|    May 25 Thu, 2017 6:09 pm
FLASH NEWS

അഭിനവ് ബിന്ദ്ര വിരമിച്ചു

Published : 5th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്റ്റാര്‍ ഷൂട്ടര്‍ അഭിനവ് ബിന്ദ്ര തന്റെ അവിസ്മരണീയ ഷൂട്ടിങ് കരിയറിനോട് വിടപറഞ്ഞു. വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവാണ് ബിന്ദ്ര. 2008 ബെയ്ജിങ് ഒളിംപിക്‌സിലാണ് ബിന്ദ്ര ചരിത്രം രചിച്ചത്. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് താരം ഇന്ത്യക്കായി സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്. റിയോയില്‍ മെഡല്‍ നേടാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്നും വിരമിക്കല്‍ തീരുമാനം പുത്തന്‍ താരങ്ങള്‍ക്കുകൂടി വേണ്ടിയാണെന്നും ബിന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ഇത് തന്റെ അവസാന ഒളിംപിക്‌സാണെന്ന് റിയോയില്‍ ബിന്ദ്ര പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഔദ്യോഗികമായി ഇന്നലെയാണ് താരം ഷൂട്ടിങ് കരിയറിനോട് ഗുഡ്‌ബൈ പറഞ്ഞത്. റിയോ ഒളിംപിക്‌സില്‍ താരത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഒരു തവണയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഞ്ച് വട്ടവും താരം സ്വര്‍ണമെഡല്‍ രാജ്യത്തിനു വേണ്ടി സമ്മാനിച്ചിട്ടുണ്ട്.
2000ല്‍ നടന്ന സിഡ്‌നി ഒളിംപിക്‌സിലൂടെയാണ് ബിന്ദ്ര ഇന്ത്യയുടെ അവിഭാജ്യ ഘടകമായത്. 33 കാരനായ ബിന്ദ്രയ്ക്ക് മൂന്ന് ഒളിംപിക്‌സുകളിലും ഫൈനലില്‍ എത്താന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഷൂട്ടിങ് മല്‍സരത്തിന് മികച്ച പ്രോല്‍സാഹനം ലഭിക്കുന്നുണ്ടെന്നും നാഷനല്‍ റൈഫിള്‍ അസോസിയോഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) തന്റെ കരിയറിന്റെ വളര്‍ച്ചക്ക് എല്ലാ സഹായങ്ങളും നല്‍കിയെന്നും അവരോട് എന്നും കടപ്പെട്ടിരിക്കുന്നതായും ബിന്ദ്ര പറഞ്ഞു. ബിന്ദ്രയെപ്പോലെ ഒരുതാരം വിടവാങ്ങുമ്പോള്‍ ഇന്ത്യക്ക് നഷ്ടമാവുന്നത് അസാമാന്യനായ ഒരു പ്രതിഭയെയാണെന്ന് എന്‍ആര്‍എഐ പ്രസിഡന്റ് രവീന്ദ്രര്‍ സിങ് അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day