|    Oct 23 Mon, 2017 4:34 am
Home   >  Editpage  >  Editorial  >  

അഭയാര്‍ഥി പ്രവാഹത്തിന് കാരണക്കാര്‍ പാശ്ചാത്യര്‍

Published : 2nd June 2016 | Posted By: SMR

ഐലന്‍ കുര്‍ദി എന്ന ഒരു പിഞ്ചുബാലന്റെ മൃതദേഹം തുര്‍ക്കിയിലെ കടല്‍ത്തീരത്ത് അടിഞ്ഞതിന്റെ ചിത്രം 2015 സപ്തംബറില്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ യാതനകളിലേക്കു ലോകശ്രദ്ധ തിരിയുന്നതിനു കാരണമായിരുന്നു. കുര്‍ദിയെ പോലെ എന്നാല്‍ പ്രായം നന്നെ കുറവായ ഒരു ശിശു കടലില്‍ മുങ്ങിമരിച്ചതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നു. കടലില്‍ പെട്ടുപോവുന്ന നിസ്സഹായരായ മനുഷ്യരെ രക്ഷിക്കുന്നതിന് ഇറങ്ങിപ്പുറപ്പെട്ട സന്നദ്ധസേവകരാണ് അജ്ഞാതനായ കൊച്ചു ബാലന്റെ ജീവനില്ലാത്ത ശരീരം കണ്ടെടുത്തത്.
മെഡിറ്ററേനിയന്‍ കടല്‍ താണ്ടി ലക്ഷകണക്കിന് അഭയാര്‍ഥികള്‍ യൂറോപ്പിലേക്കു സഞ്ചരിക്കുന്നതിനിടയില്‍ അനേകായിരം പേര്‍ ഇതിനകം തന്നെ കടലില്‍ മുങ്ങിമരിച്ചിട്ടുണ്ട്. മൂന്നാലു ദിവസം മുമ്പാണ് ബോട്ടുകള്‍ മുങ്ങി 700ലധികം പേര്‍ മരിച്ചത്. ലിബിയയില്‍ നിന്നു പഴകിപ്പൊളിഞ്ഞ ബോട്ടുകളില്‍ കയറിപ്പറ്റാന്‍ മനുഷ്യക്കടത്ത് മാഫിയ വന്‍ സംഖ്യയാണ് അടിച്ചെടുക്കുന്നത്. സോമാലിയയില്‍ നിന്നും തെക്കന്‍ സുദാനില്‍ നിന്നുമൊക്കെ അനേകം പേര്‍ കടല്‍കടക്കാനായി ലിബിയയിലെത്തുന്നു. അഫ്ഗാനിസ്താനികളും പാകിസ്താനികളും സിറിയക്കാരും കുര്‍ദുകളും യൂറോപ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമാക്കി കരമാര്‍ഗം സഞ്ചരിക്കുന്നു.
നാടുംവീടുമിട്ടു ജനങ്ങള്‍ ഓടിപ്പോവുന്നതിന്റെ പ്രധാനകാരണം പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഇടപെടലാണ്. അറബ്-മുസ്‌ലിം നാടുകളില്‍ വിഭാഗീയത വളരെ ശക്തമായിട്ടുണ്ട്. സംവാദത്തിലൂടെ തീര്‍ക്കാവുന്ന തര്‍ക്കങ്ങള്‍ തോക്കുപയോഗിച്ചു പരിഹരിക്കാമെന്നു കരുതുന്ന സംഘങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടുതാനും. എന്നാല്‍ സിറിയ, സോമാലിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ നശിപ്പിച്ചതു പാശ്ചാത്യ നാടുകളാണ്. പ്രത്യേകിച്ചും അമേരിക്ക.
സിറിയ തന്നെ ഒന്നാന്തരം ഉദാഹരണം. ബശ്ശാറുല്‍ അസദിന്റെ ഏകാധിപത്യത്തിനെതിരേ സിറിയന്‍ ജനത നടത്തിയ സമാധാനപരമായ പ്രക്ഷോഭമാണ് യുഎസിന്റെയും ഫ്രാന്‍സിനെപോലുള്ള രാഷ്ട്രങ്ങളുടെയും അവരുടെ സാമന്തന്‍മാരായ അറബ് ഭരണാധികാരികളുടെയും ഇടപെടല്‍ കാരണം മരണം വിളയുന്ന പോര്‍നിലമായത്. ബശ്ശാറുല്‍ അസദിനു വേണ്ടി ഇറാനും റഷ്യയും ഇടപെട്ടതോടെ സംഘര്‍ഷം നിയന്ത്രണാതീതമായി. ഏതാണ്ട് രണ്ടുലക്ഷം സിറിയക്കാര്‍ ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നാണു കണക്ക്. റഷ്യയുടെയും സിറിയന്‍ വ്യോമസേനയുടെയും ബോംബേറിലാണ് അധികമാളുകളും കൊല്ലപ്പെട്ടത്.
ആഫ്രിക്കയിലെ ഏറ്റവും സമ്പന്നമായിരുന്ന ലിബിയയെ കുട്ടിച്ചോറാക്കിയതില്‍ നാറ്റോയുടെ പങ്ക് നിസ്സാരമല്ല. നാറ്റോ രാഷ്ട്രങ്ങള്‍ ലിബിയയില്‍ ഇടപെട്ടതിന്റെ ഒരേയൊരു ലക്ഷ്യം എണ്ണശേഖരത്തിന്റെ നിയന്ത്രണം കൈയിലെടുക്കുകയായിരുന്നു. യൂറോപ്യന്‍മാരുടെ സൈനികമായ ഇടപെടല്‍ കാരണം താരതമ്യേന സമ്പന്നമായ ജീവിതം നയിച്ചിരുന്ന ലിബിയന്‍ ജനത ഇന്നു മിക്കവാറും പട്ടിണിയിലാണ്.
ഐലന്‍ കുര്‍ദിയും പേരറിയാത്ത ആ പിഞ്ചുകുഞ്ഞും യഥാര്‍ഥത്തില്‍ വിരല്‍ ചൂണ്ടുന്നതു പാശ്ചാത്യ രാഷ്ട്രങ്ങളുടെ കാപട്യത്തിലേക്കാണ്. മെഡിറ്ററേനിയനില്‍ മുങ്ങിച്ചാവുന്ന ആയിരങ്ങള്‍ യുഎസും പാശ്ചാത്യ രാഷ്ട്രങ്ങളും നിയന്ത്രിക്കുന്ന ശക്തിരാഷ്ട്രീയത്തിന്റെ ഇരകളാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക