പെന്ന് മായാവതി

Published : 25th November 2016 | Posted By: SMR

ന്യൂഡല്‍ഹി:  നോട്ട് പിന്‍വലിച്ച നടപടിയെ 93ശതമാനം ജനങ്ങളും പിന്തുണച്ചുവെന്ന സര്‍ക്കാരിന്റെ അവകാശവാദം കള്ളമാണെന്ന് ബിഎസ്പി നേതാവ് മായാവതി. 93 ശതമാനം ആളുകള്‍ സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്നു എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ 93 ശതമാനം ആളുകള്‍ ഇപ്പോഴും ക്യൂവില്‍ നില്‍ക്കുകയാണെന്നു മായാവതി പറഞ്ഞു. ആപ്പ് വഴി മോദി നടത്തിയ അഭിപ്രായസര്‍വേ ശുദ്ധ തട്ടിപ്പാണ്. ലോക്‌സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മോദിക്ക് ധൈര്യമുണ്ടോ എന്നും അതായിരിക്കും യഥാര്‍ഥ സര്‍വേയെന്നും അവര്‍ പറഞ്ഞു.
മോദി നടത്തിയ അഭിപ്രായസര്‍വേ കെട്ടിച്ചമച്ചതാണെന്ന് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയും ആരോപിച്ചിരുന്നു.
അഞ്ചു ലക്ഷത്തിലധികം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയ സര്‍വേയില്‍ 93 ശതമാനം പേര്‍ നോട്ട് നിരോധനത്തെ പിന്തുണച്ചുവെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം.
അതേസമയം, ഇന്നലെ ഉച്ചയ്ക്കു ശേഷം രാജ്യസഭ ചേര്‍ന്നപ്പോള്‍ മോദി സഭയില്‍ എത്താത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പ്രധാനമന്ത്രി ഒരുമണിക്കൂറോളം ഇവിടെയുണ്ടായിരുന്നു. എന്നാല്‍, ചര്‍ച്ചയിലുടനീളം സഭയിലിരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാനാവില്ലെന്ന് ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രധാനമന്ത്രി ചര്‍ച്ചയ്ക്കിരിക്കാതെ സഭാനടപടികള്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്നൊഴിഞ്ഞുമാറാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തുകയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ മൂന്നുമണിവരെ പിരിഞ്ഞു. തുടര്‍ന്ന് ചേര്‍ന്നപ്പോഴും ബഹളം രൂക്ഷമായതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു.
സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ ഈ തുഗ്ലക്ക് പരിഷ്‌കാരം എത്രയും വേഗം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നു സംസാരിച്ച തൃണമൂല്‍ എംപി ഡെറിക് ഒബ്രിയനും തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ടു. ഇതിനെതിരേ ഉയരുന്ന ശബ്ദം പ്രതിപക്ഷ പാര്‍ട്ടികളുടേത് മാത്രമല്ലെന്നും രാജ്യത്തിന്റെ മൊത്തത്തിലുള്ള വികാരമാണെന്നും ഒബ്രിയന്‍ പറഞ്ഞു. സര്‍ക്കാര്‍ എന്തുകൊണ്ടാണു കൂടുതല്‍ 100 രൂപ നോട്ടുകള്‍ അച്ചടിക്കാത്തതെന്നും തൃണമൂല്‍ എംപി ചോദ്യം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക