|    Jul 21 Sat, 2018 1:06 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അഭയാര്‍ഥികളെ സംരക്ഷിക്കേണ്ട ബാധ്യത ഇന്ത്യക്കുണ്ട് : ആംനസ്റ്റി

Published : 26th September 2017 | Posted By: fsq

 

ലണ്ടന്‍/ ന്യൂല്‍ഡഹി: മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ആക്രമണത്തിനിരയായി ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കു പിന്തുണയുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷനല്‍. ഇന്ത്യയുടെ തീരുമാനം നിയമപരമായും ധാര്‍മികമായും ശരിയല്ലെന്നു ആംനസ്റ്റി ഇന്‍ര്‍നാഷനല്‍ പ്രൊജക്റ്റ് മാനേജര്‍ അരിജിത് സെന്‍ പറഞ്ഞു. അഭയാര്‍ഥികള്‍ക്ക് ആതിഥ്യം നല്‍കേണ്ട ബാധ്യത ഇന്ത്യക്കുണ്ട്. രാജ്യസുരക്ഷയുടെ പേരില്‍ എല്ലാവരെയും ഒരുപോലെ കാണരുത്. അഭയാര്‍ഥികളായി രാജ്യത്തുള്ളവരെ തിരികെ മ്യാന്‍മറിലേക്കയക്കുന്നത്  അവരുടെ ജീവിതം കൂടുതല്‍ അപകടത്തിലാക്കുമെന്നും അരിജിത് സെന്‍ പറഞ്ഞു.റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ സ്റ്റാന്‍ഡ് വിത്ത് റോഹിന്‍ഗ്യന്‍ റെഫ്യൂജീസ് എന്നപേരില്‍ ഓണ്‍ലൈന്‍ പ്രചാരണവും ആനംസ്റ്റി ആരംഭിച്ചിട്ടുണ്ട്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ചാണ് കേന്ദ്രസര്‍ക്കാര്‍ 40,000ഓളം വരുന്ന ഇവരെ തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.  ഈ തീരുമാനത്തിനെതിരേയാണ് ആനംസ്റ്റി രംഗത്തെത്തിയത്. അതേസമയം, തങ്ങള്‍ മുസ്‌ലിംകളായതിനാലാണ് ഇന്ത്യയില്‍ വേട്ടയാടപ്പെടുന്നതെന്ന് അഭയാര്‍ഥികള്‍ വെളിപ്പെടുത്തിയതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. രാജ്യത്തേക്ക് ഹിന്ദുവാണ് എത്തുന്നതെങ്കില്‍ ദീര്‍ഘ കാല വിസയും മറ്റും നല്‍കി ഇന്ത്യ അവര്‍ക്കു പിന്തുണ നല്‍കും. എന്നാല്‍, മറ്റുള്ളവരോട് അങ്ങനെയല്ല സര്‍ക്കാര്‍ നിലപാടെന്നും അഭയാര്‍ഥികളിലൊരാളായ മുഹമ്മദ് ഹാറൂണ്‍ വ്യക്തമാക്കിയെന്നും റിപോര്‍ട്ട് പറയുന്നു. വിഷയത്തില്‍ അഭിപ്രായമറിയാന്‍ ഭരണകക്ഷിയുടെ  ഓഫിസില്‍ എത്തിയെങ്കിലും അഭയാര്‍ഥി പ്രശ്‌നത്തെ ക്കുറിച്ചു സംസാരിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് അല്‍ജസീറ റിപോര്‍ട്ടില്‍ വ്യക്തമാക്കി. ഈ മാസമാദ്യം മ്യാന്‍മര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി റോഹിന്‍ഗ്യകള്‍ക്കെതിരേ നടത്തുന്ന അക്രമങ്ങളെക്കുറിച്ച് നിശ്ശബ്ദത പാലിച്ചത് ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss