|    Jan 18 Wed, 2017 5:11 am
FLASH NEWS

അഭയാര്‍ത്ഥികള്‍: യൂറോപ് വിയര്‍ക്കുന്നു

Published : 12th October 2015 | Posted By: G.A.G

മുഹമ്മദ് റാഫി


ജീവന്‍ നില നിര്‍ത്താന്‍ വേണ്ടി സ്വന്തം ജന്മദേശം വിട്ട് യൂറോപ്പിലേക്ക് പ്രവേശിക്കുന്നവരുടെ സ്ഥിതി ഏറെ പരിതാപകരമാണ്. കഴിഞ്ഞ ദിവസം ഹംഗറിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന സംഭവങ്ങള്‍ നമ്മെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. ഹംഗറിയുടെയും സെര്‍ബിയയുടെയും അതിര്‍ത്തിക്ക് സമീപമുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ വേലി കെട്ടി തിരിച്ചതിനകത്ത് ജനങ്ങളെ നിര്‍ത്തിയിരിക്കുന്നു. അവിടെനിന്ന് ഹെല്‍മെറ്റും മാസ്‌കും ധരിച്ച പോലീസുകാര്‍ ഭക്ഷണപ്പൊതി വലിച്ചെറിയുന്ന ഒരു രംഗമാണ് നാം കണ്ടത്. ഇതിനെ ഓസ്ട്രിയന്‍ സന്നദ്ധ പ്രവര്‍ത്തക മിഖായേല വിശേഷിപ്പിച്ചത് ഗ്വാണ്ടനാമോ ജയിലിനോടാണ്. തൊഴുത്തിലെ പോത്തുകളോട് പെരുമാറുംപോലെയാണ് ഹംഗറി അഭയാര്‍ത്ഥികളോട് പെരുമാറുന്നത്. സിറിയയില്‍നിന്നും ലിബിയയില്‍ നിന്നും ജര്‍മനിയും ആസ്ട്രിയയും ലക്ഷ്യം വെച്ച് കടന്ന് പോവുന്ന അഭയാര്‍ത്ഥികള്‍ വര്‍ദ്ധിച്ചതോടെയാണ് ഹംഗറി കടുത്ത നിലപാടിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്. അഭയാര്‍ത്ഥികളുടെ പ്രധാന ഇടത്താവളമാണ് ഹംഗറി. അതിര്‍ത്തി ലംഘിച്ച് രാജ്യത്തേക്ക് കടക്കുന്നവരെ ജയിലിലടക്കുമെന്ന പ്രധാനമന്ത്രി വിക്ടടര്‍ ഓര്‍സല്‍ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല, അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്ന 175 കിലോമീറ്റര്‍ പരിധിയില്‍ ഹംഗറി മുള്‍കമ്പി വേലി തീര്‍ത്തിരിക്കുന്നു. ആ രാജ്യം തീര്‍ത്തും നീചമായ പ്രകടനങ്ങളാണ് കാഴ്ച്ച വെച്ച് കൊണ്ടിരിക്കുന്നത്.ഇതിനുമുമ്പും ഹംഗറി ഇത്തരം നിലപാടുകള്‍ അനുവര്‍ത്തിച്ചിരുന്നു. ഹംഗറിയിലെ ക്യാമ്പിലെ അവസ്ഥയെ കുറിച്ച് ഐക്യരാഷ്ട്രസഭ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുമ്പ് കമ്പിവേലി തീര്‍ത്തതുപോലെ മസെഡോണിയയിലും വേലി തീര്‍ക്കാനാണ് ഇപ്പോള്‍ അവരുടെ തീരുമാനം. ആഭ്യന്തര യുദ്ധവും പട്ടിണിയും രൂക്ഷമായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍നിന്നും എത്തിയ അഭയാര്‍ത്ഥികള്‍ ഓരോ ദിവസവും അനുഭവിക്കുന്ന ദുരന്തങ്ങള്‍ ലോകത്തിന്റെ ശ്രദ്ധയില്‍ പെടാതെ ഇനിയും ധാരാളമുണ്ട്.ഇതുവരെ ഒന്നര ലക്ഷം പേര്‍ അതിര്‍ത്തി മുറിച്ച് കടന്നു. നാല്‍പ്പതിനായിരം അഭയാര്‍ത്ഥികള്‍ ഇനിയും അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ട്താനും. ഓസ്ട്രിയന്‍ ട്രക്കില്‍ അഭയാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തിയ ദിവസം മെഡിറ്ററേനിയന്‍ കടലില്‍ ഇറ്റാലിയന്‍ സേന ഊര്‍ജ്ജിത രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. ലിബിയയില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇരുന്നൂറോളം പേരാണ് അന്ന് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചത്. കടല്‍ കടന്ന് യൂറോപ്പിലെത്താനുള്ള ശ്രമത്തിനിടെ ആയിരങ്ങളാണ് മുങ്ങി മരിക്കുന്നത്. 2014-ല്‍ മാത്രം മുവ്വായിരത്തോളം പേരാണ് കടലില്‍ മുങ്ങിമരിച്ചത്. അന്താരാഷ്ട്ര അഭയാര്‍ത്ഥി സംഘടന ഐ.ഒ.എം.യുടെ കണക്ക് പ്രകാരം ഈ വര്‍ഷം മാത്രം രണ്ട് ലക്ഷം പേരാണ് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലെത്തിയിട്ടുള്ളത്. ഇതില്‍ പകുതിയോളം സിറിയയില്‍നിന്നും ലിബിയയില്‍നിന്നുമാണ്. അഫ്ഗാനിസ്താന്‍, സോമാലിയ, എറിത്രിയ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നാണ് ബാക്കിയുള്ളവര്‍. ഇവര്‍ക്കായി 7,120 കോടി രൂപയാണ് അധിക ചെലവായി ഓരോ രാജ്യങ്ങളും വഹിക്കേണ്ടിവരിക. സിറിയ, ലിബിയ, ഇറാഖ്, അഫ്ഗാനിസ്താന്‍, സോമാലിയ എന്നീ രാജ്യങ്ങളില്‍നിന്ന് ആഭ്യന്തര കലാപങ്ങളും ദാരിദ്രവും വേട്ടയാടിയ കാരണത്താല്‍ ജനങ്ങള്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. 2011-ല്‍ ഇറ്റാലിയയിലെ ലാം പെഡുസ ദ്വീപ് തുനീഷ്യന്‍ അഭയാര്‍ത്ഥികളെക്കൊണ്ട് പൊറുതി മുട്ടിയിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് തുനീഷ്യക്കാരെ ഈ നിലയിലേക്ക് നയിച്ചത്. അഭയാര്‍ത്ഥി പ്രശ്‌നം സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ ഓര്‍ത്ത് പല രാജ്യങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍നിന്നും പിന്മാറിത്തുടങ്ങി. ഹംഗറി, ഹോളണ്ട്, ചെക്ക് റിപ്ലബിക്ക്, സ്‌ലോവാക്യ എന്നീ രാജ്യങ്ങള്‍ അതില്‍പെടും. ഇരുപത്തിയെട്ട് അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ 1,20,000 അഭയാര്‍ത്ഥികളെക്കൂടി യൂറോപ്പ് വീതിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പലരും അതിനെ നിരസിക്കുകയായിരുന്നു. വംശീയ പ്രതികാരങ്ങള്‍ തലക്ക് പിടിച്ച പലരും ഈ പാവം അഭയാര്‍ത്ഥികളെ ദ്രോഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജര്‍മനിയിലെ ഹൈഡല്‍ നവിലെ ജനങ്ങള്‍ നടത്തിയ മര്‍ദ്ദനങ്ങള്‍ ആരെയും അമ്പരപ്പിക്കുംവിധമുള്ളതായിരുന്നു. ബെര്‍ലിനില്‍ ട്രെയിന്‍ യാത്രക്കാരായ അഭയാര്‍ത്ഥികള്‍ക്കെതിരെ നാസികള്‍ നടത്തിയ മൂത്രാഭിഷേകം ജര്‍മനിയെ അക്ഷരാര്‍ത്ഥത്തില്‍ നാണം കെടുത്തി. സംഘര്‍ഷങ്ങളും അതിക്രമങ്ങളും നേരിടുന്ന രാജ്യങ്ങളില്‍നിന്ന് പലായനം ചെയ്യുന്ന 70,000 പേര്‍ക്ക് അമേരിക്ക പ്രതിവര്‍ഷം അഭയം നല്‍കുന്നു. എന്നാല്‍ സിറിയയെ അമേരിക്ക പരിഗണിക്കാത്തതില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിഷേധിച്ചു. ഇപ്പോള്‍ ആയിരത്തിയഞ്ഞൂറില്‍ കൂടുതല്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ അമേരിക്കയിലുണ്ട്. ഇനി പതിനായിരം പേരെ കൂടി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനം പുറംലോകം കേട്ടതാണ്. 2016-നോടെ 65,000 സിറിയന്‍ അഭയാര്‍ത്ഥികളെ അമേരിക്ക ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് 62,000 അമേരിക്കന്‍ പൗരന്മാര്‍ ബറാക് ഒബാമക്ക് നിവേദനം നല്‍കിയിരുന്നു. 2011-ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതു മുതല്‍ ഇതുവരെ ആയിരത്തിയഞ്ഞൂറ് സിറിയന്‍ അഭയാര്‍ത്ഥികള്‍ അമേരിക്കയില്‍ അഭയം പ്രാപിച്ചിട്ടുണ്ട്.യൂറോപിനോട് ഐക്യ രാഷ്ട്ര സഭ അനുഭാവപൂര്‍വ്വം പെരുമാറിക്കൊണ്ടിരിക്കുന്നു. 1.6 ലക്ഷം അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള യൂറോപ്പിന്റെ ഉദാരതയെ യു.എന്‍.ഒ. പ്രശംസിക്കുകയുണ്ടായി. 2016 അവസാനത്തോടെ ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളില്‍ വന്നിറങ്ങിയിട്ടുള്ള രണ്ട് ലക്ഷത്തോളം അഭയാര്‍ത്ഥികളെ വിവിധ യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് മാറ്റാനുള്ള സഹായ വാഗ്ദാനവും ഇവര്‍ നല്‍കിക്കഴിഞ്ഞു. അഭയാര്‍ത്ഥികള്‍ക്കായുള്ള 300 റെഡിമെയ്ഡ് കൂടാരങ്ങള്‍ ഹംഗറിക്ക് സമ്മാനമായി നല്‍കി. അഭയാര്‍ത്ഥികളുടെ ഒഴുക്കിനിടയിലൂടെ സിറിയയില്‍ ആഭ്യന്തരകലാപം അഴിച്ച് വിടുന്ന ഐ.എസ്. ത്രീവവാദികളില്‍നിന്ന് നാലായിരത്തോളം പേര്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടന്നിട്ടുണ്ട്. വന്‍ രാഷ്ട്രങ്ങളെ തങ്ങളുടെ കീഴിലാക്കുകയെന്നത് അവരുടെ വലിയ സ്വപ്‌നമാണല്ലോ. ഈ പ്രശ്‌നങ്ങളുടെയെല്ലാം പ്രധാന ഉത്തരവാദികള്‍ യൂറോപ്പുകാരും അമേരിക്കക്കാരുംതന്നെയാണ്. ലിബിയയിലും മറ്റും ഏകാധിപതികള്‍ പുറത്ത് പോയപ്പോള്‍ ജനാധിപത്യ ഭരണകൂടത്തെ ലോകം പ്രതീക്ഷിച്ചുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ, അവിടെ വന്ന് കയറിയത് അരാചക വാദികളായിരുന്നു. കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയെ പുറത്താക്കിയവര്‍ തോന്നിയത്‌പോലെ ലിബിയയില്‍ ഭരണം നടത്തുകയാണ്. അതിനു പുറമെ വ്യത്യസ്ത സംഘടനകള്‍ക്കിടയില്‍ നടക്കുന്ന കലാപങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍, സ്‌ഫോടനപരമ്പരകള്‍ എന്നിവ അതിര്‍ത്തികള്‍ ഭേദിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കി.സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദ് നടത്തുന്നത് തികച്ചും ഏകാധിപത്യ ഭരണമാണ്. പ്രക്ഷോഭകര്‍ക്ക് ആയുധങ്ങള്‍ നല്‍കി ഒരു ആഭ്യന്തര കലാപം സൃഷ്ടിക്കാനായിരുന്നു യൂറോപ്പിന്റെ ശ്രമം. ആ ശ്രമത്തിന്റെ ഫലമായി ഇന്നവര്‍ക്ക് അഭയാര്‍ത്ഥികളെ കിട്ടി. അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും തകര്‍ത്തതിന്റെ ഫലമായി പത്ത് വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലാപംകൊണ്ട് അഭയാര്‍ത്ഥികളെയല്ലാതെ മറ്റൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനെല്ലാം ഉത്തരവാദികള്‍ യൂറോപ്യര്‍ തന്നെയാണ്.അഭയാര്‍ത്ഥി പ്രശ്‌നം നിലനില്‍ക്കുമ്പോഴും സമ്പന്ന അയല്‍ രാഷ്ട്രങ്ങളായ സൗദി, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ മുഖം തിരിച്ച് നില്‍ക്കുകയാണ്. ഫലസ്തീനോട് അനുവര്‍ത്തിച്ച നിലപാടാണ് അവര്‍ സിറിയയോടും അനുവര്‍ത്തിക്കുന്നത്. ജൂതന്മാര്‍ക്ക് പകരം ക്രിസ്ത്യാനികളാണ് ഇവിടെ വില്ലന്മാര്‍ എന്ന് മാത്രം. ബ്രിട്ടീഷുകാരുടെ തോന്നിവാസങ്ങള്‍ അന്ന് അറബ് രാഷ്ട്രങ്ങള്‍ അനുവദിക്കില്ലായിരുന്നെങ്കില്‍ ഇന്ന് ഇസ്രാഈല്‍ രാഷ്ട്രം നിലനില്‍ക്കുമായിരുന്നില്ല.ഇനിയുണ്ടാകാന്‍ പോകുന്നത് ഈ അഭയാര്‍ത്ഥികളെ ക്രിസ്ത്രീയവത്കരിക്കുക എന്നതാണ്. ഈ പ്രതിസന്ധിയില്‍നിന്നും അഭയാര്‍ത്ഥികളെ രക്ഷിക്കല്‍ മുസ്‌ലിം രാജ്യങ്ങളുടെ ഉത്തരവാദിത്തമാണ്. ഹംഗറിയും മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളും നായകളെപ്പോലെയാണ് അഭയാര്‍ത്ഥികളോട് പെരുമാറുന്നത്. തെരുവുനായകളുടെ ആധിക്യം ആരെയും വിയര്‍പ്പിക്കും. ഇതുവരെ യൂറോപ്പ് വിയര്‍ത്തത് ഒന്നുമായിട്ടില്ല. ഇനി വിയര്‍ക്കാനിരിക്കുന്നതേയുള്ളൂ…

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 223 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക