|    Sep 24 Mon, 2018 11:47 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ പ്രധാനമന്ത്രി

Published : 30th January 2017 | Posted By: fsq

 

ഒട്ടാവോ: ട്രംപ് വിലക്കിയ മുസ്്‌ലിം രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളെ തന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ട്വിറ്റര്‍ പോസ്റ്റ്. ട്രൂഡോയുടെ നടപടിക്ക് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ഏത് മതവിശ്വാസിയാണെങ്കിലും തീവ്രവാദത്തിന്റെയും യുദ്ധത്തിന്റെയും ഇരകളായ അഭയാര്‍ഥികളെ കാനഡ സ്വാഗതം ചെയ്യുന്നു. വ്യത്യസ്തതയാണ് തങ്ങളുടെ ശക്തി എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. നിമിഷങ്ങള്‍ക്കകം ഒന്നര ലക്ഷം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. ട്വീറ്റിനു പിന്നാലെ ട്വിറ്ററില്‍ വെല്‍കം ടു കാനഡ ഹാഷ്ടാഗ് കാംപയിന്‍ പടരുകയാണ്. കനേഡിയന്‍ പൗരന്‍ ആയതില്‍ അഭിമാനം കൊള്ളുന്നുവെന്ന റീട്വീറ്റുകളും ട്രംപിനുള്ള വിമര്‍ശനങ്ങളുമായി കാനഡ പൗരന്‍മാര്‍ രംഗം കൊഴുപ്പിക്കുകയാണ്. അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്ന ട്വീറ്റിനൊപ്പം 2015ല്‍ ടൊറന്റോ വിമാനത്താവളത്തില്‍ സിറിയന്‍ അഭയാര്‍ഥി ബാലികയെ സ്വാഗതം ചെയ്യുന്ന ഫോട്ടോയും ട്രൂഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാല്‍പ്പതിനായിരത്തോളം സിറിയക്കാര്‍ക്ക് കാനഡ അഭയം നല്‍കിയിട്ടുണ്ട്. കാനഡയുടെ കയറ്റുമതിയില്‍ 75 ശതമാനവും യുഎസിലേക്കാണ് എന്നിരിക്കെയാണ് ട്രംപിനെതിരേ ശക്തമായ നിലപാടുമായി ട്രൂഡോ മുന്നോട്ടുവന്നത്. അഭയാര്‍ഥികള്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ടുള്ള വിവാദ ഉത്തരവില്‍ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചത്. ഇറാനിയന്‍ സംവിധായകന് ഓസ്‌കര്‍ ചടങ്ങ് നഷ്ടമാവുംവാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏഴു മുസ്്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചതോടെ ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിക്ക് ഈ വര്‍ഷത്തെ ഓസ്‌കര്‍ വേദി നഷ്ടമാവും. രണ്ട് തവണ ഓസ്‌കര്‍ നോമിനേഷന്‍ നേടിയ സംവിധായകനാണ് ഫര്‍ഹാദി. മികച്ച വിദേശ ഭാഷാ വിഭാഗത്തില്‍ മല്‍സരിക്കുന്ന ഇറാന്‍ ചിത്രം ദ സെയില്‍സ്മാന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ഫര്‍ഹാദിയാണ്. അടുത്ത മാസം 26നാണ് അക്കാദമി പുരസ്‌കാര വിതരണച്ചടങ്ങ് നടക്കുന്നത്.ദ സെയില്‍സ്മാന്റെ അമേരിക്കയിലെ വിതരണക്കാരായ അക്കാദമി ഫോര്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് ആര്‍ട്‌സും സയന്‍സ് ആന്റ് കൊഹെന്‍ മീഡിയ ഗ്രൂപ്പും ഫര്‍ഹാദിക്ക് പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി സര്‍ക്കാരില്‍ അപേക്ഷ നല്‍കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഡോണള്‍ഡ് ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സെയില്‍സ്മാന്‍ ചിത്രത്തിലെ താരമായ തരാനേ അലിദൂസ്തി ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. മികച്ച വിദേശ ഭാഷാ ചിത്രത്തില്‍ അവസാനഘട്ട മത്സരത്തിനു തയ്യാറെടുക്കുന്ന അഞ്ച് ചിത്രങ്ങളില്‍ ഒന്നാണ് ദ സെയില്‍സ്മാന്‍. തെഹ്‌റാനിലെ നാടക അഭിനേതാക്കളായ ദമ്പതികള്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് സിനിമ. ട്രംപിന്റെ നയത്തെ തുടര്‍ന്ന് ഇറാഖി സംവിധായകന്‍ ഹുസൈന്‍ ഹസനും വിസ അപേക്ഷ റദ്ദാക്കിയിട്ടുണ്ട്. ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ എന്ത് സംഭവിക്കുമെന്ന് വ്യക്തതയില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss