|    Jul 26 Wed, 2017 12:15 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അഭയാര്‍ഥി ബോട്ട് മുങ്ങി 43 മരണം

Published : 23rd September 2016 | Posted By: SMR

കെയ്‌റോ: ഈജിപ്തിലെ കഫര്‍ അല്‍ ശെയ്ഖ് തുറമുഖത്തിനു സമീപം അഭയാര്‍ഥി ബോട്ട് മുങ്ങി 43 പേര്‍ മരിച്ചു. 154 പേരെ രക്ഷപ്പെടുത്തി. തലസ്ഥാന നഗരമായ കെയ്‌റോയ്ക്ക് 140 കിലോമീറ്റര്‍ വടക്കാണ് അപകടമുണ്ടായത്. ബോട്ടില്‍ 600ഓളം പേര്‍ ഉണ്ടായിരുന്നതായി ഈജിപ്തില്‍ നിന്നുള്ള വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
കണ്ടെടുത്ത മൃതദേഹങ്ങളില്‍ 20 പുരുഷന്‍മാരും 10 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം പേരെ കയറ്റിയതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. ഈജിപ്ത്, സിറിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പൗരന്‍മാരാണ് ബോട്ടിലുണ്ടായിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ സാധ്യമായ എല്ലാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയ രക്ഷാ പ്രവര്‍ത്തനം ഈര്‍ജിതമാക്കുമെന്ന് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ഷരീഫ് ഇസ്മായില്‍ വ്യക്തമാക്കി.
കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ തേടിയാണ് ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കുടിയേറാനുള്ള ശ്രമം സജീവമാവുന്നത്. ഇതിനായി നിരവധി മനുഷ്യക്കടത്ത് സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ വര്‍ഷം ഏകദേശം 2.064 ലക്ഷം പേര്‍ മെഡിറ്ററേനിയന്‍ സമുദ്രംവഴി കുടിയേറാന്‍ ശ്രമിച്ചതായാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഇത്തരം കുടിയേറ്റങ്ങള്‍ക്കിടെ 2,800 പേര്‍ക്ക് അപകടമരണം സംഭവിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക