|    Sep 24 Mon, 2018 10:49 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അഭയാര്‍ഥി നിരോധന ഉത്തരവിന് യുഎസ് കോടതിയുടെ ഭാഗിക സ്‌റ്റേ : ട്രംപിന് തിരിച്ചടി

Published : 30th January 2017 | Posted By: fsq

 

വാഷിങ്ടണ്‍: മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാരെ വിലക്കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി ഭാഗികമായി സ്‌റ്റേ ചെയ്തു. രണ്ട് ഇറാഖികള്‍ക്കായി യുഎസ് സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ നല്‍കിയ ഹരജിയിലാണ് സാധുവായ വിസയുമായി രാജ്യത്തെത്തിയവരെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവയ്ക്കുകയും തിരിച്ചയക്കുകയും ചെയ്യുന്ന നടപടി ബ്രൂക്ക്‌ലിന്‍ ഫെഡറല്‍ ജഡ്ജി ആന്‍ ഡോണെല്ലി മരവിപ്പിച്ചത്. ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ എത്തിയ ഇറാഖി പൗരന്‍മാരായ ഹമീദ് ഖാലിദ് ദര്‍വീഷ്, സമീര്‍ അബ്ദുല്‍ഖലീക് അല്‍ഷാ എന്നിവരെ അധികൃതര്‍ തടഞ്ഞതിനെതിരേ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. വിമാനത്താവളങ്ങളില്‍ തടഞ്ഞുവച്ച 200ഓളം പേര്‍ക്ക് കോടതി ഉത്തരവിന്റെ പ്രയോജനം കിട്ടുമെന്നാണ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ പറയുന്നത്. ട്രംപിന് കോടതിയില്‍ നിന്ന് ഏല്‍ക്കുന്ന ആദ്യപ്രഹരമെന്നാണ് ഉത്തരവിനെ യുഎസ് സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ ട്വീറ്റ് ചെയ്തത്. വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അന്യനാട്ടുകാരെ പോലും ഉത്തരവ് വന്നതിനു പിന്നാലെ വിമാനത്താവളങ്ങളില്‍ തടഞ്ഞിരുന്നു. 200ഓളം പേരെ ഇത്തരത്തില്‍ തടഞ്ഞു. സാധുവായ വിസയുണ്ടായിട്ടും ഇവരെ തടഞ്ഞ് ചോദ്യംചെയ്തതിനെതിരേ വിമാനത്താവളങ്ങളില്‍ വന്‍ പ്രതിഷേധവുമുണ്ടായി. അതേസമയം, സിറിയ അടക്കമുള്ള ഏഴു രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ യുഎസില്‍ പ്രവേശിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പ്രാബല്യത്തിലായി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ സിറിയന്‍ അഭയാര്‍ഥികളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ല. ഇറാഖ്, ഇറാന്‍, ലിബിയ, സോമാലിയ, സുദാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നതും നിര്‍ത്തിവച്ചിട്ടുണ്ട്. ട്രംപിന്റെ ഉത്തരവിനെതിരേ അമേരിക്കയിലും ലോകരാജ്യങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മതപരമായ വിവേചനം അമേരിക്കയ്ക്ക് ഏറെ ദോഷകരമാവുമെന്നും വിലയിരുത്തലുണ്ട്.ട്രംപിന്റെ നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കല്‍ പ്രതികരിച്ചു. ഭീകരവാദത്തിനെതിരായ നടപടിയുടെ പേരിലാണെങ്കില്‍ പോലും മതത്തിന്റെയും രാജ്യത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ ലക്ഷ്യംവയ്ക്കുന്നത് ശരിയല്ല. ഇരട്ട പൗരത്വമുള്ളവര്‍ അടക്കമുള്ള ജര്‍മന്‍കാരെ വിലക്ക് എങ്ങനെ ബാധിക്കുമെന്നാണ് ജര്‍മനി പരിശോധിക്കുന്നതെന്നും മെര്‍ക്കലയുടെ മാധ്യമ വക്താവ് സ്റ്റീഫന്‍ സൈബേര്‍ട്ട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ മാസം ആദ്യം യൂറോപ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള മെര്‍ക്കലയുടെ തീരുമാനത്തെ ദാരുണ തീരുമാനമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.അതേസമയം, മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. അഭയാര്‍ഥികളുടെ ജാതിയോ മതമോ വിശ്വാസമോ വംശമോ കണക്കിലെടുക്കാതെ സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണ്. തീവ്രവാദവും യുദ്ധവും കലുഷിതമാക്കിയ ഇടങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് അഭയം നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു. 2015ല്‍ സിറിയന്‍ അഭയാര്‍ഥിപ്പെണ്‍കുട്ടിയെ സ്വീകരിക്കുന്ന ചിത്രത്തിനടിയില്‍ ‘വ്യത്യസ്തത ഞങ്ങളുടെ ശക്തിയാണ്, കാനഡയിലേക്ക് സ്വാഗതം’ എന്ന ഹാഷ് ടാഗിലാണ് അദ്ദേഹം തന്റെ നിലപാട് പോസ്റ്റ് ചെയ്തത്. എന്നാല്‍ ട്രംപിനെതിരേ ട്രൂഡോ പ്രതികരിച്ചിട്ടില്ല. അമേരിക്കയുമായുള്ള സൗഹൃദം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.  ഫ്രാന്‍സും നടപടിയില്‍ ആശങ്ക അറിയിച്ചു. അഭയാര്‍ഥികളെ സ്വാഗതം ചെയ്യേണ്ടത് നമ്മുടെ കടമയാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ് മാര്‍ക് അയ്‌റോള്‍ട് പറഞ്ഞു. ദേശങ്ങള്‍ക്കിടയില്‍ മതിലുകള്‍ നിര്‍മിക്കാനുള്ള സമയമല്ല ഇതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.നടപടി ശരിയല്ലെന്നും ഇതിനെ അനുകൂലിക്കുന്നില്ലെന്നും വ്യക്തമാക്കിയ ബ്രിട്ടിഷ് പ്രധാന മന്ത്രി തെരേസ മെയ്, വിഷയം അമേരിക്കയുടെ ആഭ്യന്തരകാര്യമാണെന്ന് പ്രതികരിച്ചു. ട്രംപിന്റെ നടപടിയെ അപലപിക്കാന്‍ മടിച്ച മെയുടെ നിലപാട് ബ്രിട്ടനില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് ബ്രിട്ടിഷ് പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യത്തിനകത്തും പുറത്തും ഒരുപോലെ പ്രവര്‍ത്തിക്കുമെന്ന് മെയ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss